ഫാ. സ്റ്റീഫൻ ജോസ് മേത്തശ്ശേരി നിര്യാതനായി
കൊച്ചി: തിരുവനന്തപുരം അതിരൂപത വൈദികനും വരാപ്പുഴ അതിരൂപതയിലെ ബോൾഗാട്ടി സെൻറ്. സെബാസ്റ്റ്യൻ ചർച്ച് ഇടവകാംഗവുമായ
ഫാ. സ്റ്റീഫൻ ജോസ് മേത്തശ്ശേരി (80 വയസ്സ്) നിര്യാതനായി.
എറണാകുളം ബോൾഗാട്ടിയിൽ മേത്തശ്ശേരി പീറ്ററും അന്നയും ആയിരുന്നു അദ്ദേഹത്തിൻറെ മാതാപിതാക്കൾ. ബോൾഗാട്ടി സെന്റ്. സെബാസ്റ്റ്യൻ എൽപി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തിയ അദ്ദേഹം പിന്നീട് എറണാകുളം സെൻറ്. ആൽബർട്സ് ഹൈസ്കൂളിലും അതിനുശേഷം ആലുവ പൊന്തിഫിക്കൽ സെമിനാരിയിലും ഉപരിപഠനം നടത്തി.
1967 ൽ അദ്ദേഹം വൈദികപട്ടം സ്വീകരിച്ചു. തുടർന്ന് 1968 മുതൽ തിരുവനന്തപുരം ലത്തീൻ അതിരൂപതക്കു വേണ്ടി സേവനം ചെയ്തു. അവിടെ 13 പള്ളികളിൽ വികാരിയായും , അതോടൊപ്പം തിരുവനന്തപുരം പേട്ട ഫൊറോന വികാരിയായും, കൂടാതെ തിരുവനന്തപുരം അതിരൂപതയുടെ ബോർഡ് ഓഫ് എഡ്യൂക്കേഷൻ ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്.
പ്രയാധിക്യത്തെ തുടർന്ന് അദ്ദേഹം കാക്കനാടുള്ള വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള വൈദികരുടെ വിശ്രമ മന്ദിരമായ ആവിലഭവനിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.
തൻറെ ജീവിതകാലം മുഴുവൻ വിശ്വാസികളുടെ ആത്മീയവും ഭൗതികവുമായ ഉന്നമനത്തിനുവേണ്ടി അദ്ദേഹം ത്യാഗപൂർവം തൻറെ ജീവിതം ദൈവത്തിന് സമർപ്പിച്ചു.
അദ്ദേഹത്തിൻറെ വിയോഗത്തിൽ വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവും തിരുവനന്തപുരം ആർച്ച്ബിഷപ്പ് ഡോ. സൂസപാക്യം പിതാവും അനുശോചനം അറിയിച്ചു.
അദ്ദേഹത്തിൻറെ ഭൗതികശരീരം ഇന്ന് (05/02/’21 വെള്ളിയാഴ്ച) രാവിലെ 7.30 മുതൽ ബോൾഗാട്ടിയിൽ ഉള്ള ഭവനത്തിലും അതിന് ശേഷം ഉച്ചയ്ക്ക് 12 മണി മുതൽ ബോൾഗാട്ടി സെൻറ്. സെബാസ്റ്റ്യൻ പള്ളിയിലും പൊതുദർശനത്തിനു വെയ്ക്കും.
ഉച്ചകഴിഞ്ഞ് 3. 30ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവിൻറെ മുഖ്യകാർമികത്വത്തിൽ മൃതസംസ്കാര ശുശ്രൂഷകൾ ബോൾഗാട്ടി പള്ളിയിൽ വച്ച് നടക്കും. തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് രാജപ്പൻ അനുസ്മരണ പ്രഭാഷണം നടത്തും.