അതിക്രമത്തെ സ്നേഹംകൊണ്ടു കീഴ്പ്പെടുത്താം

1. സഭയിലെ പ്രഥമ രക്തസാക്ഷി
ഡിസംബര്‍ 26–Ɔο തിയതി രാവിലെ വത്തിക്കാനില്‍ നടത്തിയ ത്രികാലപ്രാര്‍ത്ഥനാ പ്രഭാഷണത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. അപ്പസ്തോല നടപടിപ്പുസ്തകമാണ് വിശുദ്ധ സ്റ്റീഫന്‍റെ രക്തസാക്ഷിത്വം കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നത് (6, 12… 7, 54-60). ആദിമസഭയിലെ പ്രഥമ രക്തസാക്ഷിയുടെ അനുസ്മരണം ക്രിസ്തുമസ്സുമായി ചേര്‍ന്നുപോകുന്നതാണ്.
അതിക്രമത്തെ സ്നേഹംകൊണ്ടും, മരണത്തെ ജീവിതംകൊണ്ടും കീഴ്പ്പെടുത്താമെന്ന് അദ്ദേഹത്തിന്‍റെ സാക്ഷ്യം വെളിപ്പെടുത്തുന്നതായി പാപ്പാ ചൂണ്ടിക്കാട്ടി. വിശുദ്ധ സ്റ്റീഫന്‍റെ ജീവിതസമര്‍പ്പണത്തിന്‍റെയും സാക്ഷ്യത്തിന്‍റെയും ഉച്ചകോടി, സ്വര്‍ഗ്ഗത്തിലേയ്ക്ക് കണ്ണുകള്‍ ഉയര്‍ത്തി അദ്ദേഹം തന്‍റെ പീഡകരോട് ക്ഷമിക്കുന്ന രംഗമാണെന്ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ച ആയിരങ്ങളെ പാപ്പാ ഉദ്ബോധിപ്പിച്ചു.
2. വിശ്വസ്തതയോടെ ജീവന്‍ സമര്‍പ്പിച്ച മാതൃക
സുവിശേഷത്തിന്‍റെ ഈ യുവസേവകന്‍, വിശുദ്ധ സ്റ്റീഫന്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് ക്രിസ്തുവിനെ വാക്കുകളാല്‍ മാത്രമല്ല, സര്‍വ്വോപരി ജീവിതംകൊണ്ടു പ്രഘോഷിക്കുകയാണു ചെയ്തത്. അദ്ദേഹത്തില്‍ നാം കാണുന്നത് ക്രിസ്തു തന്‍റെ ശിഷ്യന്മാര്‍ക്കു നല്കിയ വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണമാണ്. “അവര്‍ നിങ്ങളെ എന്‍റെ നാമത്തില്‍ പീഡിപ്പിക്കുമ്പോള്‍ എന്തു പറയണമെന്ന് ദൈവാരൂപി നിങ്ങളെ പ്രചോദിപ്പിക്കും” (മത്തായി 10, 19-20). പിതാവിനോടുള്ള വിശ്വസ്തതയില്‍ തന്‍റെ ജീവന്‍ സമര്‍പ്പിച്ച ക്രിസ്തുവിന്‍റെ മാതൃകയാണ് വിശുദ്ധ സ്റ്റീഫന്‍റെ ജീവിതത്തിലും മരണത്തിലും നാം കാണുന്നത്.
സ്വര്‍ഗ്ഗീയ മഹത്വം ലക്ഷ്യംവയ്ക്കുന്ന ജീവിതം ഒരിക്കലും സമ്പത്തിലോ, പ്രതാപത്തിലോ അധിഷ്ഠിതമായിരിക്കില്ല, മറിച്ച് സ്നേഹത്തിലും ജീവിത സമര്‍പ്പണത്തിലുമാണെന്ന് രക്തസാക്ഷിയായ സ്റ്റീഫന്‍ പഠിപ്പിക്കുന്നു.
3. നമ്മിലേയ്ക്കു കിനിഞ്ഞിറങ്ങിയ സ്വര്‍ഗ്ഗം
നാം അനുദിന ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികളിലൂടെയും പ്രയാസങ്ങളിലൂടെയും നമ്മുക്കു ലഭിച്ചിട്ടുള്ള പ്രത്യാശ അറ്റുപോകാതെ മുന്നേറാന്‍ (1 പത്രോസ് 3, 15) നമ്മുടെ “വിശ്വാസത്തിന്‍റെ നാഥനും അതിനെ പൂര്‍ണ്ണതയില്‍ എത്തിക്കുന്നവനുമായ” യേശുവില്‍ ദൃഷ്ടികള്‍ പതിച്ചു മുന്നേറാമെന്നാണ് (ഹെബ്ര. 12, 2) പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചത്.
