ആര്‍ച്ച്ബിഷപ് ജോസഫ് അട്ടിപ്പേറ്റിയുടെ നാമകരണ നടപടികള്‍ക്കു തുടക്കമായി
കൊച്ചി: വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ നാമകരണത്തിനായുള്ള കാനോനിക നടപടികള്‍ ആരംഭിക്കാന്‍ വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തില്‍ നിന്ന് അനുമതിയായി. ആ പുണ്യചരിതന്റെ 50-ാം ചരമവാര്‍ഷികമായ ജനുവരി 21ന് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ സാര്‍വത്രിക കത്തോലിക്കാ സഭയുടെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്താനുള്ള നാമകരണനടപടികളുടെ ആദ്യഘട്ടമായ ദൈവദാസ പ്രഖ്യാപനം നടത്തും.
ദൈവദാസന്റെ ഭൗതികദേഹം അടക്കം ചെയ്തിട്ടുള്ള കത്തീഡ്രല്‍ ദേവാലയത്തില്‍ 21ന് വൈകുന്നേരം അഞ്ചിന് അര്‍പ്പിക്കുന്ന കൃതജ്ഞതാബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചുകൊണ്ടാണ് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്.
കരുണാര്‍ദ്രവും കൃപാപൂരിതവുമായ അജപാലന തീക്ഷ്ണതയും ആധ്യാത്മിക സുകൃതങ്ങളും പുണ്യസുരഭിലമായ ജീവിതവിശുദ്ധിയും മുന്‍നിര്‍ത്തി നാമകരണത്തിനായി അദ്ദേഹത്തെ പരിഗണിക്കുന്നതിനുള്ള അപേക്ഷ ആര്‍ച്ച്ബിഷപ് കളത്തിപ്പറമ്പില്‍ 2019 ജൂലൈ 21ന് പരിശുദ്ധ സിംഹാസനത്തിനു സമര്‍പ്പിച്ചിരുന്നു.
വരാപ്പുഴ അതിരൂപതയിലും, ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയുടെ അജപാലന അധികാരപരിധിയില്‍ ഉള്‍പ്പെട്ടിരുന്ന കോട്ടപ്പുറം രൂപതയിലും ആ പുണ്യശ്ലോകന്റെ ധീരമായ വിശ്വാസസാക്ഷ്യത്തിന്റെയും ദൈവജനത്തെ വിശുദ്ധിയിലേക്കു നയിച്ച ഉത്തമ ജീവിതമാതൃകയുടെയും തെളിവുകളും ആറു വൈദികമേലധ്യക്ഷന്മാര്‍ ഉള്‍പ്പെടെ 40 സാക്ഷികളുടെ മൊഴിയും രേഖകളും എഴുത്തുകളും ഉള്‍പ്പെടെ പ്രാരംഭ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലുള്ള ബൃഹത്തായ പുണ്യചരിതവിശകലന സമാഹാരം ഇതോടൊപ്പം സമര്‍പ്പിക്കുകയുണ്ടായി. അതു വിലയിരുത്തി വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ അധ്യക്ഷനായ കര്‍ദിനാള്‍ ജൊവാന്നി ആഞ്ജലോ ബെച്യു കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് നിഹില്‍ ഒബ്‌സ്താത് എന്ന അനുമതിപത്രം നല്‍കി.
ചൊവ്വാഴ്ച തിരുക്കര്‍മങ്ങളുടെ ആമുഖത്തിനു ശേഷം അതിരൂപതാ ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍ പരിശുദ്ധ സിംഹാസനത്തില്‍ നിന്നുള്ള നിഹില്‍ ഒബ്‌സ്താത് രേഖ ലത്തീനില്‍ വായിക്കും. തുടര്‍ന്ന് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നാമകരണ നടപടികളുടെ കാനോനിക പ്രഖ്യാപനത്തിന്റെ ഭാഗമായി ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയെ ദൈവദാസന്‍ എന്ന് ഉദ്‌ഘോഷിക്കും.
കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി സുവിശേഷപ്രഘോഷണം നടത്തും. ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, വിജയപുരം ബിഷപ് ഡോ. സെബാസ്റ്റിയന്‍ തെക്കത്തെച്ചേരില്‍, കണ്ണൂര്‍ ബിഷപ് ഡോ. അലകസ് വടക്കുംതല, ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ തുടങ്ങിയവര്‍ സഹകാര്‍മികത്വം വഹിക്കും.
