സഭാവാര്‍ത്തകള്‍ – 07. 07.24
സഭാവാര്‍ത്തകള്‍ – 07. 07.24
വത്തിക്കാൻ വാർത്തകൾ
കാര്‍ലോ അക്കൂത്തിസ് ഉള്‍പ്പെടെയുള്ള പതിനഞ്ചുപേരുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനു അംഗീകാരം
വത്തിക്കാൻ സിറ്റി : ജൂലൈ മാസം ഒന്നാം തീയതി നടന്ന കര്‍ദിനാള്‍മാരുടെ സാധാരണ കണ്‍സിസ്റ്ററിയില്‍ ഇറ്റാലിയന്‍ യുവാവായ വാഴ്ത്തപ്പെട്ട കാര്‍ലോ അക്കൂത്തിസ് ഉള്‍പ്പെടെയുള്ള പതിനഞ്ചുപേരുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനു അംഗീകാരം നല്‍കി. കണ്‍സിസ്റ്ററിയില്‍ ഫ്രാന്‍സിസ് പാപ്പാ അദ്ധ്യക്ഷത വഹിച്ചു. കണ്‍സിസ്റ്ററിയില്‍ വിശുദ്ധരുടെ നാമകരണങ്ങള്‍ക്കായുള്ള ഡികസ്റ്ററിയുടെ പ്രീഫെക്ട്, പതിനഞ്ചു വാഴ്ത്തപ്പെട്ടവരുടെയും ജീവിതത്തെക്കുറിച്ചുള്ള ഹ്രസ്വറിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് അവരുടെ വിശുദ്ധ പദവിപ്രഖ്യാപനത്തിനുള്ള അംഗീകാരം കണ്‍സിസ്റ്ററി അംഗങ്ങള്‍ നല്‍കി.
ഈ പുതിയ വിശുദ്ധരില്‍ വാഴ്ത്തപ്പെട്ട കാര്‍ലോ അക്കൂത്തിസ് ഒഴികെയുള്ളവരുടെ പേരുകള്‍ 2024 ഒക്ടോബര്‍ 20 ഞായറാഴ്ച വിശുദ്ധരുടെ പട്ടികയില്‍ ആലേഖനം ചെയ്യും. വാഴ്ത്തപ്പെട്ട കാര്‍ലോ അക്കൂത്തിസിന്റെ വിശുദ്ധ പദവി 2025 ജൂബിലി വര്‍ഷത്തിലായിരിക്കും നടക്കുക.
അതിരൂപത വാർത്തകൾ
വിശ്വാസ ജനസഞ്ചയം സാക്ഷി – മോണ്‍. ഡോ. ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപതയുടെ നാലാമത്തെ സഹായമെത്രാനായി
അഭിഷിക്തനായി
കൊച്ചി : രൂപതകളുടെ മാതാവ് എന്നറിയപ്പെടുന്ന വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനും അള്‍ജീരിയയിലെ പുരാതന രൂപതയായ മഗര്‍മേലിന്റെ സ്ഥാനികമെത്രാനുമായി മോണ്‍. ആന്റണി വാലുങ്കല്‍ അഭിഷിക്തനായി. ”ശുശ്രൂഷിക്കാനും അനേകര്‍ക്കു മോചനദ്രവ്യമാകാനും” എന്ന പ്രമാണവാക്യം മെത്രാന്‍ശുശ്രൂഷയ്ക്കായി സ്വീകരിച്ച പുതിയ ഇടയന്റെ അഭിഷേക കര്‍മങ്ങള്‍ ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം ഔവര്‍ ലേഡി ഓഫ് റാന്‍സം ബസിലിക്ക അങ്കണത്തില്‍ തയ്യാറാക്കിയ പ്രത്യേക വേദിയിലായിരുന്നു. മെത്രാഭിഷേക തിരുക്കര്‍മ്മങ്ങളില്‍ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. അജപാലന അധികാരത്തിൻ്റെ അടയാളമായ അംശമുടിയും മോതിരവും അധികാര ദണ്ഡും പ്രധാനകാർമികൻ പുതിയ സഹായ മെത്രാന് നൽകി.
സ്‌കോള ബ്രെവിസ് -2024 സംഘടിപ്പിച്ചു.
കൊച്ചി : സെന്റ്. ആല്‍ബെര്‍ട്‌സ് കോളേജില്‍ നാലു വര്‍ഷ ബിരുദ പ്രോഗ്രാമിന്റെ ഉദ്ഘാടനവും വിജ്ഞാനാനോത്സവവും സ്‌കോള ബ്രെവിസ് – 2024 എന്ന പേരില്‍ സംഘടിപ്പിച്ചു. വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാന്‍ റൈറ്റ്. റവ. ഡോ. ആന്റണി വാലുങ്കല്‍ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. . ഉദ്ഘാടന ചടങ്ങിന് ശേഷം ക്ലാസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നാല് വര്‍ഷ ബിരുദ പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം സംപ്രേക്ഷണംചെയ്തു.