സഭാവാര്‍ത്തകള്‍ – 29.10. 23
സഭാവാര്‍ത്തകള്‍ – 29.10. 23
വത്തിക്കാൻ വാർത്തകൾ
സിനഡ് പ്രവർത്തനങ്ങൾ സംബന്ധിച്ച് ലേഖനമൊരുക്കുമെന്ന് മെത്രാന്മാരുടെ സിനഡ്.
വത്തിക്കാന്‍ സിറ്റി : ഒക്ടോബർ നാലിന് ആരംഭിച്ച സിനൊഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ പതിനാറാമത് പൊതുസമ്മേളനത്തിന്റെ വിവിധ യോഗങ്ങൾ തുടരവെ, സിനഡിന്റെ പ്രവർത്തനങ്ങൾ, അതിൽ പങ്കെടുത്തവരുടെ അനുഭവങ്ങൾ തുടങ്ങി, സിനഡിനെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഒരു സന്ദേശലേഖനം സിനഡ് സംബന്ധിച്ച കാര്യങ്ങൾ അറിയാത്ത ദൈവജനത്തിനായി പുറത്തിറക്കുമെന്ന് സിനഡ് വാർത്താവിനിമയകമ്മീഷൻ പ്രെസിഡന്റ് പൗളോ റുഫീനി പറഞ്ഞു. പാപ്പായുടെ അനുമതിയോടെ ഇത്തരമൊരു ലേഖനം സംബന്ധിച്ച നിർദ്ദേശം മുന്നോട്ടുവച്ചതിനെ സിനഡിലെ 346 പേരിൽ 335 പേരും അനുകൂലിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതിരൂപത വാർത്തകൾ
ആർച്ച്ബിഷപ്പ് ബെച്ചിനെല്ലിയുടെ സേവനങ്ങൾ അതുല്യം:
ഡോ.ശശി തരൂർ എം പി.
കൊച്ചി: ദൈവത്തെയും മനുഷ്യനെയും ഒരുപോലെ സ്നേഹിക്കാൻ പഠിപ്പിച്ച മഹാമിഷനറിയായിരുന്നു ആർച്ച്ബിഷപ് ബെർണദിൻ ബെച്ചിനെല്ലി എന്ന് ഡോ.ശശി തരൂർ എംപി അഭിപ്രായപ്പെട്ടു.
വരാപ്പുഴ അതിരൂപത കെ.സി.വൈ.എം സംഘടിപ്പിച്ച ആർച്ബിഷപ് ബെർണദിൻ ബെച്ചിനെല്ലി മെമ്മോറിയൽ പള്ളിക്കൂടം ക്വിസ് മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാണിരുന്ന കാലത്ത് ജാതിമതഭേദമന്യേ എല്ലാവർക്കും തുല്യമായ വിദ്യാഭ്യാസം നൽകിയ അദ്ദേഹത്തിന്റെ ക്രാന്തദർശനങ്ങൾ വിസ്മരിക്കാനാവാത്തതാണ്. ഓരോ പള്ളിയോടൊപ്പവും പള്ളിക്കൂടങ്ങൾ നിർമ്മിക്കാൻ 1857 ൽ ആഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം പുറപ്പെടുവിച്ച കൽപ്പന കേരളത്തിന്റെ നവോത്ഥാനരംഗത്ത് നാഴികക്കല്ലായി മാറി. ചരിത്രബോധമുള്ള തലമുറയാണ് ഇന്ന് നാടിന് ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മരടിൽ തെളിഞ്ഞത് മതസൗഹാർദ ദീപം.
കൊച്ചി: നവംബർ 3, 4 തീയതികളിൽ നടക്കുന്ന ദൈവദാസൻ ജോർജ് വാകയിലച്ചന്റെ 92-ാം സ്മരണാഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്ന നേർച്ചപ്പായസത്തിന്റെ അടുപ്പിൽ തെളിഞ്ഞത് മത സൗഹാർദത്തിന്റെ ദീപം. മരട് സുബ്രഹ്മണ്യ ക്ഷേത്രം മേൽശാന്തി ടി.കെ. അജയൻ, മരട് ജുമാ മസ്ജിദ് ഇമാം ഹസൻ മുസലിയാർ, മരട് വിശുദ്ധ ജാനാ പള്ളി വികാരി ഫാ. സേവി ആന്റണി എന്നിവർ ചേർന്നാണ് തീ തെളിയിച്ചത്.
വാകയിലച്ചന്റെ ജന്മനാടായ കൂനമ്മാവിലെ സെന്റ് ഫിലോമിന പള്ളിയിൽ നിന്നു മോൺ. സെബാസ്റ്റ്യൻ ലൂയിസ് തെളിച്ച തിരിയാണ് സ്മരണാഘോഷ് കമ്മിറ്റി ജനറൽ കൺവീനർ സുജിത്ത് ഇലഞ്ഞിമിറ്റത്തിന്റെ നേതൃത്വത്തിൽ വിവിധ പള്ളികളിൽ സ്വീകരണം ഏറ്റുവാങ്ങി മരടിൽ എത്തിച്ചേർന്നത്.
.
കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ എറണാകുളം PSC റീജണല്‍ സെന്ററിന് മുമ്പില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
കൊച്ചി: ഓരോ പള്ളിക്കൊപ്പം ഓരോ സ്കൂള്‍ എന്ന കല്‍പ്പന പുറപ്പെടുവിച്ചുകൊണ്ട് നവ വിദ്യാഭ്യാസ സമ്പ്രദായത്തിന് തുടക്കം കുറിച്ച വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ബര്‍ണാഡീന്‍ ബെച്ചനെല്ലിയെ വിസ്മരിച്ച് തെറ്റായ ഉത്തരം പരീക്ഷ പേപ്പറില്‍ ഉള്‍പ്പെടുത്തിയ പി എസ് സി നടപടിയില്‍ പ്രതിഷേധിച്ച്
കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ എറണാകുളം PSC റീജണല്‍ സെന്ററിന് മുമ്പില്‍ (26/10/2023) വൈകിട്ട് 4.30 ന് പ്രതിഷേധ സംഗമം കെ.എല്‍.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷെറി ജെ തോമസ് ഉദ്ഘാടനം ചെയ്തു.