അപകടകരമായി വാഹനമോടിച്ചാലും ഉടനെ കേസ് രജിസ്റ്റർ ചെയ്യാനാവുമോ?
അപകടകരമായി വാഹനമോടിച്ചാലും ഉടനെ കേസ് രജിസ്റ്റർ
ചെയ്യാനാവുമോ?
കൊച്ചി : ക്രിമിനൽ നടപടിക്രമത്തിൽ കുറ്റങ്ങളെ രണ്ടായി തരംതിരിച്ചിട്ടുണ്ട് – (Cognizable) പൊലീസിന് നേരിട്ട് കേസ് രജിസ്റ്റർ ചെയ്യാവുന്ന കുറ്റങ്ങൾ, (Non Cognizable) നേരിട്ട് കേസ് രജിസ്റ്റർ ചെയ്യാനാകാത്ത കുറ്റങ്ങൾ. മോട്ടോർ വാഹന നിയമത്തിലെ അപകടകരമായ ഡ്രൈവിംഗ്, മൊബൈൽ ഫോൺ ഉപയോഗം മുതലായവ ഉൾപ്പെടുന്ന വകുപ്പ് 184, മദ്യപിച്ച് വാഹനമോടിക്കുന്ന കുറ്റം വരുന്ന 185, അനുബന്ധ വകുപ്പുകൾ non cognizable എന്ന ഗണത്തിൽ വരുന്നവയാണ്.
ഇത്തരം കുറ്റകൃത്യങ്ങൾ പോലീസ് / മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്മുന്നിൽ നടന്നാൽ അവരെ അറസ്റ്റ് ചെയ്യാം പക്ഷേ മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകൾ മാത്രമാണ് കുറ്റമായി ചേർക്കുന്നതെങ്കിൽ ഉടനെ കേസെടുക്കാനാവില്ല. (മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിക്കുന്ന കേസുകളിൽ കേരള പോലീസ് ആക്ട് നിലനിൽക്കില്ലെന്ന് കോടതി വിധിയുണ്ട്). ഉടനെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുത്ത് കോടതിയിൽ റിപ്പോർട്ട് ഫയൽ ആക്കിയാൽ പോലും നിയമപരമായി നിലനിൽക്കില്ല. ഇക്കാര്യം 2011 ൽ തന്നെ കേരള ഹൈക്കോടതി (Crl MC No. 702/2011) വ്യക്തമാക്കിയിട്ടുള്ളതാണ്. പകരം ഉദ്യോഗസ്ഥർ ചെയ്യേണ്ടത്, ക്രിമിനൽ നടപടിക്രമത്തിലെ വകുപ്പ് 155(2) പ്രകാരം അനുമതി തേടി, കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി ചാർജ്ജ് ഷീറ്റ് ഫയൽ ചെയ്യണം. എന്ന് കരുതി കുറ്റകൃത്യം കാണുമ്പോൾ ഒരു നടപടിയും എടുക്കാനാവില്ല എന്നല്ല, അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടാം, വൈദ്യ പരിശോധന ആവശ്യമുള്ള ഘട്ടത്തിൽ അതുമാകാം. പക്ഷേ, നിയമപരമായി നിലനിൽക്കണമെങ്കിൽ ഉടനടി കേസ് രജിസ്റ്റർ ചെയ്യാനാവില്ല, മജിസ്ട്രേറ്റിൻറെ അനുമതി വാങ്ങിയ ശേഷം വേണം, കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ.
Adv.Sherry J Thomas
sherryjthomas@gmail.com
https://m.facebook.com/story.php?story_fbid=330238442139248&id=108006441029117