ബിസിനസ് താൽപര്യങ്ങളുടെ പേരിൽ സഭയുടെ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടും : കെ.എൽ.സി.എ.
കൊച്ചി : കേരളത്തിൽ വിദ്യാഭ്യാസരംഗത്ത് നിസ്തുല സംഭാവന നൽകുന്ന വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന
ആൽബർട്ട് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിൽ മറൈൻ കോഴ്സുകൾ തുടങ്ങിയതിന് എതിരെ സമാന കോഴ്സ് നടത്തുന്ന മറ്റൊരു സ്ഥാപന ഉടമ, ബിസിനസ് നിലനിർത്തുക എന്ന ഉദ്ദേശത്തോടെ കളവായി പരാതികൾ നൽകുകയും ബിനാമികളെ ഉപയോഗിച്ച് സ്ഥാപനം പ്രവർത്തനരഹിതം ആക്കാൻ ശ്രമിക്കുകയും ചെയ്യുന്ന നിലപാടിൽ കെ.എൽ.സി.എ. വരാപ്പുഴ അതിരൂപതാ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മുൻപ് ഇതേ വിഷയത്തിൽ തന്നെ ബോംബെയിൽ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗിനും , ഡൽഹിയിലുള്ള AICTE യിലും, കേരളത്തിലെ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലും, ഒടുവിൽ കേരള ഹൈക്കോടതിയിലും ഈ സ്ഥാപനത്തിനെതിരെ ഇതേ വ്യക്തി ബിനാമി ഉപയോഗിച്ച് പരാതികൾ നൽകിയിട്ടുള്ളതും അതെല്ലാം വാസ്തവവിരുദ്ധമാണെന്ന് കണ്ട് തള്ളിയിട്ടുള്ളതുമാണ്.
ഇപ്പോൾ അനധികൃതകെട്ടിട നിർമ്മാണം നടത്തുന്നു എന്ന പേരിൽ കളമശ്ശേരി നഗരസഭയിൽ, വിവേക് കുമാർ. വി . എന്ന വ്യക്തി നൽകിയ പരാതിയിൽ പറയുന്ന കാര്യങ്ങൾ സാങ്കേതികം മാത്രമാണ്. കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം നിർമ്മിച്ചിട്ടുള്ള ഈ കെട്ടിടം പൊളിച്ചു കളയാനുള്ള ഉത്തരവിറങ്ങി എന്നുപോലും വ്യാജമായി വാർത്ത നൽകി വിദ്യാർഥികളിലും മാനേജ്മെൻറനും, പൊതുസമൂഹത്തിനും ആശങ്കയുണ്ടാക്കി അതിൽനിന്ന് നേട്ടമുണ്ടാക്കാനാണ് സ്ഥാപിത താൽപര്യക്കാർ ശ്രമിക്കുന്നത്.
ആരോഗ്യകരമല്ലാത്ത ഇത്തരം പ്രവണതകൾ തുടർന്നാൽ പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കുമെന്ന് കെഎൽസിഎ മുന്നറിയിപ്പുനൽകി.
അതിരൂപത പ്രസിഡൻറ് സി ജെ പോൾ അധ്യക്ഷത വഹിച്ചു. ഫാ മാർട്ടിൻ തൈപ്പറമ്പിൽ, അഡ്വ ഷെറി ജെ തോമസ്, ഹെൻട്രി ഓസ്റ്റിൻ, ലൂയിസ് തണ്ണിക്കോട് ,റോയി പാളയത്തിൽ, ബാബു ആൻറണി, റോയി ഡികുഞ്ഞ, മേരി ജോസഫ്, ഫിലോമിന ലിങ്കൻ, മോളി ചാർലി, ജസ്റ്റിൻ കരിപ്പാട്ട് എന്നിവർ പ്രസംഗിച്ചു.
|
|