ക്രൈസ്തവ മക്കള്‍ക്ക് സ്വര്‍ഗ്ഗം ഭൂമിയില്‍നിന്ന് വിദൂരസ്ഥമോ വിച്ഛേദിക്കപ്പെട്ടതോ അല്ല. ക്രിസ്തുവില്‍ സ്വര്‍ഗ്ഗം നമ്മിലേയ്ക്ക് താണിറങ്ങി വന്നു. പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ സകലതും – മാനുഷികമായത് എന്തിനെയും സ്വര്‍ഗ്ഗത്തിലേയ്ക്കു ആനയിക്കുന്ന അവിടുത്തേയ്ക്കു നമുക്കു നന്ദിപറയാം. അതിനാല്‍ ക്രിസ്തുവിനെ അനുകരിക്കുന്ന ക്രൈസ്തവന്‍റെ ജീവിതം മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ടതാണ്. അത് സൗമ്യവും ധൈര്യവുമുള്ളതാണ്, എളിമയും മാന്യതയുമുള്ളതാണ്, ഒപ്പം ശക്തമെങ്കിലും അതിക്രമമില്ലാത്തതാണ്.
4. തീക്ഷ്ണത പകര്‍ന്ന യുവമിഷണറി
ആദിമ സഭ തിരഞ്ഞെടുത്തു നിയോഗിച്ച 7 ഡീക്കന്മാരില്‍ ഒരാളായിരുന്നു വിശുദ്ധ സ്റ്റീഫന്‍ (നടപടി 6, 1-6). അദ്ദേഹം ഉപവി പ്രവൃത്തികളിലൂടെയും വചന പ്രഘോഷണത്തിലൂടെയും ക്രിസ്തുവിനെ പ്രഘോഷിക്കുകയായിരുന്നു. രക്തസാക്ഷിത്വത്തില്‍ മകുടംചൂടിയ അദ്ദേഹത്തിന്‍റെ ജീവിതം ക്രൈസ്തവ സമൂഹജീവതത്തിന് പ്രചോദനവും മാതൃകയുമാണ്.
ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളിലേയ്ക്കും അസ്തിത്വത്തിന്‍റെ മേഖലകളിലേയ്ക്കും പ്രത്യാശയും രക്ഷയും തേടുന്ന ബഹുസഹസ്രം സഹോദരീസഹോദരന്മാരിലേയ്ക്ക്, വിശിഷ്യാ പാവങ്ങളും എളിയവരുമായവരിലേയ്ക്ക് ഇറങ്ങിച്ചെല്ലുവാനുള്ള പ്രേഷിതചൈതന്യവും സുവിശേഷവത്ക്കരണ തീക്ഷ്ണതയും പകരുന്നതാണ് വിശുദ്ധ സ്റ്റീഫന്‍റെ ജീവിതം.
5. ക്രിസ്തുവില്‍ ദൃഷ്ടിപതിച്ചു ജീവിക്കാം
പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്‍റെ ഓര്‍മ്മ ഇന്നിന്‍റെയും ഇന്നലെകളുടെയും രക്തസാക്ഷികളെ ഓര്‍മ്മയില്‍ കൊണ്ടുവരുവാനും, അവരുമായി ഐക്യപ്പെടുവാനും നമുക്ക് പ്രചോദനമേകുന്നു. അവരെപ്പോലെ അധരങ്ങളില്‍ യേശുനാമം ഉരുവിട്ടുകൊണ്ടു ജീവിക്കാനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം.
രക്ഷകന്‍റെ അമ്മയായ പരിശുദ്ധ കന്യകാനാഥ ഈ ക്രിസ്തുമസ്ക്കാലം ക്രിസ്തുവില്‍ ദൃഷ്ടിപതിച്ചു ചെലവഴിക്കാനും അങ്ങനെ അനുദിന ജീവിതത്തില്‍ കൂടുതല്‍ കൂടുതല്‍ അവിടുത്തെപ്പോലെ ആയിത്തീരുവാനും ഇടയാവട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് വാക്കുകള്‍ ഉപസംഹരിച്ചത്.
ഫാ. വില്യം നെല്ലിക്കല്‍