ഇറാഖിന്‍റെ വ്രണിതഹൃദയത്തിന് ശാന്തി ലേപനമായ സന്ദർശനം
- International News
- admin
- March 11, 2021
- 0
- 95
- 3 minutes read
ഇറാഖിന്‍റെ വ്രണിതഹൃദയത്തിന് ശാന്തി ലേപനമായ സന്ദർശനം
1. സാന്ത്വനസാമീപ്യം
കോവിഡ് മഹാവ്യാധി ആരംഭിച്ചതിനുശേഷമുള്ള പാപ്പായുടെ ആദ്യ വിദേശ യാത്ര മാർച്ച് 5, വെള്ളിയാഴ്ച ഇറാഖിലേയ്ക്കായിരുന്നു. മൂന്നു ദിനരാത്രങ്ങൾ നീണ്ട പര്യടനത്തിൽ തലസ്ഥാന നഗരമായ ബാഗ്ദാദിൽനിന്നു തുടങ്ങി ഇസ്ലാമിക പുണ്യനഗരവും ബൈബിൾ ചരിത്രഭൂമിയും, അഭയാർത്ഥി കേന്ദ്രവും പലായനങ്ങളുടെ നഷ്ടാവശിഷ്ടങ്ങളും കടന്നു പാപ്പാ ബാഗ്ദാദിൽനിന്നു തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് വത്തിക്കാനിൽ മടങ്ങിയെത്തി. പരിശുഷ്കമെങ്കിലും പുരാതനമായ ക്രൈസ്തവ സമൂഹങ്ങൾക്ക് ആശ്വാസം പകരുവാനും മുസ്ലിം ലോകവുമായി ഊഷ്മളബന്ധം പടുത്തുയർത്തുവാനുമായിരുന്നു പാപ്പാ ലക്ഷ്യമിട്ടത്. തന്‍റെ മുൻഗാമികളായ രണ്ടു പാപ്പാമാർ അഭിലഷിച്ചിരുന്നുവെങ്കിലും അത് സഫലമാക്കുവാനുള്ള നിയോഗം ലഭിച്ചത് പാപ്പാ ഫ്രാൻസിസിനാണ്.
2. ഹാർദ്ദവമായി സ്വാഗതമൊരുക്കി ബാഗ്ദാദ്
ഇറാഖിൽ പടരുന്ന കോവിഡ്-19 മഹാവ്യാധിയും തന്‍റെ ശാരീരികാസ്വസ്ഥതകളും പരിഗണിക്കാതെയാണ് കനത്ത സുരക്ഷാ വലയത്തിനിടയിലേയ്ക്ക് ബാഗ്ദാദിൽ പാപ്പാ എത്തിയത്. പ്രധാനമന്ത്രി ഉൾപ്പെടെ രാഷ്ട്രനേതാക്കൾ പാപ്പായെ സ്വീകരിച്ചാനയിച്ചു. പിന്നീട് പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിൽ രാഷ്ട്രനേതാക്കളും നയതന്ത്ര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയും നടന്നു. വൈകീട്ട് ഇറാഖിലെ മെത്രാന്‍മാരും വൈദികരും സന്ന്യസ്തരുമായി കൂടിക്കാഴ്ച നടത്തിയ പാപ്പാ ഫ്രാൻസിസ് ബാഗ്ദാദിലുള്ള വത്തിക്കാന്‍റെ നയതന്ത്ര പ്രതിനിധിയുടെ വസതിയിൽ രാത്രി വിശ്രമിച്ചു.
3. നജാഫ് സന്ദർശനവും ഉഭയ മത ചർച്ചകളും
ഇസ്ലാമിക ലോകത്തെ മൂന്നാമത്തെ തീർത്ഥാടന കേന്ദ്രവും ഷിയ മുസ്ലീങ്ങളുടെ പുണ്യനഗരവുമായ നജാഫ് ശനിയാഴ്ച സന്ദർശിച്ച പാപ്പാ ഫ്രാൻസിസ് ആത്മീയാചാര്യനായ ആയത്തൊള്ള അലി അൽ സസ്താനിയുമായി ഇമാം അലി മോസ്കിനു അനുബന്ധമായുള്ള അദ്ദേഹത്തിന്‍റെ വസതിയിൽവെച്ച് ഉഭയമതകാര്യങ്ങൾ ചർച്ചചെയ്തു. എല്ലാ ഇറാഖികളെയും പോലെ സുരക്ഷിതവും സമാധാനപരവുമായി ജീവിക്കുവാനുള്ള അവകാശം ഇറാഖിലെ ഭരണഘടന ക്രിസ്ത്യാനികൾക്കും ഉറപ്പുനല്കുന്നുണ്ടെന്ന് ആരാധ്യനായ ആയത്തൊള്ള അലി അൽ സസ്താനി കൂടിക്കാഴ്ചയെ തുടർന്നുള്ള പ്രസ്താവനയിൽ പറഞ്ഞു.
