സഭാ വാർത്തകൾ – 23.07.23

 സഭാ വാർത്തകൾ – 23.07.23

സഭാ വാർത്തകൾ – 23.07.23

 

 

 

 

 

വത്തിക്കാൻവാർത്തകൾ

കൊച്ചുമക്കൾക്കിടയിൽ മുത്തച്ഛനെ പോലെ ഫ്രാൻസിസ് പാപ്പാ.

വത്തിക്കാൻ  : വത്തിക്കാനിലെ വേനൽക്കാല വിശ്വാസ പരിശീലനകളരിയിൽ കുട്ടികളുമായി ജൂലൈ മാസം പതിനെട്ടാം തീയതി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തുകയും അവരുടെ നിരവധിയായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു.

ചോദ്യങ്ങൾ ചോദിക്കുവാൻ പാപ്പാ തന്നെ കുട്ടികളെ പ്രോത്സാഹിപ്പിച്ചപ്പോൾ, എദോവാർദോ എന്ന കുട്ടി, മാതാപിതാക്കൾക്ക് ഞങ്ങൾ എന്താണ് നൽകേണ്ടത്? എന്ന ചോദ്യം പാപ്പായോട് ചോദിച്ചു. അതിനു മറുപടിയായി, നമ്മെ വളർത്തിയെടുക്കുന്നതിൽ മാതാപിതാക്കൾ എടുക്കുന്ന കഷ്ടപ്പാടുകൾക്ക് ആവർത്തിച്ചു നന്ദി പറയുവാൻ പാപ്പാ ആഹ്വാനം ചെയ്തു. തുടർന്ന് തന്റെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയ മുത്തശീമുത്തച്ഛന്മാരുടെ അഗാധമായ ജ്ഞാനവും, അനുഭവ സമ്പത്തും  പാപ്പാ ഓർമ്മിപ്പിച്ചു.

ഏറെ സമയം കുട്ടികളുടെ കൂടെ ചിലവഴിച്ച പാപ്പാ, സാഹോദര്യ സ്നേഹത്തിന്റെ ആവശ്യകതയും, പരസ്പര ബഹുമാനത്തിന്റെയും, മൂല്യാധിഷ്ഠിത ജീവിതത്തിന്റെയും, സംഭാഷണങ്ങളുടെയും പ്രാധാന്യവും എടുത്തു പറഞ്ഞു. കൂടിക്കാഴ്ചയ്ക്കിടയിൽ ‘തങ്ങളുടെ ഹീറോ’ എന്നെഴുതിയ  കാർഡ്ബോർഡിൽ ഉണ്ടാക്കിയ ഒരു മെഡൽ പാപ്പായെ അണിയിച്ചതും ഏറെ ഹൃദയ സ്പർശിയായ കാഴ്ചയായിരുന്നു.

 

അതിരൂപത വാർത്തകൾ

 

 

 

മോണ്‍. ഇമ്മാനുവേല്‍ ലോപ്പസ് ഇനി ദൈവദാസരുടെ

ഗണത്തില്‍ :  നാമകരണനടപടികൾക്ക് തുടക്കമായി.

 

 

കൊച്ചി: 2023 ജൂലൈ 19, ബുധൻ, വൈകിട്ട് 4ന്  മോൺ.ഇമ്മാനുവൽ ലോപ്പസിന്റെ ദൈവദാസപ്രഖ്യാപന ചടങ്ങുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിൽ നിന്നും വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ദീപശിഖ ചാത്യാത്ത് പള്ളി വികാരിക്ക് നൽകി. തുടർന്ന് ദീപശിഖാ പ്രയാണം ആരംഭിച്ചു. എറണാകുളം ഇൻഫന്റ് ജീസസ് പള്ളിയിൽ നിന്നും മോൺ. ഇമ്മാനുവൽ ലോപ്പസിന്റെ ഛായാചിത്ര പ്രയാണവും ഇതിനോട് കൂടിച്ചേർന്നു. എറണാകുളം ക്യുൻസ് വാക്ക് വേയിൽ വച്ച് ചാത്യാത് ഇടവകാംഗങ്ങൾ പ്രയാണങ്ങളെ സ്വീകരിച്ചു.തുടർന്ന് മോൺ. ഇമ്മാനുവൽ ലോപ്പസിന്റെ മാതൃ ദേവാലയമായ ചാത്യാത് മൗണ്ട് കാർമൽ ദേവാലയങ്കണത്തിൽ വച്ച് വരാപ്പുഴ അതിരൂപത വികാർ ജനറൽമാർ ദീപശിഖയും ഛായാചിത്രവും സ്വീകരിച്ചു. തുടർന്ന് നടത്തപ്പെട്ട പരിശുദ്ധ ദിവ്യബലിയിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യ കാർമ്മികനായി. ദിവ്യബലിയുടെ മദ്ധ്യേ മോൺ. ഇമ്മാനുവൽ ലോപ്പസിനെ ദൈവദാസ പദവിയിലേക്ക് ഉയർത്തികൊണ്ടുള്ള പേപ്പൽ അനുമതി ലത്തീനിൽ വരാപ്പുഴ അതിരൂപത ചാൻസലർ ഫാ.എബിജിൻ അറക്കൽ വായിച്ചു. തുടർന്ന് വരാപ്പുഴ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.ജോസഫ് കളത്തിപ്പറമ്പിൽ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു.

 

 

 

 

സാധാരണ ജനസമൂഹത്തിന് എന്നും സമീപസ്ഥനായിരുന്ന

ജനകീയ മുഖ്യമന്ത്രിയായിരുന്നു ശ്രീ. ഉമ്മൻചാണ്ടി :

ആർച്ച്ബിപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ.

 

 

കൊച്ചി : ഏതു പ്രതിസന്ധി കാലഘട്ടത്തിലും അക്ഷോഭ്യനായി കാണാൻ കഴിഞ്ഞിരുന്ന അദ്ദേഹത്തിൻറെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണ്. പ്രതികരണങ്ങളെയും പ്രതിഷേധങ്ങളെയും സഹിഷ്ണുതയോടു കൂടി കണ്ടിരുന്ന അദ്ദേഹം അധികാര രാഷ്ട്രീയത്തിന്റെ ജനകീയ മുഖമായിരുന്നു. തികഞ്ഞ ഈശ്വര വിശ്വാസിയായിരുന്ന, കത്തോലിക്കാ സഭയുമായി നല്ല ബന്ധം പുലർത്തിയിരുന്ന ശ്രീ ഉമ്മൻചാണ്ടിയുടെ വിയോഗം കേരള സമൂഹത്തിന് വലിയ നഷ്ടമാണ് എന്നും ആർച്ച്ബിഷപ്പ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

 

admin

Leave a Reply

Your email address will not be published. Required fields are marked *