പുതിയ നിയമത്തിലെ സ്വപ്നക്കാരന്‍ ജോസഫ്

പുതിയ നിയമത്തിലെ സ്വപ്നക്കാരന്‍ ജോസഫ്

പിതാവിന്‍റെ ഹൃദയത്തോടെ… patris Corde : എന്ന പേരില്‍ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച അപ്പസ്തോലിക ലിഖിതത്തിലെ ചിന്താമലരുകള്‍ – ആദ്യഭാഗം :
യൗസേപ്പിതാവിന്‍റെ വര്‍ഷാചരണം

ആഗോളസഭയുടെ രക്ഷാധികാരിയായി വിശുദ്ധ യൗസേപ്പിനെ 9-Ɔο പിയൂസ് പാപ്പാ പ്രഖ്യാപിച്ചതിന്‍റെ 150-Ɔο വാര്‍ഷികം അവസരമാക്കിക്കൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് മനോഹരമായ ഈ അപ്പസ്തോലിക ലിഖിതം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാത്രമല്ല 2020 ഡിസംബര്‍ 8, മുതല്‍ 2021 ഡിസംബര്‍ 8-വരെ ആഗോളസഭയില്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷമായി പ്രഖ്യാപിക്കുകയും ചെയ്തു. സിദ്ധനെ സംബന്ധിച്ച വളരെ വ്യക്തിപരമായ ധ്യാനങ്ങളാണ് അപ്പസ്തോലിക ലിഖിതം ഉള്‍ക്കൊള്ളുന്നതെന്ന് പാപ്പാ ഫ്രാന്‍സിസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. 

1.  പിതാവിന്‍റെ ഹൃദയത്തോടെ
നാലു സുവിശേഷങ്ങളിലും ”യൗസേപ്പിന്‍റെ പുത്രന്‍” എന്ന് പരാമര്‍ശിക്കപ്പെടുന്ന യേശുവിനെ യൗസേപ്പ് സ്‌നേഹിച്ചത് ഒരു പിതാവിന്‍റെ ഹൃദയത്തോടെയായിരുന്നു. യൗസേപ്പിനെക്കുറിച്ച് കൂടുതല്‍ പറഞ്ഞിരിക്കുന്ന രണ്ടു സുവിശേഷകന്മാരായ മത്തായിയും ലൂക്കായും വളരെ കുറഞ്ഞ വാക്കുകളിലാണ് അദ്ദേഹത്തെ വെളിപ്പെടുത്തുന്നത്. എങ്കിലും ദൈവതിരുവുള്ളം അദ്ദേഹത്തെ ഭരമേല്‍പ്പിച്ച ദൗത്യവും എങ്ങനെയുള്ള പിതാവായിരുന്നു അദ്ദേഹമെന്നതും ഉള്‍ക്കൊള്ളുവാന്‍ അവ ധാരാളം മതിയാകും. മറിയവുമായി വിവാഹം നിശ്ചയിക്കപ്പെട്ട സാധാരണക്കാരനായ ഒരു മരപ്പണിക്കാരനായിരുന്നു യൗസേപ്പ് എന്ന് നമുക്കറിയാം. അദ്ദേഹം നീതിമാനായിരുന്നു. (മത്തായി 1:19). നാലു സ്വപ്നങ്ങളിലൂടേയും നിയമത്തിലൂടെയും അദ്ദേഹത്തിനു വെളിപ്പെട്ട ദൈവേച്ഛ നിവര്‍ത്തിക്കാന്‍ സദാ സന്നദ്ധനുമായിരുന്നു. നസ്രത്തില്‍നിന്ന് ബെത്‌ലഹേമിലേക്കുള്ള സുദീര്‍ഘവും പരിക്ഷീണവുമായ യാത്രയ്ക്കുശേഷം വേറൊരു സ്ഥലവും ലഭ്യമല്ലാതെ വന്നപ്പോള്‍ കാലിത്തൊഴുത്തില്‍ ജാതനായ മിശിഹായെ അദ്ദേഹം കണ്ടു, പരിചരിച്ചു. ഇസ്രയേല്‍ ജനതയെയും വിജാതിയരെയും പ്രതിനിധാനംചെയ്ത ഇടയന്മാരും പൂജരാജാക്കളും ദിവ്യശിശുവിനെ ആരാധിച്ചതിനും അദ്ദേഹം സാക്ഷിയായി.

2.  പേരു നല്കിയ വളര്‍ത്തു പിതാവ്
മാലാഖമാര്‍ വെളിപ്പെടുത്തിയ “യേശു” എന്ന നാമം ശിശുവിനു നിയമാനുസൃതമായി നല്കാന്‍ അവന്‍റെ പിതാവായ യൗസേപ്പ് ധൈര്യം കാണിച്ചു. ”ജനങ്ങളെ അവരുടെ പാപങ്ങളില്‍നിന്ന് അവന്‍ മോചിപ്പിക്കുമെന്നതിനാല്‍ അവനെ നീ യേശുവെന്ന് വിളിക്കണം.”  നമുക്ക് അറിയാവുന്നപോലെ, പ്രാചീന ജനതകളെ സംബന്ധിച്ചിടത്തോളം, ഉല്‍പ്പത്തി പുസ്തകത്തില്‍ ആദം ചെയ്തതുപോലെ ഒരു വസ്തുവിനെയോ വ്യക്തിയെയോ പേരു വിളിക്കുന്നത് ഒരാള്‍ക്ക് അതിനോടുള്ള തന്‍റെ ബന്ധം ഊട്ടിയുറപ്പിക്കുന്ന നടപടിയാണ്.