ദൈവദാസന്റെ ഛായാചിത്രം ആര്‍ച്ച്ബിഷപ് കളത്തിപ്പറമ്പില്‍ അനാഛാദനം ചെയ്യും. തിരുക്കര്‍മങ്ങളുടെ സമാപനത്തില്‍ ഈ ഛായാചിത്രം ദൈവദാസന്റെ കബറിടം സ്ഥിതിചെയ്യുന്ന സ്മൃതിമന്ദിരത്തിലേക്ക് പ്രദക്ഷിണമായി സംവഹിച്ചുകൊണ്ടുപോയി പ്രതിഷ്ഠിക്കും. ദൈവദാസന്റെ നാമകരണത്തിനായുള്ള യാചനകള്‍ അവിടെ അര്‍പ്പിക്കും. നാമകരണത്തിനായുള്ള അംഗീകൃത പ്രാര്‍ഥന അടങ്ങുന്ന കാര്‍ഡുകള്‍ ദൈവജനത്തിനു വിതരണം ചെയ്യുന്നതാണ്.
തിരുക്കര്‍മങ്ങള്‍ക്കു മുന്‍പായി, ദൈവദാസന്റെ മാതൃ ഇടവകയായ കുരിശിങ്കല്‍ ക്രൂസ് മിലാഗ്രിസ് പള്ളിയില്‍ നിന്ന് കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ യുവാക്കള്‍ നയിക്കുന്ന ദീപശിഖാ പ്രയാണം വൈകുന്നേരം 4.15ന് കത്തീഡ്രലില്‍ എത്തിച്ചേരും. കുരിശിങ്കല്‍ പള്ളി വികാരി ഫാ. ആന്റണി ചെറിയകടവില്‍ കൊളുത്തുന്ന ദീപശിഖയും ദൈവദാസന്റെ ഛായാചിത്രവും തുറന്ന വാഹനത്തില്‍ വഹിച്ചുകൊണ്ടാണ് ഓച്ചന്തുരുത്ത്, ചെറായി, പറവൂര്‍, ചേരാനല്ലൂര്‍ കണ്ടെയ്‌നര്‍ റോഡ് വഴി ദീപശിഖാ പ്രയാണം എത്തുന്നത്. കെസിവൈഎം അതിരൂപതാ ഡയറക്ടര്‍ ഫാ. ഷിനോജ് റാഫേല്‍ ആറാഞ്ചേരി നേതൃത്വം വഹിക്കും.
യുഗപ്രഭാവനായ ആധ്യാത്മികാചാര്യന്‍
മലബാര്‍ വികാരിയാത്തിലെ പ്രഥമ വികാരി അപ്പസ്‌തോലിക്കയില്‍ നിന്നു തുടങ്ങുന്ന 275 വര്‍ഷത്തെ വിദേശ കര്‍മലീത്താ മിഷനറി മേലധ്യക്ഷന്മാരുടെ അജപാലന പാരമ്പര്യമുള്ള വരാപ്പുഴയില്‍ ഒരു യുഗപരിവര്‍ത്തനത്തിനു നാന്ദികുറിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്ക് 15 വര്‍ഷം മുന്‍പ്, 1932 നവംബര്‍ 29ന്, പിന്തുടര്‍ച്ചാവകാശമുള്ള മെത്രാപ്പോലീത്തയായി (കോഅജുത്തോര്‍ ആര്‍ച്ച്ബിഷപ്) നിയമിതനായ ഡോ. അട്ടിപ്പേറ്റി അതിരൂപതയുടെ നൂതനശില്പി എന്ന നിലയില്‍ 37 വര്‍ഷം സമൂഹത്തിന് അര്‍പ്പിച്ച ഉജ്വല സേവനങ്ങള്‍ അവിസ്മരണീയമാണ്.
കൊച്ചി , വൈപ്പിന്‍കരയിലെ ഓച്ചന്തുരുത്ത് കുരിശിങ്കല്‍ ക്രൂസ് മിലാഗ്രിസ് ഇടവകയില്‍ അട്ടിപ്പേറ്റി മാത്യുവിന്റെയും പള്ളിപ്പുറം മഞ്ഞുമാതാ ഇടവകയിലെ പടമാട്ടുമ്മേല്‍ റോസയുടെയും രണ്ടാമത്തെ മകനായി 1894 ജൂണ്‍ 25ന് ആണ് ജുസെ എന്ന ജോസഫ് അട്ടിപ്പേറ്റിയുടെ ജനനം.
എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് ഹൈസ്‌കൂളില്‍ പ്രാഥമിക പഠനത്തിനുശേഷം തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ഈശോസഭയുടെ വിഖ്യാത ഉന്നതപഠനകേന്ദ്രമായ സെന്റ് ജോസഫ് കോളജില്‍ ബിരുദതലം വരെ പഠിക്കാന്‍ നിയോഗമുണ്ടായി. അവിടെ ജസ്വിത്തരുടെ ആധ്യാത്മികവും ബൗദ്ധികവുമായ ശിക്ഷണത്തിലാണ് പൗരോഹിത്യത്തിലേക്കുള്ള ആധ്യാത്മിക വിവേചനം ശക്തമാകുന്നത്.
വരാപ്പുഴ അതിരൂപതയിലെ അവസാനത്തെ യൂറോപ്യന്‍ കര്‍മലീത്താ മെത്രാപ്പോലീത്ത ഡോ. എയ്ഞ്ചല്‍ മേരി അദ്ദേഹത്തെ റോമിലേക്ക് ഉപരിപഠനത്തിന് അയയ്ക്കാന്‍ നിശ്ചയിച്ചു. വരാപ്പുഴ അതിരൂപതയില്‍ നിന്ന് റോമില്‍ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിക്കാന്‍ അവസരം ലഭിച്ച ആദ്യത്തെ വൈദികാര്‍ഥിയാണ് അട്ടിപ്പേറ്റി.
1920 സെപ്റ്റംബറില്‍ മദ്രാസില്‍ നിന്നു കപ്പലില്‍ യൂറോപ്പിലേക്കു പുറപ്പെട്ടു. ആറുവര്‍ഷം റോമിലെ പ്രൊപ്പഗാന്ത കോളജില്‍ പഠിച്ച് തത്ത്വശാസസ്ത്രത്തിലും ഡിവിനിറ്റിയിലും ഡോക്ടറേറ്റ് നേടി. ജൊവാന്നി ബത്തിസ്ത മൊന്തീനി (വിശുദ്ധ പോള്‍ ആറാമന്‍ പാപ്പാ) അവിടെ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു.
റോമില്‍ വച്ച് 1926 ഡിസംബര്‍ 18ന് പൗരോഹിത്യം സ്വീകരിച്ചു. 1927 സെപ്റ്റംബറില്‍ സ്വദേശത്ത് തിരിച്ചെത്തി. ആദ്യ നിയമനം ചാത്യാത്ത് മൗണ്ട് കാര്‍മല്‍ ഇടവകയിലെ സഹവികാരിയായി. രണ്ടു വര്‍ഷം കഴിഞ്ഞ് ആര്‍ച്ച്ബിഷപ് എയ്ഞ്ചല്‍ മേരിയുടെ സെക്രട്ടറിയും അതിരൂപതാ ചാന്‍സലറുമായി നിയമിതനായി.
പതിനൊന്നാം പീയൂസ് പാപ്പാ 1932 നവംബര്‍ 29ന് ഗബൂലയുടെ സ്ഥാനിക മെത്രാപ്പോലീത്ത എന്ന പദവിയോടെയാണ് വരാപ്പുഴയിലെ കോഅജുത്തോര്‍ ആര്‍ച്ച്ബിഷപ്പായി ഡോ. അട്ടിപ്പേറ്റിയെ നിയമിക്കുന്നത്. ‘തന്റെ പ്രായത്തില്‍ ഏറെ കവിഞ്ഞ സ്ഥിതപ്രജ്ഞയും വിജ്ഞാനവും ഭക്തിയും വിവേകവുമുള്ളവന്‍’ എന്നാണ് പരിശുദ്ധ പിതാവിന്റെ കല്പനയില്‍ നിയുക്ത മെത്രാപ്പോലീത്തയെ വിശേഷിപ്പിച്ചത്.
കര്‍ത്താവിന്റെ കുരിശുമരണത്തിന്റെയും ഉത്ഥാനത്തിന്റെയും പത്തൊന്‍പതാം ശതാബ്ദിയോടനുബന്ധിച്ച ജൂബിലിയുടെ ഭാഗമായി പതിനൊന്നാം പീയൂസ് പാപ്പാ 1933 ജൂണ്‍ 11ന് വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഡോ. അട്ടിപ്പേറ്റിയെ ചൈനക്കാരായ നാലു നിയുക്ത മെത്രാന്മാര്‍ക്കൊപ്പം അഭിഷേകം ചെയ്തു. അന്ന് അദ്ദേഹത്തിന് 39 വയസ് – ഇന്ത്യ, ബര്‍മ്മ, സിലോണ്‍ എന്നിവ ഉള്‍പ്പെടുന്ന ഉപഭൂഖണ്ഡത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വൈദികമേലധ്യക്ഷനും ഇന്ത്യയിലെയും തെക്കന്‍, തെക്കുകിഴക്കന്‍ ഏഷ്യയിലെയും ആദ്യത്തെ തദ്ദേശീയ മെത്രാപ്പോലീത്തയുമായിരുന്നു അദ്ദേഹം.
എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി പ്രോ-കത്തീഡ്രലില്‍ 1934 ഡിസംബര്‍ 21ന് സ്ഥാനാരോഹണം ചെയ്തു. ഇന്ത്യയില്‍ തന്റെ അജപാലന ദൗത്യം പൂര്‍ത്തിയാക്കി സ്‌പെയിന്‍കാരനായ ആര്‍ച്ച്ബിഷപ് എയ്ഞ്ചല്‍ മേരി 1935 മാര്‍ച്ച് 27ന് കൊച്ചിയില്‍ നിന്ന് പലസ്തീനിലെ മൗണ്ട് കാര്‍മല്‍ ആശ്രമത്തിലേക്കു പുറപ്പെട്ടു.
എല്ലാവര്‍ക്കും എല്ലാമായി
‘ഞാന്‍ എല്ലാവര്‍ക്കും എല്ലാമായി’ എന്ന തന്റെ അജപാലനശുശ്രൂഷയുടെ ആപ്തവാക്യം എല്ലാ അര്‍ഥത്തിലും സാക്ഷാത്കരിച്ച ഡോ. അട്ടിപ്പേറ്റി മനുഷ്യജീവിതത്തിലെ സമസ്ത മണ്ഡലങ്ങളിലും – സവിശേഷമായി ആധ്യാത്മിക, ബൗദ്ധിക, സാമൂഹിക, സാമ്പത്തിക മേഖലകളില്‍ – സമൂഹത്തിന്റെയും സമുദായത്തിന്റെയും ഉന്നമനത്തിനും, പാവങ്ങളെയും നിരാലംബരെയും പ്രതി കരുണാര്‍ദ്രമായ ശുശ്രൂഷയ്ക്കും നേതൃത്വം നല്‍കിയ യുഗപ്രഭാവനാണ്.
ഇറ്റലിയിലെ ടൂറിനില്‍ വിശുദ്ധ ജോസഫ് ബെനദെത്തോ കൊത്തലെംഗോ സ്ഥാപിച്ച ദൈവിക പരിപാലനയുടെ കൊച്ചുഭവനം സന്ദര്‍ശിച്ച പ്രചോദനത്തില്‍ നിന്നാണ് ഡോ. അട്ടിപ്പേറ്റി 1937 മേയില്‍ എറണാകുളത്ത് അഗതികളായ വയോധികരുടെ പരിചരണത്തിനായി പ്രൊവിഡന്‍സ് ഹൗസ് സ്ഥാപിച്ചത്.
എറണാകുളത്തിന്റെ പ്രാന്തപ്രദേശമായ പച്ചാളത്ത് ലൂര്‍ദ് ആശുപത്രി സ്ഥാപിച്ചത് കൊച്ചിയിലെ കായല്‍തുരുത്തുകളില്‍ തിങ്ങിപാര്‍ക്കുന്ന ജനങ്ങള്‍ക്ക് ആധുനിക ചികിത്സാസഹായം ജലമാര്‍ഗം എളുപ്പത്തില്‍ പ്രാപ്യമാക്കുന്നതിനാണ്.
ജസ്വിറ്റ്‌സ്, കപ്പുച്ചിന്‍, സലേഷ്യന്‍സ്, വിന്‍സെന്‍ഷ്യന്‍സ്, പുവര്‍ ക്ലെയേഴ്‌സ്, ബ്രിജിറ്റൈന്‍സ്, ഡോട്ടേഴ്‌സ് ഓഫ് ദ് ഹാര്‍ട്ട് ഓഫ് മേരി, മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്‌സ് തുടങ്ങി നിരവധി സന്ന്യാസ സമൂഹങ്ങളെ അതിരൂപതയിലേക്കു കൊണ്ടുവന്ന് ആധ്യാത്മിക, സാമൂഹികസേവന, വിദ്യാഭ്യാസ രംഗങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു.
