കന്യാസ്ത്രീകളുടെ അറസ്റ്റില്‍ രോഷാഗ്‌നി : ഛത്തീസ്ഗഢ് സംഭവത്തില്‍ വ്യാപകപ്രതിഷേധം

കന്യാസ്ത്രീകളുടെ അറസ്റ്റില്‍ രോഷാഗ്‌നി : ഛത്തീസ്ഗഢ് സംഭവത്തില്‍ വ്യാപകപ്രതിഷേധം
ആലപ്പുഴ: മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്തതില്‍ വന്‍പ്രതിഷേധം ഉയരുന്നു. ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍വെച്ച് അറസ്റ്റിലായ കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാന്‍സിസ് എന്നിവര്‍ റിമാന്‍ഡിലാണ്. ഒരു പറ്റം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. ഞായറാഴ്ചയായതിനാല്‍ ജാമ്യാപേക്ഷ നല്‍കാനായിട്ടില്ല. തിങ്കളാഴ്ച ഇതിനുള്ള നടപടികളുണ്ടാകും. കണ്ണൂര്‍ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമാണ് സിസ്റ്റര്‍ പ്രീതി മേരി
കന്യാസ്ത്രീകള്‍ക്ക് നീതിലഭ്യമാക്കാന്‍ നേരിട്ട് ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കസ്റ്റഡിയിലെടുത്തശേഷം ഇവരുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കള്‍ പരാതിയുമായി സമീപിച്ചുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. സിറോ മലബാര്‍ സഭ, കെസിബിസി ജാഗ്രതാ കമ്മിഷന്‍ എന്നിവരും പ്രതിഷേധവുമായി രംഗത്തുവന്നു.
സംഘപരിവാറിന്റെ പിന്തുണയോടെ നടക്കുന്ന ആക്രമണങ്ങളുടെ മറ്റൊരുരീതിയാണ് ഛത്തിസ്ഗഢിലേതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കുറ്റപ്പെടുത്തി. കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയിലെ സിപിഎം കക്ഷി നേതാവ് ജോണ്‍ ബ്രിട്ടാസ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിക്ക് കത്തയച്ചു. ജോസ് കെ. മാണി എംപിയും പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു.
നിരപരാധികളെ സംരക്ഷിക്കുകയും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുകയും വേണമെന്ന് ഛത്തീസ്ഗഢ് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.
ആശങ്ക പ്രകടിപ്പിച്ച് സിബിസിഐ
ന്യൂഡല്‍ഹി: കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തതില്‍ ആശങ്ക പ്രകടിപ്പിച്ച് കാതലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ). കന്യാസ്ത്രീകള്‍ കൂട്ടിക്കൊണ്ടു പോകാനെത്തിയ പെണ്‍ കുട്ടികളുടെ രക്ഷിതാക്കളുടെ സമ്മതപത്രം ഉണ്ടായിരുന്നു. പെണ്‍കുട്ടികള്‍ 18 വയസ്സ് പൂര്‍ത്തിയായവരുമാണ്. ഇതൊക്കെ അവഗണിച്ചാണ് അറസ്റ്റ് ചെയ്തത്.
ദേശവിരുദ്ധ ശക്തികള്‍ കന്യാസ്ത്രീകളെ നിരന്തരം നിരീക്ഷിക്കുകയും റെയില്‍വേ സ്റ്റേഷനുകളിലും മറ്റും വളയുകയും അവര്‍ക്കെതിരേ ജനക്കൂട്ടത്തെ ഇളക്കിവിടുകയും മോശം പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്യുന്നു.