3. കുടിയേറിയ തിരുക്കുടുംബം
യേശുവിന്‍റെ ജനനത്തിന് നാല്‍പ്പതു നാളുകള്‍ക്കുശേഷം യൗസേപ്പും മറിയവും ദേവാലയത്തില്‍വന്ന് ശിശുവിനെ ദൈവത്തിനു സമര്‍പ്പിച്ചു. യേശുവിന്‍റെയും അവന്‍റെ മാതാവിനെയും കുറിച്ചുള്ള ശിമയോന്‍റെ പ്രവചനം അവിടെവെച്ച് അവര്‍ വിസ്മയത്തോടെ ശ്രവിച്ചു. ഹേറോദേസില്‍നിന്ന് യേശുവിനെ രക്ഷിക്കാന്‍ യൗസേപ്പ് ഈജിപ്തിലേയ്ക്കു പലായനംചെയ്ത് ഒരു കുടിയേറ്റക്കാരനായി വസിച്ചു. സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിയതിനുശേഷം ജെരൂസലേം ദേവാലയത്തില്‍നിന്നും തന്‍റെ പൂര്‍വ്വികരുടെ നഗരമായ ബെത്‌ലഹേമില്‍നിന്നും വളരെ ദൂരെ ഗലീലിയിലെ നസ്രത്ത് എന്ന ചെറുഗ്രാമത്തില്‍ അദ്ദേഹം കുടുംബത്തോടെ അജ്ഞാതവാസം നയിച്ചു. ”ഒരു പ്രവാചകനും ഉയരാത്ത നാട്”, ”നല്ലതെന്തെങ്കിലും നസ്രത്തില്‍നിന്നു വരുമോ” എന്നിങ്ങനെയൊക്കെയാണ് അതിനെക്കുറിച്ച് പറയപ്പെട്ടിരുന്നത്. യെരുശലേമിലേക്കുള്ള തീര്‍ത്ഥാടനത്തിനിടയില്‍ യൗസേപ്പിനും മറിയത്തിനും പന്ത്രണ്ടു വയസ്സുകാരനായ യേശുവിനെ നഷ്ടമായി. ഉല്‍ക്കണ്ഠയോടെ അവനെ തിരഞ്ഞപ്പോള്‍ ദേവാലയത്തില്‍ നിയമജ്ഞരുമായി തര്‍ക്കിക്കുന്ന നിലയില്‍ അവിടുത്തെ കണ്ടെത്തുകയുണ്ടായി. മറിയത്തിനു പുറമെ, അവളുടെ ഭര്‍ത്താവായ യൗസേപ്പല്ലാതെ വേറൊരു വിശുദ്ധനും സഭാ ലിഖിതങ്ങളില്‍ ഇത്രയേറെ സ്ഥാനം പിടിച്ചിട്ടില്ല.

 


Related Articles

പാപ്പാ : യൂറോപ്പിന്റെ ഒരു നവമുഖം ലോകത്തിന് നൽകുക

പാപ്പാ : യൂറോപ്പിന്റെ ഒരു നവമുഖം ലോകത്തിന് നൽകുക വത്തിക്കാന്‍ : എല്ലാവരേയും ഉൾക്കൊള്ളുന്ന, അറിവുള്ള, അവർക്കു ചുറ്റും നടന്നു കൊണ്ടിരിക്കുന്ന ബോധരഹിതമായ യുദ്ധങ്ങൾ പോലുള്ള അക്രമത്തെ

പാവങ്ങൾക്കൊപ്പം പ്രതീക്ഷയുടെ ജീവിതം: ഫ്രാൻസിസ് പാപ്പാ

പാവങ്ങൾക്കൊപ്പം പ്രതീക്ഷയുടെ ജീവിതം:  ഫ്രാൻസിസ് പാപ്പാ.   വത്തിക്കാന്‍ : പീഡനങ്ങൾക്കിരയായ സ്ത്രീകൾക്കും, ചൂഷണവിധേയരായ കുട്ടികൾക്കും, പലവിധ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന കുടുംബങ്ങൾക്കും നൽകുന്ന സേവനങ്ങൾക്ക് ആർക്കേ (Arché)

അൽമായരായ മതബോധകർക്ക് ഔദ്യോഗിക പദവി നല്കും…..

അൽമായരായ മതബോധകർക്ക് ഔദ്യോഗിക പദവി നല്കും വത്തിക്കാൻ : “പുരാതനമായ സഭാശുശ്രൂഷ” (Antiquum ministerium) പാപ്പാ ഫ്രാൻസിസ് പ്രകാശിപ്പിച്ച നവമായ സ്വാധികാര അപ്പസ്തോലിക പ്രബോധനം :  

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<