ജോസഫ് അട്ടിപ്പേറ്റി പിതാവും സാമൂഹ്യപ്രവർത്തനങ്ങളും

 ജോസഫ് അട്ടിപ്പേറ്റി പിതാവും സാമൂഹ്യപ്രവർത്തനങ്ങളും

ജോസഫ് അട്ടിപ്പേറ്റി പിതാവും സാമൂഹ്യപ്രവർത്തനങ്ങളും

ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ് രണ്ടാം ലോകമഹായുദ്ധത്തിന്റെ വക്കിൽ ലോകം നിൽക്കുമ്പോഴാണ് അട്ടിപ്പേറ്റിപിതാവ് വരാപ്പുഴ അതിരൂപതയുടെ സാരഥ്യം ഏൽക്കുന്നത്. നാടെങ്ങും ജനങ്ങൾ, പ്രത്യേകിച്ചു ദുർബല വിഭാഗമായ ലത്തീൻ കത്തോലിക്കർ പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുന്ന നാളുകൾ. പാവപ്പെട്ടവരെ സഹായിക്കുന്നതിൽ സെന്റ് വിൻസെൻറ് ഡി പോൾ സൊസൈറ്റി വിദേശ രാജ്യങ്ങളിൽ ചെയ്തിരുന്ന സേവനങ്ങൾ തന്റെ ദീർഘമായ വിദേശപഠനകാലത്ത് നേരിൽക്കണ്ടു മനസ്സിലാക്കിയിരുന്ന അദ്ദേഹം ഇവിടെയും അതിന്റെ ശാഖകൾ സ്ഥാപിക്കുവാൻ മുൻകൈ എടുത്തു. തൽഫലമായി എറണാകുളം പ്രദേശത്ത് ആദ്യമായി സൊസൈറ്റിയുടെ ഒരു യൂണിറ്റ് 1935 ഒക്ടോബർ 15 നു കത്തീഡ്രൽ പള്ളി കേന്ദ്രീകരിച്ച് എറണാകുളം കോൺഫറൻസ് എന്ന പേരിൽ പിതാവ് ഉദ്ഘാടനം ചെയ്തു. അന്ന് ഇതുപോലൊരു സംഘടന ഈ പ്രദേശത്ത് വേറെയില്ലാതിരുന്നതിനാൽ എറണാകുളം, പെരുമാന്നൂർ, പാലാരിവട്ടം, ചാത്യാത്ത് മുതലായ പ്രദേശങ്ങളിൽ ജാതി, മത, റീത്ത് വ്യത്യാസമില്ലാതെ പാവപ്പെട്ടവർക്ക് ഈ സംഘടനയിൽ നിന്ന് സഹായങ്ങൾ നൽകിയിരുന്നു. ഇതിന്റെ പ്രവർത്തനവിജയം കണ്ടപ്പോൾ അതിരൂപതയിലെ എല്ലാ ഇടവകകളിലും ഈ സംഘടനയുടെ ശാഖകൾ തുടങ്ങുവാൻ പിതാവ് ഇടവക വൈദികരെ പ്രേരിപ്പിക്കുവാൻ തുടങ്ങി. അങ്ങനെ പിതാവിന്റെ ജീവിതകാലത്തു തന്നെ അതിരൂപതയിലെ ബഹുഭൂരിപക്ഷം ഇടവകകളിലും ഈ സംഘടന പ്രവർത്തനം ആരംഭിച്ചു. പിതാവ് അതിരൂപതാഭരണം ഏറ്റെടുത്ത ആദ്യകാലത്തുതന്നെ നിരാലംബരായ വയോജനങ്ങൾക്കായി 1944 ൽ എറണാകുളത്ത് ഹൗസ് ഓഫ് പ്രൊവിഡൻസ് സ്ഥാപിച്ചു. നമ്മുടെ നാട്ടിൽ ഒരിടത്തും ഇത്തരമൊരു സ്ഥാപനം അന്നുണ്ടായിരുന്നില്ല. ഇന്നും അതിരൂപതയുടെയും എറണാകുളത്തിന്റെയും ഒരു അഭിമാനസ്ഥാപനമായി ഇത് നിലകൊള്ളുന്നു. സാമൂഹ്യ സേവനത്തിനും പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്നതിനും പിതാവിന് ഒരു പ്രത്യേക താല്പര്യമുണ്ടായിരുന്നു. സാധാരണക്കാരായ സമുദായാംഗങ്ങളെ സഹായിക്കുന്നതിനും, സമുദായ ക്ഷേമപ്രവർത്തനങ്ങൾ വ്യാപകമായി നടത്തുന്നതിനുമായി എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി 1962 ൽ അദ്ദേഹം ആരംഭിച്ചു. പിതാവിന്റെ സാമൂഹ്യപ്രവർത്തനത്തോടുള്ള താല്പര്യം മനസ്സിലാക്കിയ ഭാരതത്തിലെ മെത്രാൻ സഭ (സി.ബി.സി.ഐ) അതിന്റെ ആരംഭം മുതൽ അട്ടിപ്പേറ്റിപ്പിതാവിന്റെ മരണം വരെ, ഇന്ത്യയിലെ കത്തോലിക്കാസഭയുടെ സാമൂഹ്യ സേവന വിഭാഗത്തിന്റെ അധ്യക്ഷസ്ഥാനത്ത് പ്രതിഷ്ഠിച്ചു. സി.ബി.സി.ഐയുടേയും കേരള ബിഷപ്സ് കോൺഫറൻസിന്റെയും (കെ.സി.ബി.സി) സ്ഥാപകരിൽ പ്രമുഖനായിരുന്നു അഭിവന്ദ്യ അട്ടിപ്പേറ്റി പിതാവ്. സി.ബി.സി.ഐ യുടെ ആഭിമുഖ്യത്തിൽ ബാംഗ്ലൂർരിൽ സെന്റ് ജോൺസ് മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിലും മുഖ്യമായ പങ്ക് പിതാവ് വഹിച്ചിട്ടുണ്ട്.

 

admin

Leave a Reply

Your email address will not be published. Required fields are marked *