വത്തിക്കാനിൽ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസർ
വത്തിക്കാൻ : സ്പാനിഷ് ജെസ്യൂട്ടും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ജുവാൻ അന്റോണിയോ ഗ്വെറേറോ ആൽവ്സ് (60) വത്തിക്കാൻ സെക്രട്ടേറിയറ്റ് ഓഫ് ഇക്കണോമിക് അഫയേഴ്സിന്റെ പുതിയ പ്രിഫെക്റ്റ് ആയി ഫ്രാൻസിസ് പാപ്പ നിയമിച്ചു. വത്തിക്കാനിലെ ഏറ്റവും സ്വാധീനമുള്ള ഒരു തസ്തികയാണ് അദ്ദേഹത്തിനു ലഭിക്കുന്നത്. വത്തിക്കാൻ സെക്രട്ടേറിയറ്റ് ഓഫ് ഇക്കണോമിക് അഫയേഴ്സിന്റെ പ്രിഫെക്റ്റ് ആയിരുന്ന കർദിനാൾ ജോർജ്ജ് പെല്ലിന്റെ കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് നിയമനം.
സ്പെയിനിലെ മെറിഡയിൽ നിന്ന് 60 കാരനായ ഗ്വെറേറോ 2020 ജനുവരിയിൽ പ്രിഫെക്റ്റ് പദവി ഏറ്റെടുക്കും. വത്തിക്കാനിലെ സാമ്പത്തിക പരിഷ്കരണത്തിന്റെ ഭാഗമായി ഫ്രാൻസിസ് പാപ്പ 2014- ൽ സാമ്പത്തിക സെക്രട്ടേറിയറ്റ് സ്ഥാപിച്ചു. റോമൻ ക്യൂറിയയുടെയും വത്തിക്കാൻ സിറ്റി സ്റ്റേറ്റ് അഡ്മിനിസ്ട്രേഷന്റെയും സാമ്പത്തിക വശങ്ങളുടെ മേൽനോട്ടം വഹിക്കുക എന്നതാണ് ഇതിന്റെ ചുമതല.
തെക്കുപടിഞ്ഞാറൻ സ്‌പെയിനിലെ മെറിഡയിൽ ജനിച്ച ഗ്വെറേറോ 20-ാം വയസ്സിൽ ഈശോസഭയിൽപ്രവേശിച്ചു. സ്പെയിൻ, ബ്രസീൽ, ഫ്രാൻസ്, യുഎസ്എ എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. ഇറ്റാലിയൻ, ഇംഗ്ലീഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, സ്പാനിഷ് ഭാഷകൾ സംസാരിക്കുന്ന ഗ്വെറേറോയ്ക്ക് ദൈവശാസ്ത്രത്തിലും തത്ത്വചിന്തയിലും, മാഡ്രിഡിലെ ഓട്ടോണമസ് യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിലും ബിരുദമുണ്ട്.
1992 ൽ പുരോഹിതനായ അദ്ദേഹം, 2017 മുതൽ ഗ്വെറേറോ റോമിൽ ജനറൽ കൗൺസിലർ, സുപ്പീരിയർ ജനറലിന്റെ പ്രതിനിധി എന്നീ പദവികളിൽ സേവനമനുഷ്ഠിക്കുന്നു. 2014-2017 വരെ മൊസാംബിക്കിലെ ജെസ്യൂട്ടുകളുടെ ട്രഷററും പ്രോജക്ട് കോർഡിനേറ്ററുമായിരുന്നു.
“ഈ വിളി തീർത്തും അപ്രതീക്ഷിതമായിരുന്നു. തുടക്കത്തിൽ, ഇത് എന്നെ ഉത്കണ്ഠകുലനാക്കി, എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. എന്നാൽ ഞാൻ അത് താഴ്മയോടെ സ്വീകരിക്കുന്നു, ഏറ്റവും മികച്ചത് വാഗ്ദാനം ചെയ്തുകൊണ്ട് ഞാൻ ഈ ദൗത്യത്തിൽ സഹകരിക്കും . പരിശുദ്ധസിംഹാസനത്തിന്റെ സാമ്പത്തിക സുതാര്യതയ്ക്ക് സംഭാവന നൽകുമെന്നും,” നവംബർ 14 ന് പ്രസിദ്ധീകരിച്ച വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഗ്വെറേറോ പറഞ്ഞു.