ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപോലിത്ത ഭാഗം- 2 :ജീവിതാവസ്ഥയുടെ തിരഞ്ഞെടുപ്പും പ്രതിസന്ധികളും
ജീവിതാവസ്ഥയുടെ തിരഞ്ഞെടുപ്പും പ്രതിസന്ധികളും: Episode 2
1920 ൽ ബി.എ ക്ലാസിലെ പഠനം പൂർത്തിയായതോടെ ജോസഫിന്റെ അദ്ധ്യായനശ്രദ്ധ സർവ്വോൽകൃഷ്ടമായ വൈദിക ജീവിതത്തിലേക്ക് തിരിഞ്ഞു.
ജോസഫ് അട്ടിപ്പേറ്റിക്ക് ദൈവവിളിയുടെ കാര്യത്തിൽ ചില പ്രതിബന്ധങ്ങൾ നേരിടേണ്ടി വന്നു. കുടുംബബന്ധമായിരുന്നു ഒന്നാമത്തേത്. പ്രായം കൊണ്ടും പ്രാപ്തി കൊണ്ടും പിതാവ് മാത്യു അട്ടിപ്പേറ്റിയെ സഹായിച്ച് കുടുംബഭാരം വഹിക്കേണ്ടത് മൂത്ത പുത്രനായ ജോസഫ് അട്ടിപ്പേറ്റിയായിരുന്നു.
അമ്മ മരിക്കുമ്പോൾ സഹോദരിമാരായ അന്നയും മറിയക്കുട്ടിയും തീരെ കുഞ്ഞുങ്ങളായിരുന്നു. അവരെ സംരക്ഷിച്ചു വളർത്തുവാനുള്ള ഉത്തരവാദിത്വം ജോസഫ് അട്ടിപ്പേറ്റിക്കായിരുന്നു. (ഈ ഇളയ സഹോദരിയാണ് പിന്നീട് സി.ടി.സി സഭയിൽ ചേർന്ന് സിസ്റ്റർ അഞ്ചലയും, പിന്നീട് മദർ അഞ്ചലയും ആയത്).
അങ്ങനെ തന്റെ വൈദിക ദൈവവിളിയെപെറ്റി പുനപരിശോധിക്കേണ്ട ഒരു വലിയ പ്രേരണയും പ്രലോഭനവും സ്വകുടുംബാംഗങ്ങളിൽ നിന്ന് തന്നെ ഉണ്ടായി. എന്നാൽ പിന്നീട് പല വൈദികരുടെയും ശുപാർശയിൽ ജോസഫ് അട്ടിപ്പേറ്റിയുടെ ആഗ്രഹത്തിനനുകൂലമായ തിരുമാനത്തിലെത്തിച്ചേർന്നു.
മറ്റൊരു പ്രശ്നം, സന്യാസസഭവൈദികനാകണമോ രൂപതാവൈദികനാകണമോ എന്നതായിരുന്നു. ജെസ്വീട്ട് സന്യാസികളുമായുണ്ടായിരുന്ന സഹവാസവും, അവരിൽ നിന്ന് ലഭിച്ച ശിക്ഷണവും ഒരു സന്യാസ വൈദികനാകാൻ ജോസഫ് അട്ടിപ്പേറ്റിയിൽ പ്രേരണ ചെലുത്തി.
എന്നാൽ തന്റെ ആധ്യാത്മിക ഉപദേഷ്ടാക്കളിൽ ഒരാളായ ഫാ. തോമസ് എക്സ് റോച്ചയുടെ ഉപദേശവും പ്രാർത്ഥനയും കൊണ്ട് ജോസഫ് അട്ടിപ്പേറ്റി രൂപതാവൈദികനാകാൻ തീരുമാനിച്ചു.
സിലോണിൽ കാൻഡി സെമിനാരിയിൽ വൈദിക പഠനത്തിന് അയയ്ക്കുവാൻ എയ്ഞ്ചൽ മേരി പിതാവിന്റെ സെക്രട്ടറിയും, സ്വന്തം ഇടവകാംഗവുമായ ഫാ. അലക്സാണ്ടർ ലന്തപ്പറമ്പിൽ അധികൃതരുമായി കത്തിടപാടുകൾ നടത്തി.
പക്ഷേ ജോസഫിന്റെയും പിതാവ് മാത്യു അട്ടിപ്പേറ്റിയുടെയും ഇളയപ്പൻ ദൊമീങ്കോ വേലിയാത്തിന്റെയും വലിയൊരാഗ്രഹമായിരുന്നു വൈദികപഠനത്തിന് റോമിൽ പോകണമെന്നത്.
അക്കാലത്ത് ഒരു വൈദിക വിദ്യാർത്ഥിയെ റോമിലേക്കയച്ചു പഠിപ്പിക്കുക എന്ന കാര്യത്തെപെറ്റി ചിന്തിക്കാൻ പോലും സാധിച്ചിരുന്നില്ല. എങ്കിലും അതിനായി വളരെയധികം പ്രാർത്ഥിച്ചുകൊണ്ട് ജോസഫ് തന്നെ തന്റെ ഉറ്റമിത്രവും തൃശ്ശിനാപ്പിള്ളി യിൽ സഹപാഠിയും സ്വന്തം ഇടവകാംഗവുമായ ശ്രീ. എൽ. എം പൈലിയേയും കൂട്ടിക്കൊണ്ട് അഭിവന്ദ്യ മെത്രാപ്പോലീത്തയെക്കണ്ട് ആഗ്രഹം ഉണർത്തിച്ചു.
വിശാലാശയവും ഉദാരമനസ്കനും ദൈവവിളിയെ പ്രോത്സാഹിപ്പിക്കുന്നവനുമായ എയിഞ്ചൽ മേരി മെത്രാപ്പോലീത്ത നിഷ്കളങ്കമായ ജോസഫ് അട്ടിപ്പേറ്റിയുടെ ഈ വിനീതമായ അപേക്ഷ സ്വീകരിച്ചു. ഇത് ജോസഫിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി. വരാപ്പുഴ അതിരൂപതയുടെ ചരിത്രത്തിൽ ആദ്യമായി റോമിലേക്ക് അയയ്ക്കപ്പെട്ട ആൾ അങ്ങനെ ഭാഗ്യവാനായ ജോസഫ് അട്ടിപ്പേറ്റി ആയി.
പ്രൊപ്പഗാന്ത വിദ്യാർത്ഥി (തുടരും…)
Composed by Fr. Koshy Mathew
References:
Fr. John Pallath, O.C.D, Yugaprabhavanaya Dr. Joseph Attipetty Metrapolitha (Ernakulam: Kerala Times
Press, 1996).
Kalathiveetil, Raphael. “Archbishop Joseph Attipetty: Varapuzha Athirupathayudae Puthuyuga Shilpi.”
Archbishop Joseph Attipetty Daivadasa Prakhyabhana Smarinika 7, no. 1(2020).49.