നിയമനിർമാണ സഭകളിലെ ആംഗ്ലോ ഇന്ത്യൻ സംവരണം നിർത്തലാക്കാനുള്ള നടപടിയിൽനിന്നും കേന്ദ്ര സർക്കാർ പിന്മാറണം : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ
കൊച്ചി : നിയമനിർമാണ സഭകളിലെ ആംഗ്ലോ ഇന്ത്യൻ സംവരണം നിർത്തലാക്കാനുള്ള നടപടിയിൽനിന്നും കേന്ദ്ര സർക്കാർ പിന്മാറണം എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ .ജോസഫ് കളത്തിപ്പറമ്പിൽ ആവശ്യപ്പെട്ടു . ഇത് ഭാരതത്തിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തോടുള്ള കടുത്ത അനീതിയാണ് എന്ന് അദ്ദേഹം പറഞ്ഞു . സമൂഹത്തിലെ താഴേക്കിടയിലുള്ളവർക്കു പരിരക്ഷ നൽകുന്നതിന് ഭരണഘടന നൽകുന്ന പ്രത്യേക അവകാശങ്ങൾ ഗവൺമെന്റ് എടുത്ത് കളയരുത് .അവരുടെ പിന്നോക്കാവസ്ഥ ഗവൺമെന്റ് കണ്ടില്ലെന്ന് നടിക്കരുത് എന്നും അദ്ദേഹം ഓർമിപ്പിച്ചു .
ലോകസഭയിലും രാജ്യസഭയിലും ആഗ്ലോ ഇന്ത്യൻ പ്രതിനിധികൾക്കുള്ള സംവരണം നിർത്തലാക്കുവാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ അതിരൂപതയുടെ പ്രതിഷേധം അദ്ദേഹം അറിയിച്ചു. എല്ലാ വിഭാഗം ജനങ്ങൾക്കും അധികാരത്തിൽ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കും , ആഗ്ലോ-ഇന്ത്യൻ വിഭാഗത്തിനും നിയമ നിർമ്മാണ സഭകളിൽ സംവരണം ഉറപ്പു നൽകുന്നത്. ഈ സംവരണം നിഷേധിക്കുന്നത് കടുത്ത അനീതിയാണ്.