ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയുടെ പേരില്‍ ജന്മനാട്ടില്‍ റോഡ്

കൊച്ചി: വരാപ്പുഴ അതിരൂപതയിലെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയെ ദൈവദാസനായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച് വൈപ്പിന്‍കരയിലെ , അദ്ദേഹത്തിന്റെ ജന്മഗൃഹത്തിനോടു ചേര്‍ന്ന കുരിശിങ്കല്‍-ഓച്ചന്തുരുത്ത് സാന്താക്രൂസ് സ്‌കൂള്‍ റോഡിന് അദ്ദേഹത്തിന്റെ പേരിടുന്നു.
എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ഇതു സംബന്ധിച്ച തീരുമാനമെടുത്തു. റോഡിന്റെ നാമകരണം ഞായറാഴ്ച വൈകുന്നേരം ആറിന് കുരിശിങ്കല്‍ ക്രൂസ് മിലാഗ്രിസ് ഇടവക വികാരി ഫാ. ആന്റണി ചെറിയകടവില്‍ നിര്‍വഹിക്കും.
ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയുടെ 50-ാം ചരമവാര്‍ഷികം കൂടിയാണ് വിശുദ്ധ പദവിയിലേക്കുള്ള നാമകരണ നടപടികള്‍ക്കു തുടക്കം കുറിക്കുന്ന ജനുവരി 21.
എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന കൃതജ്ഞതാബലിയില്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലാണ് ദൈവദാസ പ്രഖ്യാപനം നടത്തുന്നത്.
ദിവ്യബലിക്കു മുന്നോടിയായി കുരിശിങ്കല്‍ ഇടവകയില്‍ നിന്ന് യുവജനങ്ങള്‍ കത്തീഡ്രലിലേക്ക് ദീപശിഖ പ്രയാണം നടത്തും. ദൈവദാസന്റെ ഛായാചിത്രം പേറി തുറന്ന വാഹനത്തില്‍ കുരിശിങ്കല്‍ പള്ളിയില്‍ നിന്ന് പുറപ്പെടുന്ന ദീപശിഖ പ്രയാണം ചെറായി, പറവൂര്‍, ചേരാനല്ലൂര്‍ കണ്ടെയ്‌നര്‍ റോഡ് വഴിയാണ് കത്തീഡ്രലിലേക്കു നീങ്ങുക.

കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ നിരവധി ബൈക്കുകളില്‍ യുവാക്കള്‍ അനുധാവനം ചെയ്യുമെന്ന് കെസിവൈഎം അതിരൂപതാ ഡയറക്ടര്‍ ഫാ. ഷിനോജ് റാഫേല്‍ ആറാഞ്ചേരി അറിയിച്ചു.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<