സഭാവാര്‍ത്തകള്‍ – * 13.10. 24

സഭാവാര്‍ത്തകള്‍ – * 13.10.24
വത്തിക്കാൻ വാർത്തകൾ
യുദ്ധഭീകരതയില്‍ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടി ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ : പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടിയുള്ള ജപമാലപ്രാര്‍ത്ഥനയ്ക്കുള്ള പ്രത്യേകമാസമായി കണക്കാക്കപ്പെടുന്ന ഒക്ടോബര്‍ മാസത്തില്‍, യുദ്ധഭീകരതയാല്‍ കഷ്ടപ്പെടുന്ന ജനങ്ങളെ പാപ്പാ പരിശുദ്ധ അമ്മയ്ക്ക് സമര്‍പ്പിച്ചു. ഒക്ടോബര്‍ ഒന്‍പത് ബുധനാഴ്ച വത്തിക്കാനില്‍ പൊതുകൂടിക്കാഴ്ച് അനുവദിച്ച വേളയില്‍ ജപമാല പ്രാര്‍ത്ഥനയ്ക്കും സമാധാനത്തിനുംവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്കും ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു.
യുദ്ധമെന്ന ഭ്രാന്തിന്റെ ദുരിതങ്ങള്‍ ഏറ്റുവാങ്ങുന്ന എല്ലാ ജനതകളെയും, സമാധാനത്തിനായുള്ള മാനവികതയുടെ ആഗ്രഹത്തെയും പരിശുദ്ധ അമ്മയ്ക്ക് പാപ്പാ സമര്‍പ്പിച്ചു.
അതിരൂപത വാർത്തകൾ
2024 ഡിസംബര്‍ 25 ന് ഉണ്ണീശോയ്ക്ക് എന്റെ ക്രിസ്തുമസ്
സമ്മാനം
കൊച്ചി : വരാപ്പുഴ അതിരൂപതയിലെ എല്ലാ മതബോധന വിദ്യാര്‍ത്ഥികളും വിശുദ്ധ ലൂക്കാ സുവിശേഷം സ്വന്തം കൈപ്പടയില്‍ എഴുതി ,2024 ഡിസംബര്‍ 24 തീയതി പാതിര കുര്‍ബാനയ്ക്ക് ഉണ്ണിയേശുവിന് സമ്മാനമായി നല്‍കുന്നു . ലൂക്കാ സുവിശേഷത്തില്‍ 24 അദ്ധ്യായത്തില്‍ 1151 വാക്യങ്ങള്‍ ഉണ്ട്. ഓരോ ദിവസവും 10 മിനിറ്റ് മാത്രം എഴുതിയാല്‍ കുട്ടികള്‍ക്ക് ഡിസംബര്‍ 24 മുമ്പായി വിശുദ്ധ ലൂക്ക സുവിശേഷം എഴുതാന്‍ സാധിക്കും. എല്ലാവരും സുവിശേഷമെഴുതുവാന്‍പരിശ്രമിക്കണമെന്ന് അതിരൂപത മതബോധന ഡയറക്ടര്‍ ഫാ. വിന്‍സെന്റ് നടുവിലപറമ്പില്‍ പറഞ്ഞു.
വത്തിക്കാനില്‍ നടക്കുന്ന സിനാഡാലിറ്റി സിനഡിന്റെ മീഡിയ ടീമില്‍ വരാപ്പുഴ അതിരൂപതയിലെ 3 പ്രതിനിധികള്‍
കൊച്ചി : 2024 ഒക്ടോബര്‍ മാസം 2 നു വത്തിക്കാനില്‍ ആരംഭിച്ച .മെത്രാന്മാരുടെ സിനഡിന്റെ (സിനാഡിലിറ്റി സിനഡ്) പതിനാറാം സാധാരാണ സമ്മേളനത്തിന്റെ രണ്ടാം ഭാഗം വത്തിക്കാനില്‍ നടന്നുകൊണ്ടിരിക്കുകയാണ് . സിനഡാലിറ്റി സിനഡിന്റെ വത്തിക്കാന്‍ മീഡിയ ടീമില്‍ വരാപ്പുഴ അതിരൂപതയിലെ അംഗങ്ങളായ റവ.സി ഡോ. ടാനിയ, ഫാ ഡോമിനിക് ചലഞ്ച്, ബ്ര.ആഷ്ലിന്‍ എബ്രഹാം എന്നിവര്‍ക്ക് പ്രതിനിധ്യം ലഭിച്ചു. വത്തിക്കാന്‍ മീഡിയയില്‍ വര്‍ഷങ്ങളായി സേവനം ചെയ്തുവരുകയാണ്. ഏലൂര്‍ ഇടവകാംഗമായ റവ. ഡോ. സി.ടാനിയ. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ബാസില്‍ രൂപതയില്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ആയി സേവനമനുഷ്ഠിക്കുകയാണ് ഫാ. ഡോമിനിക് ചലഞ്ച്. വരാപ്പുഴ അതിരൂപതയുടെ ഔദ്യോദിക ന്യൂസ് ചാനലായ കേരളവാണിയിലെ റീജന്റ് ബ്രദറായിരുന്ന കൊരട്ടി സെന്റ് ആന്റണീസ് ഇടവകാംഗമായ ബ്ര. ആഷ്ലിന്‍ റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബന്‍ യൂണിവേഴ്‌സിറ്റി യിലെ ദൈവശാസ്ത്രവിദ്യാര്‍ത്ഥിയാണ്