റോഡിലൂടെ നടന്നുവരുന്ന പാപ്പായെ കണ്ട് ആശ്ചര്യപ്പെട്ട് വിശ്വാസികള്‍

റോഡിലൂടെ നടന്നുവരുന്ന പാപ്പായെ കണ്ട് ആശ്ചര്യപ്പെട്ട് വിശ്വാസികള്‍
വത്തിക്കാന്‍ സിറ്റി : ജൂലൈ മാസം ആറാം തീയതി ഞായറാഴ്ച്ച പ്രാദേശിക സമയം വൈകുന്നേരം അഞ്ചു മണിയോടെ ലെയോ പതിനാലാമന്‍ പാപ്പാ തന്റെ വേനല്‍ക്കാല വസതിയായ കാസല്‍ ഗന്ധോള്‍ഫോയിലെത്തി. വില്ല ബാര്‍ബെറിനി എന്ന ഭവനത്തിലാണ് പാപ്പാ വിശ്രമിക്കുന്നത്
ലെയോ പതിനാലാമന്‍ പാപ്പായെ വരവേല്‍ക്കുന്നതിനും, അദ്ദേഹത്തിന് സ്വാഗതമരുളുന്നതിനുമായി പലവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധിയാളുകളാണ് അനേകം മണിക്കൂറുകള്‍ക്കു മുന്‍പ് തന്നെ വസതിയിലേക്കുള്ള വഴിയില്‍ കാത്തുനിന്നിരുന്നത്.
എന്നാല്‍, പാപ്പായുടെ താമസസ്ഥലത്തില്‍ നിന്ന് കുറച്ച് മിനിറ്റുകള്‍ അകലെ എത്തിയപ്പോള്‍, കാറില്‍ നിന്ന് ഇറങ്ങി തന്റെ വിശ്രമ വസതിയിലേക്ക് നടന്ന് പോകാന്‍ പാപ്പാ തീരുമാനിച്ചു. റോഡിലൂടെ നടന്നുവരുന്ന പാപ്പായെ കണ്ട് വിശ്വാസികള്‍ ആശ്ചര്യപ്പെട്ടു. എല്ലാവരും അവരുടെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ എടുത്ത് ആ നിമിഷം തങ്ങളുടെ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചു. കാസല്‍ ഗന്ധോള്‍ഫോയില്‍ എത്തിച്ചേര്‍ന്ന പാപ്പാ, തുടര്‍ന്ന് വിശ്വാസികളെ അഭിവാദ്യം ചെയ്യുകയും അവര്‍ക്ക് ആശീര്‍വാദം നല്‍കുകയും ചെയ്തു. വളരെ പ്രത്യേകമായി കുട്ടികളെ പാപ്പാ ആശീര്‍വദിച്ചു. അല്‍ബാനോ ബിഷപ്പ്, മേയര്‍, പൊന്റിഫിക്കല്‍ വില്ലകളുടെ ഡയറക്ടര്‍, പള്ളി വികാരി, വത്തിക്കാന്‍ ഗവര്‍ണര്‍ എന്നിവര്‍ പാപ്പായെ സ്വാഗതം ചെയ്യാന്‍ എത്തിയിരുന്നു. വസതിയിലെത്തിയ ശേഷം വിശ്രമ സമയം ആരംഭിക്കുന്നതിന് മുമ്പ് ബാല്‍ക്കണിയില്‍ നിന്നും ഒരിക്കല്‍ കൂടി പാപ്പാ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു.
ജൂലൈ 20 വരെയും തുടര്‍ന്ന് ഓഗസ്റ്റില്‍ കുറച്ച് ദിവസങ്ങളിലും കാസല്‍ ഗന്ധോള്‍ഫോയില്‍ പാപ്പാ ചെലവഴിക്കും. റോമില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഈ ഭവനം, അല്‍ബാനോ തടാകത്തിനു സമീപത്താണ് സ്ഥിതി ചെയ്യുന്നത്.
റോമന്‍ കാലത്തുള്ള ഡോമീസ്യന്‍ ചക്രവര്‍ത്തിയുടെ കൊട്ടാരം നിന്നയിടത്തുള്ള കെട്ടിടമാണ്, ഇന്ന് പാപ്പമാര്‍ വേനല്‍ക്കാലവസതിയായി ഉപയോഗിക്കുന്ന വില്ല.