സഭാവാര്‍ത്തകള്‍ – 30. 06. 24
സഭാവാര്‍ത്തകള്‍ – 30. 06. 24
വത്തിക്കാൻ വാർത്തകൾ
പാപ്പായുടെ ജീവകാരുണ്യദൗത്യദിനം ജൂണ്‍ 30 ന്
വത്തിക്കാൻ സിറ്റി : ഫ്രാന്‍സിസ് പാപ്പായുടെ ജീവകാരുണ്യ ദൗത്യങ്ങള്‍ക്ക് സഹായസഹകരണങ്ങള്‍ നല്കുവാനുള്ള ആഹ്വാനവുമായി, ജൂണ്‍ മാസം മുപ്പതാം തീയതി ഫ്രാന്‍സിസ് പാപ്പാ ജീവകാരുണ്യദിനമായി ആചരിക്കുന്നു. ചെറുതും വലുതുമായ എല്ലാ സംഭാവനകളും,ദുരിതമനുഭവിക്കുന്നവരോട് അടുത്തിരിക്കാന്‍ ആഗ്രഹിക്കുന്ന പത്രോസിന്റെ പിന്‍ഗാമിയുടെ പ്രവര്‍ത്തനത്തിന് ഒരു പ്രധാന പിന്തുണയാണ്. യുദ്ധങ്ങള്‍, അനീതികള്‍, ദാരിദ്ര്യം എന്നിവയ്ക്ക് ഇരയായവര്‍ക്ക് എപ്പോഴും കൈത്താങ്ങായി നില്ക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ ജീവിതം പലപ്പോഴും ലോകമാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഷ്ടതകള്‍ അനുഭവിക്കുന്ന ആളുകളെ സഹായിക്കുന്നത് സുവിശേഷമൂല്യമാണെന്നിരിക്കെ, നിരവധി പ്രയാസകരമായ സാഹചര്യങ്ങളില്‍ പോലും തന്നെ സഹായിക്കുവാന്‍ മുന്നിട്ടിറങ്ങിയ എല്ലാവരോടും ഫ്രാന്‍സിസ് പാപ്പാ തന്റെ ഹൃദയംഗമമായ നന്ദിയര്‍പ്പിച്ചു.
അതിരൂപത വാർത്തകൾ
വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ മോണ്‍. ഡോ. ആന്റെണി വാലുങ്കലിന്റെ മെത്രാഭിഷേകം 2024 ജൂണ്‍ 30 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്.
കൊച്ചി : വല്ലാര്‍പാടം ദേശീയ മരിയന്‍ തീര്‍ത്ഥാടന ബസിലിക്കയില്‍ വച്ച് വരാപ്പുഴ അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ മോണ്‍. ഡോ.ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേക കര്‍മ്മം നടക്കും. മെത്രാഭിഷേക തിരുക്കര്‍മ്മങ്ങളില്‍ വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. വരാപ്പുഴ അതിരൂപതാ മുന്‍ മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, കോട്ടപ്പുറം രൂപതാ മുന്‍ മെത്രാന് ഡോ. ജോസഫ് കാരിക്കശ്ശേരി എന്നിവര്‍ മുഖ്യസഹകാര്‍മ്മികരാകും. കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതി അധ്യക്ഷനും കോഴിക്കോടു രൂപതാ മെത്രാനുമായ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ വചനപ്രഘോഷണം നടത്തും.കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നുള്ള നിരവധി ബിഷപ്പുമാര്‍ പങ്കെടുക്കും. ദിവ്യബലിയെ തുടര്‍ന്ന് നടത്തുന്ന അനുമോദന സമ്മേളനത്തില്‍ സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ്, സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്, ഇന്ത്യയിലെ വത്തിക്കാന്‍ കാര്യാലയം കൗണ്‍സിലര്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും.
കെ സി എസ് എല്‍ പ്രവര്‍ത്തന വര്‍ഷവും ആനിമേറ്റേഴ്സ് കോണ്‍ഫ്രന്‍സും ഉത്ഘാടനം ചെയ്തു.
കൊച്ചി : വരാപ്പുഴ അതിരൂപത കെ സി എസ് എല്‍ പ്രവര്‍ത്തന വര്‍ഷവും ആനിമേറ്റേഴ്സ് കോണ്‍ഫ്രന്‍സും അതിരൂപത ചാന്‍സലര്‍ റവ.ഫാ.എബിജിന്‍ അറക്കല്‍ ഉത്ഘാടനം ചെയ്തു. രൂപത കെ സി എസ് എല്‍ ചെയര്‍പേഴ്സണ്‍ ആവ് ലിന് ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെ സി എസ് എല്‍ പ്രവര്‍ത്തനങ്ങളില്‍ ആനിമേറ്റേഴ്സ്ന്റെ പങ്കിനെ ആസ്പദമാക്കി റവ.ഫാ.ജോണ്‍ കപ്പിസ്റ്റാന്‍ ലോപ്പസ് ക്ലാസ്സ്നയിച്ചു.