സഭാവാര്‍ത്തകള്‍ – 19.11. 23
സഭാവാര്‍ത്തകള്‍ – 19.11. 23
വത്തിക്കാൻ വാർത്തകൾ
2025 ജൂബിലി വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി 2024 പ്രാര്‍ത്ഥനയുടെ വര്‍ഷമായി ആചരിക്കണം എന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പാ*
വത്തിക്കാൻ : 2025 ജൂബിലി വര്‍ഷമായാണ് സഭ ആചരിക്കുന്നത്. ഓരോ 25 വര്‍ഷം കൂടുമ്പോഴും ജൂബിലി വര്‍ഷം ആചരിക്കുന്ന ഒരു പതിവ് സഭയിലുണ്ട്. ‘പ്രത്യാശയുടെ തീര്‍ത്ഥാടകന്‍’ എന്ന ആപ്തവാക്യവുമായി ആചരിക്കപ്പെടുന്ന 2025 ലെ ജൂബിലി വര്‍ഷത്തിനായി 2024 പ്രാര്‍ത്ഥനാവര്‍ഷമായി ആചരിക്കമണമെന്ന് പാപ്പാ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു. ദൈവാലയങ്ങളുടെ റെക്ടര്‍മാരുമായുളള കൂടിക്കാഴ്ചയിലായിരുന്നു പാപ്പയുടെ ഈ വെളിപ്പെടുത്തല്‍. പ്രാര്‍ത്ഥന വര്‍ഷത്തിന്റെ മാര്‍ഗരേഖ ഉടനെ തന്നെ പ്രസിദ്ധീകരിക്കുമെന്നും പാപ്പാ അറിയിച്ചു. പ്രസ്തുത മാര്‍ഗ്ഗരേഖ ക്രിസ്തുവിന്റെ ഹൃദയത്തിന് ഇണങ്ങുന്ന രീതിയില്‍ പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികളെ സഹായിക്കുമെന്നും പാപ്പ എടുത്തുപറഞ്ഞു.
അതിരൂപത വാർത്തകൾ
വരാപ്പുഴ അതിരൂപത ഫോര്‍മിസ് മീറ്റ് – 2023 ആചരിച്ചു.
കൊച്ചി : സിനഡാലിറ്റിയുടെയും അതിരൂപതാ കുടുംബ വിശുദ്ധീകരണ വര്‍ഷവും സമന്വയിപ്പിച്ചു കൊണ്ട് അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്ന 15 സന്യാസഭവനങ്ങളില്‍ നിന്നുമായി 130 ഓളം സന്യാസാര്‍ത്ഥികള്‍ പങ്കെടുത്ത സംഗമം അതിരൂപതാ മെത്രസനമന്ദിരത്തില്‍ (16.11.23) 16-ാം തിയതി വ്യാഴാഴ്്ച ഉച്ചയ്ക്ക് 1.30 ന് ആരംഭിച്ചു. വെരി. റവ. മോണ്‍. മാത്യൂ ഇലഞ്ഞിമിറ്റം സ്വാഗതം ആശംസിച്ചു. വരാപ്പുഴ അതിരൂപത മെത്രാപോലീത്ത അഭിവന്ദ്യ ഡോ.ജോസഫ് കളത്തിപറമ്പില്‍ അദ്ധ്യക്ഷം വഹിച്ച സംഗമത്തിന് പിതാവ് അനുഗ്രഹപ്രഭാഷണവും നല്കി. . KCBC യുത്ത് കമ്മീഷന്‍ സെക്രട്ടറി റവ.ഫാ. സ്റ്റീഫന്‍ ചേലക്കര സെമിനാര്‍ നയിച്ചു.
ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കുക – വരാപ്പുഴ അതിരൂപത വൈദിക സമിതി.
കൊച്ചി : ക്രൈസ്തവ സമൂഹത്തിന്റെ വിവിധ തലങ്ങളിലെ പിന്നോക്കാവസ്ഥയെ കുറിച്ച് സമഗ്രമായി പഠിക്കുകയും പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിനോടുള്ള സര്‍ക്കാരിന്റെ അവഗണനയിലും മെല്ലെ പോക്കിലും വരാപ്പുഴ അതിരൂപതാ വൈദിക സമിതി ശക്തിയായി പ്രതിഷേധിച്ചു. ക്രൈസ്തവര്‍ പതിറ്റാണ്ടുകളായി നേരിടുന്ന നീതി നിഷേധവും അവഗണനയും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ കേന്ദ്രങ്ങളില്‍ സിറ്റിംഗ് നടത്തി സര്‍ക്കാരിന് സമര്‍പ്പിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍ മേല്‍ വിവിധ വകുപ്പുകളില്‍ നിന്ന് ശുപാര്‍ശകള്‍ ക്ഷണിച്ചുവെങ്കിലും നടപടികള്‍ ത്വരിതപ്പെടുത്തിയിട്ടില്ല. റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ഇപ്പോഴും പുറത്തു വിട്ടിട്ടില്ല. റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്ന ശുപാര്‍ശകള്‍ ഗുണഭോക്താക്കളുമായി ചര്‍ച്ച ചെയ്ത് അടിയന്തരമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്ന് വൈദിക സമിതി ആവശ്യപ്പെട്ടു. കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് പരിധിയില്‍ നിന്നും ന്യൂനപക്ഷങ്ങളെ ഒഴിവാക്കിയത് വിവേചനവും ഭരണഘടനാ വിരുദ്ധവും ആണെന്നും യോഗം വിലയിരുത്തി.ഈ തീരുമാനം പുന:പരിശോധിക്കേണ്ടതുണ്ട്. അര്‍ഹരായഎല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് ഉടന്‍ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.