സഭാവാര്‍ത്തകള്‍ – 10.12. 23
സഭാവാര്‍ത്തകള്‍ – 10.12. 23.
വത്തിക്കാൻ വാർത്തകൾ
നൂറ് പുൽക്കൂടുകൾക്ക് വത്തിക്കാൻ സാക്ഷ്യം വഹിക്കുന്നു.
വത്തിക്കാൻ സിറ്റി : 1223 ൽ അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് ആദ്യമായി നിർമ്മിച്ച പുൽക്കൂടിന്റെ 800 മത് വാർഷികം ഈ വർഷം ആഘോഷിക്കുന്ന വേളയിൽ, ലോകമെമ്പാടും നിന്നുള്ള നൂറു പുൽക്കൂടുകൾക്ക് വത്തിക്കാൻ സാക്ഷ്യം വഹിക്കുന്നു. വിവിധ കലാകാരന്മാരുടെ സൃഷ്ടികളെ പ്രതിനിധീകരിക്കുന്നതോടൊപ്പം ഓരോന്നും യേശുവിന്റെ ജനനരംഗത്തിന്റെ വ്യത്യസ്ത വ്യാഖ്യാനങ്ങളും ചിത്രീകരിക്കുന്നു. ക്രിസ്തുമസ് കാലത്ത്, സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ നേതൃത്വത്തിലുള്ള പുൽക്കൂടുകൾ പ്രദർശിപ്പിക്കുന്നത്. 2023 ഡിസംബർ എട്ടാം തീയതി വെള്ളിയാഴ്ച ഇറ്റാലിയൻ സമയം വൈകുന്നേരം നാല് മണിക്കാണ് പ്രദർശനത്തിന്റെ ഉദ്‌ഘാടനം നടക്കുന്നത്.
അതിരൂപത വാർത്തകൾ
ലത്തീന്‍ കത്തോലിക്കര്‍ സ്വയം പര്യാപ്തരാകണമെന്ന് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍
എറണാകുളം : അര്‍ഹിക്കുന്ന അവകാശങ്ങള്‍ക്ക് വേണ്ടി ന്യായവാദങ്ങള്‍ ഉന്നയിക്കുക മാത്രമല്ല, ആത്മാര്‍ത്ഥമായ പരിശ്രമത്തിലൂടെയും സ്ഥിരോത്സഹത്തിലൂടെയും ഉന്നതവിദ്യാഭ്യാസം നേടിയെടുത്ത് സ്വയം പര്യാപ്തതയിലേക്ക് വളരണമെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ ആഹ്വാനം ചെയ്തു. ലത്തീന്‍ കത്തോലിക്ക ദിനാചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജനജാഗരം ബോധന പരിപാടി എറണാകുളം ഉണ്ണിമിശിഹാ പള്ളി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഭരണസംവിധാനത്തില്‍ ഇടപെടലുകള്‍ നടത്തണമെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു.
ഒരുമിച്ച് അള്‍ത്താരയിലേക്ക് ഉയര്‍ത്തപ്പെട്ട കുടുംബം എന്ന പുസ്തകം പ്രകാശനം ചെയ്തു.
കൊച്ചി : ഉല്‍മ കുടുംബത്തെക്കുറിച്ചുള്ള ആദ്യ ഗ്രന്ഥം-‘ഒരുമിച്ച് അള്‍ത്താരയിലേക്ക് ഉയര്‍ത്തപ്പെട്ട കുടുംബം’ എന്ന പുസ്തകം ഡിസംബര്‍ 3 2023ന് വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ്പ് അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് പ്രകാശനം ചെയ്തു. എഫ്രേം അച്ചനെ ആര്‍ച്ച്ബിഷപ്പ് പ്രത്യേകം അനുമോദിക്കുകയും ചെയ്തു. കത്തോലിക്കാ സഭാ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു കുടുംബം മുഴുവനും വാഴത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയര്‍ത്തപ്പെടുന്നത്.
ജനിക്കുന്നതിനുമുമ്പ് മരിച്ചു പോയ കുട്ടിയും 6 മക്കളും അവരുടെ മാതാപിതാക്കളും പുണ്യ വഴിയെ സ്വര്‍ഗ്ഗത്തിലേയ്ക്ക് പോയ കഥയാണ് ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. കുടുംബങ്ങള്‍ക്ക് വിശുദ്ധരാകുവാനുള്ള ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം തന്നെയാണ് ഈ പുസ്തകമെന്നും
എല്ലാ ക്രിസ്ത്യന്‍ കുടുംബാംഗങ്ങളും വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥമാണ് ഇതെന്നും കാര്‍ദ്ദിനാള്‍ പിസാബല്ല അഭിപ്രായപ്പെട്ടു.