സുഭിക്ഷ കേരളം സുരക്ഷാ പദ്ധതിയുമായി വരാപ്പുഴ അതിരൂപത
കൊച്ചി : വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന “സുഭിക്ഷ കേരളം സുരക്ഷാപദ്ധതി ” മെയ് 30 ശനിയാഴ്ച രാവിലെ 10 മണിക്ക് വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി ശ്രീ വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
വരാപ്പുഴ അതിരൂപത നടത്തുന്ന ഈ സംരംഭം മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. വരാപ്പുഴ അതിരൂപത മെത്രാപോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് അധ്യക്ഷനായിരുന്നു.
പ്രധാനമായും നാല് കാര്യങ്ങളാണ് ഈ പദ്ധതിയിലൂടെ അതിരൂപത നടപ്പിലാക്കുന്നത്
1. അതിരൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും തരിശുനിലങ്ങളിൽ കൃഷിയിറക്കുക. എല്ലാ വീടുകളിലും മണ്ണിലും മട്ടുപ്പാവിലും കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിക്കുക .
2. മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുക.
3. പാലിനും ഇറച്ചിക്കും മുട്ടയ്ക്കും വേണ്ടി പക്ഷിമൃഗാദികളെ വീട്ടിൽ വളർത്താൻ പ്രോത്സാഹനം നൽകുക .
4. വീടുകളിൽ ചെയ്യാവുന്ന ചെറുകിട കൈത്തൊഴിലുകളും മറ്റും പ്രോത്സാഹിപ്പിക്കുക . എന്നിവയാണ് ഇതിൻറെ പ്രധാന ലക്ഷ്യങ്ങൾ.
ചടങ്ങിൽ മേയർ സൗമിനി ജയിൻ, ഹൈബി ഈഡൻ എംപി, ടി ജെ. വിനോദ് എംഎൽഎ, യേശുദാസ് പറപ്പള്ളി എന്നിവർ പങ്കെടുത്തു . കോവിഡ് 19 പശ്ചാത്തലത്തിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.