വരാപ്പുഴ അതിരൂപതയിൽ അഖണ്ഡ ദിവ്യകാരുണ്യ ആരാധനയുടെ സമാപനം : ഏപ്രിൽ 26 ഞായറാഴ്ച , 7-8 pm. ഒരു മണിക്കൂർ പൊതുആരാധനയിൽ അതിരൂപത മുഴുവൻ പങ്കുചേരുന്നു .
വരാപ്പുഴ അതിരൂപതയിൽ
അഖണ്ഡ ദിവ്യകാരുണ്യ ആരാധനയുടെ സമാപനം : ഏപ്രിൽ 26 ഞായറാഴ്ച , 7- 8 pm.
ഒരു മണിക്കൂർ പൊതുആരാധനയിൽ അതിരൂപത മുഴുവൻ പങ്കുചേരുന്നു .
കൊച്ചി : കോവിഡ് – 19 മഹാമാരിയുടെയും ലോക്ക് ഡൗണിൻ്റെയും പശ്ചാത്തലത്തിൽ, വരാപ്പുഴ അതിരൂപത കരുതലിൻ്റെ സ്നേഹപ്രവർത്തികൾക്കൊപ്പം പ്രാർത്ഥനയുടെ കരങ്ങളും ഉയർത്തുന്നു.
ലോകത്തെ ഭീതിയിലാഴ്ത്തിയ അണുബാധയ്ക്കെതിരെയുള്ള ആത്മീയ പ്രതിരോധമായി വരാപ്പുഴ അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവിൻ്റെ ആഗ്രഹപ്രകാരം നടത്തപ്പെട്ട “അഖണ്ഡ ദിവ്യകാരുണ്യ ആരാധനയിൽ ” അതിരൂപതയിലും വിദേശത്തും ശുശ്രൂഷ ചെയ്യുന്ന 240-ഓളം വൈദികർ പങ്കുചേർന്നു.
ഏപ്രിൽ 17 വെള്ളി മുതൽ 25 ശനി വരെ എല്ലാ ദിവസവും രാവിലെ 08 മുതൽ രാത്രി 08 വരെയാണ് അഖണ്ഡ ദിവ്യകാരുണ്യ ആരാധന നടത്തപ്പെട്ടത്. വൈദികരെല്ലാം അവർ ആയിരിക്കുന്ന ദൈവാലയങ്ങളിലും, സ്ഥാപനങ്ങളിലും, ആശ്രമങ്ങളിലുമായിരുന്നു തിരുമണിക്കൂർ നടത്തിയാണ് ഈ പ്രാർത്ഥന ശുശ്രൂഷയിൽ പങ്കുചേർന്നത്. അതിരൂപത പ്രൊക്ലമേഷൻ കമ്മീഷൻ്റെ നേതൃത്വത്തിൽ 8 ഫൊറോനകളിലെയും ഫോറോന വികാരിമാരുടെ സഹകരണത്തോടെയാണ് ഈ പ്രാർത്ഥനായജ്ഞം ഒരുക്കപ്പെട്ടത്. ലോകത്തിനു വേണ്ടിയും, നമ്മുടെ രാജ്യത്തിനു വേണ്ടിയും, ജനത്തിനു വേണ്ടിയും പ്രത്യേക പ്രാർത്ഥനകൾ ഉണ്ടായിരുന്നു.
ഏപ്രിൽ 26 ഞായറാഴ്ച, 7- 8 pm.
“അഖണ്ഡ ദിവ്യകാരുണ്യ ആരാധന”യുടെ അതിരൂപതതല സമാപനമായി ഒരു മണിക്കൂർ “പൊതു ആരാധനയും പ്രാർത്ഥനാ ശുശ്രൂഷയും” നടത്തപ്പെടുന്നു. അന്നേ ദിനം രാത്രി 07 മുതൽ 08 വരെ, അഭിവന്ദ്യ പിതാവിനോടൊപ്പം അതിരൂപതയിലെ എല്ലാ ഇടവക ദൈവാലയങ്ങളിലും, ആശ്രമങ്ങളിലും, സ്ഥാപനങ്ങളിലും, കോൺവെൻ്റുകളിലും ദിവ്യകാരുണ്യ ആരാധന നടത്തപ്പെടുന്നു.
ഇതേസമയം അതിരൂപതയിലെ എല്ലാ കുടുംബങ്ങളും ജപമാലയും മറ്റു പ്രാർത്ഥനകളുമായി പൊതു ആരാധനയിൽ ഭവനത്തിലായിരുന്നു കൊണ്ടുതന്നെ പങ്കുചേരാൻ, വരാപ്പുഴ അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് നിർദ്ദേശിച്ചു . ആകുലപ്പെടുത്തുന്ന ഈ മഹാമാരിയിൽ നിന്ന് ലോകം അതിവേഗം മോചിതമാകുവാൻ ഈ സമയം വരാപ്പുഴ അതിരൂപത മുഴുവൻ ഒരു കുടുംബമായി ഒരേ സമയം പ്രാർത്ഥിക്കുന്നു.
ഫാ . ഷൈൻ കാട്ടുപറമ്പിൽ
പ്രൊക്ലമേഷൻ കമ്മീഷൻ
വരാപ്പുഴ അതിരൂപത.
|
|