ക്ലീൻ കൊച്ചി പദ്ധതിക്ക് തുടക്കം കുറിച്ച് വരാപ്പുഴ അതിരൂപത കുടുംബയൂണിറ്റുകൾ
ക്ലീൻ കൊച്ചി പദ്ധതിക്ക് തുടക്കം കുറിച്ച്
വരാപ്പുഴ അതിരൂപത
കുടുംബയൂണിറ്റുകൾ.
വലിച്ചെറിയൽ സംസ്കാരം ഉപേക്ഷിക്കണമെന്ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ.
കൊച്ചി : വരാപ്പുഴ അതിരൂപത കുടുംബ യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ക്ലീൻ കൊച്ചി പ്രോഗ്രാം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. തിരക്കുനിറഞ്ഞ ഇന്നത്തെ കാലഘട്ടത്തിൽ മാലിന്യ സംസ്കരണത്തിന് താല്പര്യം കാട്ടാതെ അവശിഷ്ടങ്ങൾ വലിച്ചെറിയുന്ന സംസ്കാരം നാം പാടെ ഉപേക്ഷിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ആർച്ച് ബിഷപ്പ് പറഞ്ഞു. കൊച്ചി മേയർ അഡ്വ.എം അനിൽകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു.കൊച്ചി നഗരസഭ നടത്തുന്ന എല്ലാ മാലിന്യ സംസ്കരണ ശുചീകരണ പരിപാടികളിലും വിലയേറിയ സംഭാവനകളേകുന്ന വരാപ്പുഴ അതിരൂപതയെ പ്രത്യേകമായി അദ്ദേഹം പ്രശംസിച്ചു. മുൻ മേയർ ശ്രീ. ടോണി ചമ്മിണി മുഖ്യ സന്ദേശം നൽകി. കൗൺസിലർമാരായ ശ്രീ ഹെൻട്രി ഓസ്റ്റിൻ ,ശ്രീ മനു ജേക്കബ്, ശ്രീമതി മിനി ദിലീപ് വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ .മാത്യു ഇലഞ്ഞിമിറ്റം, ബിസിസി ഡയറക്ടർ ഫാ. യേശുദാസ് പഴമ്പള്ളി, ബിസിസി അതിരൂപത തല കോഡിനേറ്റർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. യോഗാനന്തരം മെത്രാസന മന്ദിരത്തിൽ അഭിവന്ദ്യ മെത്രാപ്പോലീത്ത വൃക്ഷത്തൈ നട്ടു. തുടർന്ന് അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്ന് വന്ന 500 ഓളം വാളണ്ടിയർമാരുടെ നേതൃത്വത്തിൽ കൊച്ചി മറൈൻഡ്രൈവ്, ഹൈക്കോർട്ട് പരിസരങ്ങൾ വൃത്തിയാക്കി. ക്ലീൻ കൊച്ചി പരിപാടികൾക്ക് കൺവീനർ ജോബി തോമസ്, ബൈജുആൻറണി, നവീൻ വർഗീസ് എന്നിവർ നേതൃത്വം നൽകി.