ജീവൻ ഒരിക്കലും അവസാനിക്കുന്നില്ല, എന്ന സന്ദേശമാണ് ക്രിസ്തുവിൻ്റെ ഉയർപ്പ്: ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.
കൊച്ചി: ഏറ്റവും ആദ്യം ഉയർപ്പു ഞായർ നമ്മെ പഠിപ്പിക്കുന്നത് ജീവൻ ഒരിക്കലും അവസാനിക്കുന്നില്ല, സ്നേഹം ഒരിക്കലും മരിക്കുകയില്ല എന്ന സത്യമാണ്. ഉത്ഥിതനായ ക്രിസ്തു നമ്മിൽ ജീവിക്കുമ്പോൾ നമ്മിൽ നിന്ന് സ്നേഹത്തിൻ്റെയും കരുണയുടെയും നീർച്ചാൽ ഒഴുകും. ആ നീർച്ചാൽ അനേകർക്ക് ജീവൻ നൽകും.
ഫ്രാൻസിസ് പാപ്പാ ഇപ്രകാരം ഓർമ്മപ്പെടുത്തുന്നു, ഉയർപ്പിൻറെ സുവിശേഷം വളരെ വ്യക്തമാണ് , യേശുവിൻറെ ഉയർപ്പ് കാണുവാനും അവിടുത്തെ ഉയിർപ്പിന് സാക്ഷികളും ആകാൻ നാം, തുറന്നുകിടക്കുന്ന ലോകത്തിലെ ഏക കല്ലറയിലേക്ക് പോകേണ്ടതുണ്ട് .
ചരിത്രത്തിലേക്കുള്ള ഒരു തിരിച്ചുപോക്ക് അല്ല ഇത് കഴിഞ്ഞു പോയ കാലത്തെ കുറിച്ചുള്ള സുഖമുള്ള ഒരു സ്മരണയും അല്ല ഇത്. മറിച്ച് ആദ്യ സ്നേഹത്തിലേക്കുള്ള തിരിച്ചുപോക്കാണ്.
യേശുനാഥൻ കൊളുത്തിയ സ്നേഹം സ്വീകരിച്ചുകൊണ്ട് , ഈ സ്നേഹം എല്ലാ ജനത കളിലേക്കും ലോകത്തിൻ്റെ അതിർത്തിവരെ എത്തിക്കാൻ ഉള്ള ക്ഷണമാണ് ഉയർപ്പ് തിരുന്നാൾ.
പ്രതീക്ഷയുടെ തിരി അണയുന്ന ഈ കാലഘട്ടത്തിൽ, സ്നേഹമില്ലായ്മയുടെ ഇരുട്ട് നമ്മെ ഭയപ്പെടുത്തുകയും മുന്നോട്ടു പോകുന്നതിൽ നിന്ന് നമ്മെ തടയുന്നുമുണ്ട്. എന്നാൽ ഇവിടെയാണ് പാപത്തെയും മരണത്തെയും ജയിച്ചുകൊണ്ട് ഉത്ഥിതനായ ക്രിസ്തുവിനെ നാം നോക്കേണ്ടത് . വലിയ വെളിച്ചവും ആ വെളിച്ചത്തിൽ നിന്ന് വിവരിക്കാനാവാത്ത സമാധാനവും പ്രത്യാശയും നമ്മുടെ മനസ്സിൽ തീർച്ചയായും നിറയും. ഇവിടെ എല്ലാ ആശങ്കകളും പ്രത്യാശയ്ക്ക് വഴിമാറുന്നു.
അപ്പസ്തോല പ്രവർത്തനങ്ങളിൽ പതിനാറാം അദ്ധ്യായം 31 ആം വാക്യം നമ്മുടെ മനസ്സിലുണ്ടാകണം, “കർത്താവായ യേശുവിൽ വിശ്വസിക്കുക, നീയും നിൻറെ കുടുംബവും രക്ഷപ്രാപിക്കും”
പലവിധത്തിൽ തകർന്ന മനുഷ്യരെ കൈപിടിച്ച് ഉയർത്തുകയാണ് , ഉദ്ധാന ത്തിൻറെ സന്തോഷത്തിൽ നമ്മൾ ചെയ്യേണ്ടത്. അങ്ങനെ പാവങ്ങളിലേക്കും രോഗികളിലേക്കും നമ്മുടെ കരങ്ങൾ നീട്ടി കൊണ്ട് നമുക്ക് ഉദ്ധാന ത്തിൻറെ സന്തോഷം പങ്കു വയ്ക്കാം. എല്ലാവർക്കും ഉയർപ്പ് തിരുനാളിൻറെ ആശംസകൾ.