അബ്രഹാമിന്‍റെ കാലടിപ്പാടുകളിൽ പ്രത്യാശയോടെ…

 അബ്രഹാമിന്‍റെ കാലടിപ്പാടുകളിൽ പ്രത്യാശയോടെ…

അബ്രഹാമിന്‍റെ കാലടിപ്പാടുകളിൽ പ്രത്യാശയോടെ…

വത്തിക്കാൻ : മാർച്ച് 4-ന് വ്യാഴാഴ്ച രാവിലെ പാപ്പാ ഫ്രാൻസിസ്ഇറാഖിലെ ജനങ്ങൾക്കായി അയച്ച വീഡിയോ സന്ദേശം :

1. അസലാം അലേക്കും … നിങ്ങൾക്കു സമാധാനം!
അറബി സമാധാന ആശംസയോടെയാണ് പാപ്പാ ഫ്രാൻസിസ് സന്ദേശം ആരംഭിച്ചത്. എതാനും മണിക്കൂറുകളിൽ താൻ ചരിത്രമുറങ്ങുന്നതും അനിതരസാധാരണവും സംസ്ക്കാരത്തനിമയുള്ളതുമായ ഇറാഖുദേശം സന്ദർശിക്കുവാൻ എത്തിച്ചേരുന്ന കാര്യം ആമുഖമായി പ്രസ്താവിച്ചു. ഏതാനും വർഷങ്ങളായി ആ ചരിത്രമണ്ണിൽ നടന്ന യുദ്ധങ്ങൾക്കും കാലപങ്ങൾക്കും കൂട്ടക്കുരുതികൾക്കും ദൈവത്തോടു മാപ്പപേക്ഷിക്കുന്നവനും അനുതപിക്കുന്ന ഒരു തീർത്ഥാടകനുമായിട്ടാണ് ഇറാഖിന്‍റെ മണ്ണിൽ താൻ ആദ്യമായി കാലുകുത്തുവാൻ പോകുന്നതെന്ന് പാപ്പാ സൂചിപ്പിച്ചു.

മുറിപ്പാടുകളെ സൗഖ്യപ്പെടുത്തണമേ, ഹൃദയങ്ങളെ സമാശ്വസിപ്പിക്കണമേ എന്ന പ്രാർത്ഥനയോടെയുമാണ് താൻ അവിടേയ്ക്കു വരുന്നതെന്നും പാപ്പാ പ്രസ്താവിച്ചു. താൻ ഒരു സമാധാന ദൂതനായി, സാഹോദര്യവും സമാധാനവും അന്നാട്ടിൽ വളർത്തണമെന്ന തീവ്രമായ ആഗ്രഹത്തോടെയാണ് അവിടേയ്ക്കു വരുന്നതെന്നും പാപ്പാ വ്യക്തമാക്കി (You are all brothers…. (Mt 23, 8). പിതാവായ അബ്രഹാമിന്‍റെ പൈതൃകത്തിൽ യഹൂദരും ക്രൈസ്തവരും മുസ്ലീങ്ങളും, എന്തിന് ഇതര മതസ്ഥരും സഹോദര്യത്തിൽ വളരേണ്ട ചരിത്രഭൂമിയിലേയ്ക്കാണ് താൻ യാത്രചെയ്യുന്നതെന്നും പാപ്പാ സന്ദേശത്തിൽ തുറന്നു പ്രസ്താവിച്ചു.

ക്രൈസ്തവരോട് ഒരു വാക്ക്…
ക്രിസ്തുവിലുള്ള വിശ്വാസത്തിന് സാക്ഷ്യംവഹിക്കുന്നവർ ക്രൂരമായ പീഡനങ്ങൾക്കു വിധേയരാകുന്നുണ്ടെന്ന സത്യം പാപ്പാ തുറന്നു പറഞ്ഞു. രക്തസാ ക്ഷികളുടെ സഭാസമൂഹത്തെ കാണുവാനുള്ള ആ ഭാഗ്യനിമിഷത്തിനായി കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു. അവരുടെ ജീവിതസാക്ഷ്യത്തിനു നന്ദിപറയുന്ന പാപ്പാ, സ്നേഹത്തിന്‍റെ എളിയ ശക്തി മനസ്സിലാക്കി അതിൽ നങ്കൂരമടിച്ചു വസിക്കണമെന്ന് ജനങ്ങളെ ആഹ്വാനംചെയ്തു. നശിപ്പിക്കപ്പെട്ട ഭവനങ്ങളുടേയും നഷ്ടമായ വസ്തുവകകളുടേയും ചിന്തയാൽ അവരുടെ മനസ്സും ഹൃദയവും മുറിപ്പെട്ടതും വിങ്ങുന്നതുമാണെന്ന് പാപ്പാ വിശേഷിപ്പിച്ചു.