ക്രിസ്ത്യാനികളും യഹൂദരും മുസ്ലീങ്ങളും ഒരുപോലെ പൂർവ്വപിതാവായി ആരാധിക്കുന്ന അബ്രഹാമിന്‍റെ ജന്മദേശമായ ഊർ സമതലത്തിൽ ശനിയാഴ്ച വൈകീട്ട് നടന്ന സർവ്വമത പ്രാർത്ഥനയിൽ ഇരുമതങ്ങൾക്കുമിടയിൽ സാഹോദര്യവും സമാധാനവും പുലരേണ്ടതിന്‍റെ ആവശ്യം പാപ്പാ ഫ്രാൻസിസ് ഊന്നിപ്പറഞ്ഞു. “ഭ്രാതൃഹത്യയെക്കാൾ ഈടുറുപ്പുള്ളത് സാഹോദര്യമാണെന്നും, മരണത്തെക്കാൾ ശക്തിമത്താണ് പ്രത്യാശയെന്നും, യുദ്ധത്തെക്കാൾ അതീവശക്തം സമാധാനമാണെന്നും നമുക്കു ബോധ്യപ്പെട്ടു കഴിഞ്ഞു.” പാപ്പാ കൂട്ടിച്ചേർത്തു, “വിനാശത്തിന്‍റെ പാത പിന്തുടർന്ന് ദൈവനാമം ദുരുപയോഗിക്കുന്നവർ വീഴ്ത്തുന്ന ചോരയ്ക്കു അതിനെ നിശബ്ദമാക്കുവാൻ കഴിയില്ല.”
4. ഹൃദയഭേദകമായ കാഴ്ചകളുമായി മൊസൂളും അർബീലും
മാർച്ച് 7-ന് ഞായറാഴ്ച രാവിലെ, മൊസൂൾ സന്ദർശിച്ച പാപ്പാ ഫ്രാൻസിസ് നാലു വർഷത്തെ ഇസ്ലാമിക് സ്റ്റേറ്റ് ആധിപത്യം നഗരത്തിനേല്പിച്ച ആഘാതത്തിന്‍റെ നഷ്ടാവശിഷ്ടങ്ങൾ കണ്ട് നേരിലറിഞ്ഞു. ഭീകരവാദത്തിന്‍റെ കെടുതികളേയും യാതനകളേയും പീഡനങ്ങളേയും പലായനങ്ങളേയും സ്മരിച്ച പാപ്പാ ഇറാഖിലെ വൻനഗരങ്ങളിൽ മൂന്നാം സ്ഥാനമുണ്ടായിരുന്ന മൊസൂളിന്‍റെ പതനത്തിൽ അനുതപിച്ചു. “വിവിധ സാംസ്കാരിക-മത-വിശ്വാസ പാരമ്പര്യമുള്ള ജനങ്ങൾ തമ്മിലുള്ള സഹവർത്തിത്വമാണ് ഈ നഗരത്തിന്‍റെ മുഖമുദ്രയായിരുന്നതെന്ന്,” പാപ്പാ പറഞ്ഞു. തകർക്കപ്പെട്ടതും വിവിധ വിഭാഗങ്ങളിൽ പെട്ടതുമായ നാലു ക്രൈസ്തവ ദേവാലയങ്ങളാൽ വലയം ചെയ്ത ചത്വരത്തിൽനിന്നാണ് പാപ്പാ ഫ്രാൻസിസ് ഇതു പറഞ്ഞത്.
വെടിയുണ്ടകൾ തുളഞ്ഞു കയറിയ ഭിത്തികൾക്കു മുകളിൽ “മൊസൂൾ അങ്ങയെ സ്വാഗതം ചെയ്യുന്നു,” എന്നുള്ള കമാനവും ബാനറുകളും ചുറ്റും നിറഞ്ഞുനിന്നു. യുദ്ധത്തിൽ കൊല്ലപ്പെട്ടവർക്കും പലായനംചെയ്യാൻ നിർബന്ധിതരായവർക്കുംവേണ്ടിയും അക്രമകാരികളുടെ മാനസാന്തരത്തിനുവേണ്ടിയും പാപ്പാ പ്രാർത്ഥിച്ചു.
5. ഇറാഖുയാത്രയുടെ
വികാരനിർഭരമായ പരിസമാപ്തി
മൊസൂളിൽ യുദ്ധക്കെടുതികൾക്ക് ഇരയായി ജീവൻ വെടിഞ്ഞവർക്കായുള്ള പ്രാർത്ഥനയ്ക്കുശേഷം പാപ്പാ ഫ്രാൻസിസ് പറഞ്ഞു, “സംസ്കാരങ്ങളുടെ പിള്ളത്തൊട്ടിലായ ഈ രാജ്യം പ്രാകൃതമായ ഭീകരാക്രമണങ്ങളിൽ തകർന്നടിഞ്ഞത് എത്ര ക്രൂരമാണ്. ആയിരക്കണക്കിന് മുസ്‌ലീങ്ങളും ക്രൈസ്തവരും യാസീദികളും ഭീകരരാൽ കൊല്ലപ്പെട്ടു. അതിലൂമെത്രയോ പേരാണ് പലായനം ചെയ്യാൻ നിർബന്ധിതരായത്.” 2003-ലെ യുദ്ധത്തിനുശേഷം ഏതാനും ആയിരങ്ങളായി ചുരുങ്ങിയ ഇറാഖിലെ ക്രൈസ്തവ സമൂഹങ്ങൾ 2014-ലെ ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശത്തോടെ നാമാവശേഷമാക്കപ്പെട്ടു.
