സമ്മർദ്ധങ്ങൾക്ക് പുല്ലുവില; ‘ഹാഗിയ സോഫിയ’ വീണ്ടും മോസ്‌ക്ക് ആക്കാൻ തയാറെടുത്ത് തുർക്കി
ഇസ്താംബുൾ : അമേരിക്ക, ഗ്രീസ് എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെയും യുനെസ്‌കോയുടെയും സമ്മർദ്ധങ്ങൾക്ക് പുല്ലുവില നൽകി, ചരിത്രപ്രസിദ്ധ ക്രൈസ്തവ ദൈവാലയമായ ‘ഹാഗിയ സോഫിയ’ മോസ്‌ക്ക് ആക്കി മാറ്റാൻ തയാറെടുത്ത് തുർക്കി. തുർക്കിയുടെ സ്റ്റേറ്റ് കൗൺസിൽ (അഡ്മിനിസ്‌ട്രേറ്റീവ് കോർട്ട്) നാളെ, ജൂലൈ രണ്ടിന് പ്രസ്തുത വിഷയം ചർച്ചയ്‌ക്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
എ.ഡി 537ൽ ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തി നിർമിച്ച ‘ഹാഗിയ സോഫിയ^ ചർച്ച് ഓഫ് ദ ഹോളി വിസ്ഡം’, ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെയാണ് 1453ൽ മോസ്‌ക് ആക്കിമാറ്റിയത്. പിന്നീട്, ആധുനിക തുർക്കിയുടെ സ്ഥാപകൻ കമാൽ അത്താത്തുർക്ക് 1934ൽ ഇത് മ്യൂസിയമാക്കി മാറ്റി. 1985ൽ യുനസ്‌ക്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. മ്യൂസിയം വീണ്ടും മോസ്‌ക്ക് ആക്കാനുള്ള ശ്രമങ്ങൾ നിരവധിതവണ ഉണ്ടായിട്ടണ്ടങ്കിലുംതയ്യിബ് എർദോഗൻ പ്രസിഡന്റായശേഷമാണ് ഇതിനുള്ള ശ്രമങ്ങൾ ശക്തമായത്.
തുർക്കിയുടെ നീക്കത്തിൽ അയൽ രാജ്യമായ ഗ്രീസും അമേരിക്കയും ആശങ്ക അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ, സന്നദ്ധ സംഘടനകളും എതിർപ്പ് രേഖപ്പെടുത്തിക്കഴിഞ്ഞു. ഹാഗിയ സോഫിയ ദൈവാലയം മോസ്‌ക്ക് ആക്കി മാറ്റാനുള്ള ശ്രമം എർദോഗൻ ആരംഭിച്ചതു മുതൽ തങ്ങൾ സാഹചര്യം നിരീക്ഷിച്ച് വരികയാണെന്ന് യുനെസ്‌കോ വ്യക്തമാക്കി. ഇക്കാര്യവുമായി ബന്ധപ്പെട്ട് തുർക്കി സർക്കാരിന് ജൂൺ ആദ്യം കത്ത് അയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ല. മറുപടി ലഭിക്കുംവരെ കത്തുകൾ അയക്കുന്നത് തുടരുമെന്നും യുനെസ്‌കോയുടെയുടെ സാംസ്‌ക്കാരിക വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ഏണസ്റ്റോ ഒട്ടോണി റാമിറസ് അറിയിച്ചു.
സാംസ്‌കാരിക പൈതൃക സംരക്ഷണ കമ്മിറ്റി ഉടൻ വിഷയം ചർച്ചയ്ക്ക് എടുക്കും. കമ്മറ്റി വോട്ടെടുപ്പിലൂടെ നൽകുന്ന അധികാരമില്ലാതെ പൈതൃക സ്മാരകങ്ങൾക്ക് മാറ്റമൊന്നും വരുത്താൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുനെസ്‌കോയുടെ അംഗീകാരം ഇല്ലാതെ ഇപ്പോഴത്തെ സ്ഥിതി മാറ്റാൻ സാധിക്കില്ലെന്ന് ഗ്രീക്ക് സാംസ്‌കാരിക മന്ത്രി ലിനാ മെൺഡോണി മന്ത്രിയും ചൂണ്ടിക്കാട്ടി. തുർക്കിയുടെ പദ്ധതിയെ സംബന്ധിച്ച വിശദാംശങ്ങൾ ഉൾക്കൊള്ളിച്ച് യുനെസ്‌കോയുടെ അംഗ രാജ്യങ്ങൾക്ക് ലിനാ മെൺഡോണി ഈയിടെ കത്തയച്ചിരുന്നു. ദേശീയതയും മത വികാരവും ഉണർത്താനുള്ള ശ്രമമാണ് തുർക്കി പ്രസിഡന്റ് എർദോഗൻ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.