മദ്ധ്യപൂർവ്വദേശത്തിന്
ആഗോളസഭയുടെ സാന്ത്വനസ്പർശം

മദ്ധ്യപൂർവ്വദേശത്തെ നീറുന്ന സമൂഹത്തിന് ആഗോളസഭയുടെ സാന്ത്വനവും സ്നേഹസ്പർശവുമായിട്ടാണ് താൻ എത്തുന്നതെന്ന് പാപ്പാ അവസാനമായി പ്രസ്താവിച്ചു. വേദനയിലും ദുഃഖത്തിലും മുഴുകി നശിക്കാൻ ആർക്കും ഇടയാവാതിരിക്കട്ടെ. ഈ മണ്ണിന്‍റെ പുരാതന വിജ്ഞാനത്തിൽ വിശ്വസിക്കണമെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ അബ്രാഹത്തിന്‍റെ മാതൃക ചൂണ്ടിക്കാട്ടി. ഊർ ദേശത്തുനിന്നും എല്ലാം ഉപേക്ഷിച്ചു പോകേണ്ടിവന്നപ്പോഴും അദ്ദേഹം ദൈവത്തിലുള്ള പ്രത്യാശ കൈവെടിയാതെ ജീവിതത്തിൽ മുന്നോട്ടുതന്നെ ചരിച്ചുവെന്ന് ചൂണ്ടിക്കാട്ടി. (റോമ. 4, 18). ദൈവത്തിൽ അർപ്പിച്ച അബ്രാഹത്തിന്‍റെ പ്രത്യാശയാണ് ചരിത്രത്തിൽ നക്ഷത്രങ്ങൾപോലെ സമ്പന്നമായ സന്താനപരമ്പര ദൈവം അദ്ദേഹത്തിനു നല്കുവാൻ ഇടയാക്കിയതെന്നു പാപ്പാ ഉദ്ബോധിപ്പിച്ചു. ദൈവത്തിന്‍റെ സൃഷ്ടിയായ നക്ഷത്രങ്ങളിൽ അവിടുന്നിലുള്ള പ്രത്യാശയുടെ അടയാളം കാണുവാൻ ഇന്നത്തെ ജനതകൾക്കും സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

പ്രത്യാശയുടെ തീർത്ഥാടകൻ
ഏതാനും വർഷങ്ങളായി ഇറാക്കിലെ വേദനിക്കുന്ന ജനതയെ താൻ മനസ്സിലേറ്റുന്നതെങ്കിലും അവർ നിരാശരോ നഷ്ടധൈര്യരോ അല്ലെന്നു പാപ്പാ പ്രസ്താവിച്ചു. ഏറെ സഹിച്ച ഇവിടത്തെ ക്രൈസ്തവരും മുസ്‌ലീങ്ങളും യാസിദികളുമെല്ലാം സഹോദരങ്ങളാണ്. ഇന്ന് അവരുടെ മുറിപ്പെട്ട പുണ്യഭൂമിയിലേയ്ക്ക് പ്രത്യാശയുടെ തീർത്ഥാടകനായി താൻ എത്തുകയാണെന്നു വ്യക്തമാക്കി. നിനീവേ നിവാസകൾക്ക് പ്രത്യാശയായത് ജോനായുടെ പ്രവചനമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. അത് ദൈവം നല്കിയ നവമായ പ്രത്യാശയായിരുന്നെന്നും പാപ്പാ വ്യാഖ്യാനിച്ചു.

എല്ലാം നവമായി തുടങ്ങാം…
എല്ലാം പുനരാരംഭിക്കുവാനും നവീകരിക്കുവാനും ദൈവത്തിലുള്ള പ്രത്യാശ കൈവെടിയരുതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.  പ്രത്യേകിച്ച് ക്ലേശകരമായ ഈ മഹാമാരിയുടെ കാലത്ത്, ഇറാഖു ദേശത്ത് സാഹോദര്യം ഊട്ടിയുറപ്പിക്കുവാൻ നമുക്കു പരസ്പരം സഹായിക്കാം. അങ്ങനെ സമാധാനത്തിന്‍റെ ഭാവി നമുക്കു കെട്ടിപ്പടുക്കാം. പൂർവ്വപിതാവായ അബ്രഹാമിന്‍റെ പ്രത്യാശയുടെ കാലടിപ്പാടുകളെ നമുക്കിന്ന് അനുധാവനംചെയ്യാം. ഇതിനായി താൻ എല്ലാവരെയും അനുഗ്രഹിക്കുകയും ആശീർവ്വദിക്കുകയും ചെയ്യുന്നുവെന്നും. ഇറാഖിലെ യാത്രയിൽ പ്രാർത്ഥനയോടെ തന്നെ അനുധാവനംചെയ്യണമെന്നും അഭ്യർത്ഥിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

 

admin

Leave a Reply

Your email address will not be published. Required fields are marked *