മേരി ട്രീസാമ്മ യാത്രയായി…..
മേരി ട്രീസാമ്മ യാത്രയായി….
കൊച്ചി : യാത്ര ചോദിക്കാനൊന്നും നിൽക്കാതെ മേരി ട്രീസാമ്മ യാത്രയായി…
എപ്പോഴും അങ്ങിനെതന്നെയാ.
നമുക്ക് സഹായം ആവശ്യമുള്ളപ്പോൾ നമ്മോട് ചോദിക്കാതെ കയറിവരും.
അത് കഴിയുമ്പോൾ ഒന്നും പറയാതെ ഇറങ്ങിപ്പോകും.
മേരി ട്രീസാമ്മയെ അറിയുന്നവരാരും അവരെ ‘സിസ്റ്റർ’ എന്ന് വിളിക്കാറില്ല.
കാരണം അവർ എല്ലാവർക്കും അമ്മ തന്നെയായിരുന്നു.
വരാപ്പുഴ അതിരൂപതയിൽ ഒരാൾ വലിയ പട്ടങ്ങളിലെ ആദ്യപട്ടമായ ഡീക്കൻ പട്ടം സ്വീകരിക്കുമ്പോൾ മുതലെങ്കിലും ആ അമ്മയുമായി ആരംഭിക്കുന്ന ഒരു ബന്ധമുണ്ട്.
പിന്നീടയാൾ മേരി ട്രീസാമ്മയ്ക്ക് സ്വന്തം സഹോദരനാണ്, മകനാണ്.
ഞാനും ഡീക്കൻപട്ട സ്വീകരണത്തോടെയാണ് മേരി ട്രീസാമ്മയെ പരിചയപ്പെടുന്നത്.
പിന്നീട്, ദാനിയേൽ പിതാവിന്റെ സെക്രട്ടറിയാകുന്നതോടെ മേരി ട്രീസാമ്മ ജീവിതത്തിലെ നിരന്തര സാന്നിദ്ധ്യമായി മാറി. അവസാനം ഫോണിൽ വിളിക്കുമ്പോൾ
ആശുപത്രിയിലാണന്ന് പറഞ്ഞു, സന്തോഷത്തോടെ സംസാരിച്ചു.
അതിരൂപതയിലെ വലിയ ലിറ്റർജിക്കൽ ആഘോഷങ്ങൾക്ക് സൗന്ദര്യവും ക്രമവും ദൈവിക പരിവേഷവും നൽകുന്നതിന് മേരി ട്രീസാമ്മയുടെ അദ്ധ്വാനവും സഹായവും നിർലോഭമായിരുന്നു….
അതിരൂപതാ ആസ്ഥാന മന്ദിരമാറ്റത്തിന്റെ നൂറാം വാർഷികം….
ഫ്രാൻസിസ് ചുള്ളിക്കാട്ട് പിതാവിന്റെ മെത്രാഭിഷേകം….
ജോസഫ് കാരിക്കശ്ശേരി പിതാവിന്റെ മെത്രാഭിഷേകം….
വല്ലാർപാടം ബസലിക്കാ പദവിയിലേക്കുയർത്തൽ, മാതാവിന്റെ തീർത്ഥാടനങ്ങൾ….
ഭാരതത്തിലെ ലത്തീൻ കത്തോലിക്കാ മെത്രാൻമാരുടെ സംഗമം….
അനവധി തിരുപ്പട്ടസ്വീകരണങ്ങൾ, തൈല പരികർമ്മ ദിവ്യബലികൾ….
അങ്ങിനെ, ദിവ്യബലിക്കായുള്ള തിരുവസ്ത്രങ്ങൾ ഒരുക്കിയും, അൾത്താരയിൽ മെഴുക് തിരികൾ തെളിയിച്ചും വിശുദ്ധ ബലിപീഠം അലങ്കരിച്ചും മേരി ട്രീസാമ്മ അണിയറയിൽ നിറഞ്ഞ സാന്നിദ്ധ്യമായി.
കൊർണേലിയൂസ് പിതാവിന്റെ വിശ്രമ ജീവിതത്തിൽ അവസാനം വരെ മേരി ട്രീസാമ്മ താങ്ങും തണലുമായി.
ഇതൊന്നും മാത്രമായിരുന്നില്ല മേരി ട്രീസാമ്മ. വിമല സോഷ്യൽ സർവ്വീസ് സെന്ററിലൂടെ അനേകം യുവതികൾക്ക് ജീവിതത്തിൽ വർണ്ണങ്ങൾ തുന്നിച്ചേർക്കാൻ അവസരമൊരുക്കി മേരി ട്രീസാമ്മ …
നിർദ്ധനരായ യുവതികളുടെ വിവാഹത്തിന് സ്വർണ്ണമൊരുക്കാനും പണമൊരുക്കുവാനും വസ്ത്രങ്ങൾ വാങ്ങുവാനും മേരി ട്രീസാമ്മ പലരുടേയും പക്കൽ കയറിയിറങ്ങി.
എറണാകുളത്തെ പല ജ്വല്ലറികളിലും മേരി ട്രീസാമ്മ അവർക്ക് വേണ്ടി കൈ നീട്ടിയിട്ടുണ്ട്.
അവരിൽ പലരും മറ്റാർക്കോ വേണ്ടി തങ്ങളുടെ മുൻപിൽ കൈ നീട്ടുന്ന ഈ കന്യാസ്ത്രിയെ സഹായിച്ചിട്ടുമുണ്ട്.
താനറിയുന്നവർക്കും അറിയാത്തവർക്കും സത്യത്തിൽ ആ കന്യാസ്ത്രീ അമ്മയായി മാറി…..
സ്വർഗ്ഗത്തിലെ അൾത്താരയ്ക്ക് ഇന്ന് പ്രത്യേക ഭംഗിയായിരിക്കും.
കാരണം, ഭൂമിയിലെ അൾത്താരകൾക്കരികിൽ ചേർന്ന് നിന്ന് വിടർന്ന ഒരു പൂവ് കൊണ്ടാണ് സ്വർഗ്ഗത്തിലെ അൾത്താര ഇന്ന് അലങ്കരിക്കുന്നത്….
ഈശോയുടെ പ്രിയപ്പെട്ട കർമ്മലാരാമത്തിലെ സൗന്ദര്യപുഷ്പം.
എന്നത്തേതും പോലെ, കാണാതേയും പറയാതേയുമാണ് യാത്രയായതെങ്കിലും, ആവശ്യമുള്ളപ്പോൾ പറയാതെതന്നെ അരികിലുണ്ടാകും എന്നുറപ്പുണ്ട്.
നന്ദി നിറഞ്ഞ ഹൃദയത്തോടെ നിത്യശാന്തി നേരുന്നു….
Fr. Job Vazhakkoottathil
Archdiocese of Verapoly