രാജ്യാന്തര സമൂഹത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതലയുള്ള മുസ്ലീം എൻജിനീയറായ അനസ് സയീദ് പറഞ്ഞു. “നാടുവിട്ടുപോയ ക്രിസ്ത്യാനികളുടെ തിരിച്ചുവരവിന് പാപ്പായുടെ സന്ദർശനം വഴിയൊരുക്കണം. അവരുടെ മുസ്ലീം സുഹൃത്തുക്കളും നല്ല ഓർമ്മകളും സ്വഭവനങ്ങളും ഇവിടെയുണ്ട്. അവർ തിരിച്ചുവരേണ്ടിയിരിക്കുന്നു.” ഞങ്ങൾ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒരുമയോടേയും പരസ്പര സഹകരണത്തോടേയും ഇവിടെ ജീവിക്കുകയായിരുന്നു. ശിശുരോഗ വിദഗ്ദ്ധയായ 37-കാരി ഡോക്ടർ റാണാ ബസ്സോയി പറഞ്ഞു. “പാപ്പായുടെ സന്ദർശനം എല്ലാവരുടേയും തരിച്ചുവരവിന് തുടക്കമാകും. ഇതെല്ലാം നേരിൽ അനുഭവിച്ച ഞങ്ങളിൽ ഒരാളെപ്പോലെയാണ് പാപ്പാ പെരുമാറുന്നത്.” “നിങ്ങൾക്കിടയിലേയ്ക്ക് ഒരു തീർത്ഥാടകനെപ്പോലെയാണ് ഞാൻ വന്നിരിക്കുന്നത്.” പാപ്പാ ഫ്രാൻസിസ് പ്രതിവചിച്ചു.
6. കുർദ്ദിസ്ഥാൻ സ്വയംഭരണ മേഖലയിൽ
മൊസൂളിൽനിന്ന് ഹെലിക്കോപ്റ്ററുകളുടെ സുരക്ഷാ അകമ്പടിയോടെ പാപ്പാ ഇറാഖി കുർദ്ദിസ്ഥാൻ സ്വയംഭരണ പ്രവിശ്യയിലേയ്ക്ക് റോഡുമാർഗ്ഗം പ്രവേശിച്ചു. തലസ്ഥാനമായ അർബീലിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ അഭയാർത്ഥി ക്യാമ്പുകളുടെ നടുവിലൂടെയാണ് ക്രിസ്ത്യാനികൾ കൂടുതൽ വസിക്കുന്ന പട്ടണമായ ക്വരഘോഷിലേയ്ക്ക് നിരുദ്ധകണ്ഠനായി പാപ്പാ മെല്ലെ കടന്നുപോയത്. ഇറാഖിന്‍റെ പരമ്പരാഗത രീതിയിൽ ശുഭ്രവസ്ത്രങ്ങളും തലപ്പാവുകളുമണിഞ്ഞ് കുട്ടികളും കൗമാരക്കാരും വഴിയരുകിൽ ഒലിവുശിഖരങ്ങൾ വീശിയും ആർത്തുവിളിച്ചും തങ്ങളുടെ അജപാലകനെ എതിരേറ്റു. പാപ്പായെ ഒരുനോക്കു കാണുവാനും അടുത്തെത്തുവാനുമുള്ള ജനക്കൂട്ടത്തിന്‍റെ ശ്രമത്തിൽ സാമൂഹിക അകലത്തിനുള്ള കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് പലപ്പോഴും വിഫലമായി. അഭയ സ്ഥാനമായി മാറിയ അർബീൽ നഗരത്തിൽ ദേശഭ്രഷ്ടരായവരും പലായനംചെയ്യേണ്ടി വന്നവരും പാപ്പാ ഫ്രാൻസിസിന്‍റെ വരവിൽ ആഹ്ലാദം പ്രകടിപ്പിച്ചു.
അർബീലിലെ ഫ്രാസോ ഹരീരി സ്റ്റേഡിയത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത ദിവ്യബലിയിൽ ദുഖാകുലനെങ്കിലും പ്രത്യാശയുടെ ദൂതനായി പാപ്പാ ദിവ്യബലി അർപ്പിച്ചു, വചന പ്രഭാഷണവും നട്ത്തി. രാത്രിതന്നെ ബാഗ്ദാദിലേയ്ക്കു മടങ്ങിയ പാപ്പാ തിങ്കളാഴ്ച കാലത്ത് വികാരനിർഭരനായി ഇറാഖിൽനിന്ന് റോമിലേയ്ക്കു മടങ്ങി.