ഇന്നത്തെ കോട്ടപ്പുറം രൂപതയുടെ ഭാഗങ്ങള്‍ കൂടി ഉള്‍ച്ചേര്‍ന്ന അവിഭക്ത വരാപ്പുഴ അതിരൂപതയിലെ ഓരോ കുടുംബത്തിലും തോടുകളും ഇടവഴികളും താണ്ടി അജപാലന സന്ദര്‍ശനം നടത്തി ഓരോ അംഗത്തിന്റെയും ആത്മീയ, ഭൗതിക ജീവിതാവസ്ഥയെക്കുറിച്ച് അന്വേഷിച്ചറിഞ്ഞ ആചാര്യശ്രേഷ്ഠനാണ് അട്ടിപ്പേറ്റി. മറ്റൊരു വൈദികമേലധ്യക്ഷനും ഈ അജപാലന സന്ദര്‍ശന റെക്കോഡ് മറികടക്കാനായിട്ടില്ല.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അതിരൂപത അഭൂതപൂര്‍വമായ മുന്നേറ്റം നടത്തിയത് ഡോ. അട്ടിപ്പേറ്റിയുടെ ക്രാന്തദര്‍ശിത്വത്താലാണ്. മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ അഫിലിയേഷനോടെ എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളജ് 1946 ജൂലൈയില്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. വനിതകള്‍ക്കായി ആലുവയില്‍ സെന്റ് സേവ്യേഴ്‌സ് കോളജും, ജില്ലയിലെ വ്യവസായ മേഖലയോടു ചേര്‍ന്ന് കളമശേരിയില്‍ സെന്റ് പോള്‍സ് കോളജും ലിറ്റില്‍ ഫഌവര്‍ എന്‍ജിനിയറിംഗ് ഇന്‍സ്റ്റിറ്റിയൂട്ടും സ്ഥാപിച്ചു. എറണാകുളത്തെ വിമലാലയവും വടുതല ഡോണ്‍ ബോസ്‌കോയും പോലെ നിരവധി ടെക്‌നിക്കല്‍, വ്യവസായ തൊഴില്‍പരിശീലന കേന്ദ്രങ്ങള്‍ക്കു തുടക്കം കുറിച്ചു.
അല്മായരില്‍ നിന്നും സന്ന്യസ്തരില്‍ നിന്നും മികവു തെളിയിച്ച പലരെയും വിദേശത്ത് ഉപരിപഠനത്തിന് അയക്കാനും അദ്ദേഹം മുന്‍കൈയെടുത്തു. മലയാളത്തിലെ ആദ്യത്തെ കത്തോലിക്കാ വൃത്താന്തപത്രമായ സത്യനാദകാഹളത്തിന്റെ മഹിത പൈതൃകം പേറുന്ന അതിരൂപതയില്‍ കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ മുഖപത്രമായി മുഖ്യധാരാ മാധ്യമരംഗത്തും ആധുനിക അച്ചടിരംഗത്തും തിളങ്ങിയ കേരള ടൈംസ് പത്രത്തിന്റെ മുഖ്യരക്ഷാധികാരി എന്ന നിലയില്‍ ആനുകാലിക രാഷ്ട്രീയ, സാമൂഹിക മേഖലകള്‍ക്കും അദ്ദേഹം ദിശാബോധം നല്‍കി.
അതിരൂപതയുടെ വിവിധ കോണുകളിലായി പടുത്തുയര്‍ത്തിയ അനേകം ദൈവാലയങ്ങളും കപ്പേളകളും, സ്‌കൂളുകളും കോളജുകളും, അനാഥശാലകളും അഗതിമന്ദിരങ്ങളും, ഡിസ്‌പെന്‍സറികളും ആശുപത്രികളും, കോണ്‍വെന്റുകളും സെമിനാരികളും ആ ശ്രേഷ്ഠപിതാവിന്റെ സ്മാരകങ്ങളായി നിലകൊള്ളുന്നു.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നാലു സെഷനിലും പങ്കെടുത്ത ഡോ. അട്ടിപ്പേറ്റി പോള്‍ ആറാമന്‍ പാപ്പായുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ആശീര്‍വദിച്ച ശിലാഫലകം കളമശേരിയില്‍ വിശാലമായ സാംസ്‌കാരിക കേന്ദ്രത്തിന്റെ മുഖ്യഫലകമായി സ്ഥാപിച്ചു. ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ ദേശീയ സമിതിയുടെ (സിബിസിഐ) സ്ഥാപകരില്‍ ഒരാളായ അദ്ദേഹം പങ്കെടുത്ത അവസാനത്തെ പൊതുപരിപാടി താന്‍ എറണാകുളത്ത് ആതിഥേയത്വം വഹിച്ച സിബിസിഐ ദേശീയ സമ്മേളനമായിരുന്നു.
എഴുപത്തഞ്ചാം വയസില്‍, 1970 ജനുവരി 21ന് ഡോ. അട്ടിപ്പേറ്റി ദിവംഗതനായി. മൂന്നു ദിവസത്തെ ദുഃഖാചരണത്തെതുടര്‍ന്ന് സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ ഭൗതികദേഹം അടക്കം ചെയ്തു .