വെളുത്ത പുക ഉയരുമെന്ന കാത്തിരിപ്പില്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍. സിസ്‌റ്റൈന്‍ ചാപ്പലിനു മുകളില്‍ പുകക്കുഴല്‍ സ്ഥാപിച്ചു.

വെളുത്ത പുക ഉയരുമെന്ന കാത്തിരിപ്പില്‍ ലോകമെമ്പാടുമുള്ള വിശ്വാസികള്‍. സിസ്‌റ്റൈന്‍ ചാപ്പലിനു മുകളില്‍ പുകക്കുഴല്‍ സ്ഥാപിച്ചു.
വത്തിക്കാന്‍ : വിശുദ്ധ പത്രോസിന്റെ അടുത്ത പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള കൊണ്‍ക്ലേവ് മെയ് 7-ന് വത്തിക്കാനില്‍ തുടങ്ങാനിരിക്കെ അതിന്റെ വേദിയായ സിസ്‌റ്റൈന്‍ കപ്പേളയുടെ മേല്‍ക്കൂരയില്‍ ചിമ്മിനി, അഥവാ, പുകക്കുഴല്‍ സ്ഥാപിച്ചു.
വത്തിക്കാന്റെ അഗ്‌നിശമനസേനാ വിഭാഗമാണ് ഇത് സ്ഥാപിച്ചത്. കോണ്‍ക്ലേവ് ആരംഭിച്ചതിന് ശേഷം എല്ലാ കണ്ണുകളുടെയും ശ്രദ്ധാകേന്ദ്രമാകുന്ന ഫല സൂചന നല്‍കുന്ന പുകക്കുഴലാണിത്. ഓരോ കോണ്‍ക്ലേവും അതീവ രഹസ്യാത്മകമായി നടക്കുന്നതിനാല്‍ പാപ്പ തെരഞ്ഞെടുപ്പിന്റെ ഫലം പുറംലോകം ആദ്യം അറിയുക പുകകുഴലില്‍ നിന്നായിരിക്കും അടച്ചുപൂട്ടിയ സിസ്റ്റയിന്‍ കപ്പേളയ്ക്കുള്ളില്‍ കര്‍ദ്ദിനാളന്മാര്‍ പാപ്പായെ തിരഞ്ഞെടുക്കുന്നതിന് നടത്തുന്ന വോട്ടെടുപ്പിന്റെ അനുകൂല-പ്രതികൂല ഫലങ്ങള്‍ അറിയിക്കുന്ന യഥാക്രമം, വെളുത്തതോ കറുത്തതോ ആയ പുക ഉയരുക ഈ ചിമ്മിനിയിലൂടെ ആയിരിക്കും. കറുത്ത പുകയാണ് വരുന്നതെങ്കില്‍ ഇതുവരെ പാപ്പയെ തെരഞ്ഞെടുത്തിട്ടില്ലായെന്നും വെളുത്ത പുകയാണ് വരുന്നതെങ്കില്‍ പുതിയ പാപ്പയെ തെരഞ്ഞെടുത്തുവെന്നും പ്രതീകാന്മകമായി അറിയിക്കുന്ന സംവിധാനമാണ് ഇത്. കറുത്ത പുക പുറപ്പെടുവിക്കുന്നതിനായി ബാലറ്റുകള്‍ പൊട്ടാസ്യം പെര്‍ക്ലോറേറ്റ്, ആന്ത്രാസീന്‍ (കല്‍ക്കരി ടാറിന്റെ ഒരു ഘടകം), സള്‍ഫര്‍ എന്നിവ കലര്‍ത്തി കത്തിക്കും. എന്നാല്‍ പാപ്പയെ തെരഞ്ഞെടുത്താല്‍, ബാലറ്റുകള്‍ പൊട്ടാസ്യം ക്ലോറേറ്റ്, ലാക്ടോസ്, ക്ലോറോഫോം റെസിന്‍ എന്നിവയുമായി കലര്‍ത്തി കത്തിച്ച്
വെളുത്ത പുക പുറപ്പെടുവിക്കുന്ന വിധത്തിലാണ് ക്രമീകരണം. പാപ്പായായി തിരഞ്ഞെടുക്കപ്പെടണമെങ്കില്‍ വേട്ടെടുപ്പില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണം. ഏറ്റവും കൂടിയത് നാലു വോട്ടെടുപ്പായിരിക്കും ഒരു ദിവസം നടക്കുക, അതില്‍ രണ്ടെണ്ണം രാവിലെയും രണ്ടെണ്ണം ഉച്ചതിരിഞ്ഞും ആയിരിക്കും. ഇരുന്നൂറ്റിയറുപത്തിയേഴാമത്തെ പാപ്പായാണ് തിരഞ്ഞെടുക്കപ്പെടാന്‍ പോകുന്നത്.
2013 മാര്‍ച്ചില്‍ അവസാനമായി നടന്ന കോണ്‍ക്ലേവില്‍ അഞ്ചാമത്തെ റൗണ്ട് വോട്ടെടുപ്പിലാണ് ചിമ്മിനിയില്‍ നിന്ന് വെളുത്ത പുക പുറത്തുവന്നത്. ഇതോടെയാണ് പാപ്പയെ തെരഞ്ഞെടുത്തുവെന്ന വാര്‍ത്ത ലോകം അറിഞ്ഞത്. മെയ് ഏഴിന് കോണ്‍ക്ലേവ് ആരംഭിച്ച് ഏത് ദിവസം പുകക്കുഴലില്‍ നിന്ന് വെളുത്ത പുക ഉയരുമെന്ന കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള വിശ്വാസികള്‍.