വിശ്വാസത്തോടെ നിരന്തരം പ്രാർത്ഥിക്കുക
വിശ്വാസത്തോടെ നിരന്തരം
പ്രാർത്ഥിക്കുക
നിരന്തരമായി പ്രാർത്ഥിക്കണമെന്നും, എപ്രകാരം പ്രാർത്ഥിക്കണമെന്നും മിശിഹാ നമ്മെ പഠിപ്പിക്കുകയാണ്. ഈശോ പ്രാർത്ഥനയിൽ അവനോടൊപ്പം എങ്ങനെ ചേർന്നിരിക്കണമെന്ന് തിരുസഭയെ ഉദ്ബോധിപ്പിക്കുകയാണ് ഇന്നത്തെ(22.08.21) വചനഭാഗത്തിലൂടെ. “എന്നിൽ നിലനിൽക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് ഫലം പുറപ്പെടുവിക്കുവാൻ കഴിയുകയില്ല” എന്ന് യോഹന്നാന്റെ സുവിശേഷം പതിനഞ്ചാമദ്ധ്യായം നാലാം വാക്യത്തിലൂടെ ഈശോ അരുളിചെയ്തത് അവിടുന്ന് അടിവരയിട്ട് ഉറപ്പിച്ച് ഉപമകളിലൂടെ നമുക്ക് പറഞ്ഞു തരികയാണ് ഇന്നത്തെ സുവിശേഷഭാഗത്തിലൂടെ.
ലോകം കണ്ട വലിയ ദുരന്തങ്ങളുടെ കാലഘട്ടത്തിലൂടെ ഇന്ന് നമ്മൾ കടന്നു പോകുകയാണ്. പ്രകൃതിക്ഷോഭമായും പ്രളയമായും വൈറസ്സായും പലതും നമ്മളെ ഇന്ന് വേട്ടയാടുമ്പോൾ വിദ്യാഭ്യാസത്തിനും വികസനത്തിനും പാശ്ചാത്യരാജ്യങ്ങളോട് കിടപിടിക്കുമെന്ന് ഊറ്റം കൊള്ളുന്ന ഒരു ശരാശരി മലയാളി ഇന്ന് നിസ്സഹായനാണ്. ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും ഒരു പരിധിയുണ്ടെന്നും അവ നൽകുന്ന സാദ്ധ്യതകൾ അനന്തമല്ലെന്നും, കുറച്ചുപേരെങ്കിലും തിരിച്ചറിയുന്ന അവസരമാണിത്. ദൈവത്തെ മനുഷ്യഹൃദയത്തിൽനിന്നും പറിച്ചുമാറ്റുവാൻ ബോധപൂർവ്വം പലരും ശ്രമിക്കുമ്പോഴും ദൈവമേയെന്ന് ഉള്ളിന്റെയുള്ളിൽ വിളിക്കുവാൻ ഒത്തിരിയേറെപ്പേർ കൊതിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാമിന്ന് കടന്നുപോകുന്നത്. എന്റെ രക്ഷകനായ ദൈവമേയെന്ന് മനസ്സിൽ ഉരുവിടാൻ ദൈവജനം ഒന്നുചേർന്ന് ആഗ്രഹിക്കുന്ന കാലഘട്ടം. പക്ഷെ ഇവിടെയും, ദൈവം ഉണ്ടെങ്കിൽ എനിക്കിത് സംഭവിക്കില്ലല്ലോ ഈ ദുരന്തങ്ങൾ ഉണ്ടാകുകയില്ലല്ലോ എന്ന് മനുഷ്യന്റെ ഹൃദയം ഒരുനേരമെങ്കിലും ഓർത്തുപോകുന്നുണ്ടോയെന്ന് സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇന്നത്തെ സുവിശേഷഭാഗം പ്രസക്തമായിത്തീരുന്നത്, ഈ ഭാഗത്തിലൂടെ എപ്രകാരം ഈശോയോട് ചേർന്നിരിക്കണമെന്നും ദൈവത്തിലുള്ള വിശ്വാസത്തിൽ ഉറച്ചുനിൽക്കണമെന്നും തമ്പുരാൻ നമ്മളെ പഠിപ്പിക്കുകയാണ്.
വിശുദ്ധ ജോൺ ക്രിസോസ്റ്റോം പറയുന്നുണ്ട്, പ്രാർത്ഥനയ്ക്ക് തുല്യമായി മറ്റൊന്നില്ല. കാരണം പ്രയാസമുള്ളതിനെ എളുപ്പമാക്കാനും, അസാധ്യമായതിനെ സാധ്യമാക്കുവാനും പ്രാർത്ഥനയ്ക്ക് സാധിക്കും
പഴയനിയമത്തിൽ ഉല്പത്തിപുസ്തകത്തിന്റെ മുപ്പത്തിരണ്ടാമദ്ധ്യായത്തിൽ നാം കാണുന്നുണ്ട്, നീ അനുഗ്രഹിച്ചാലല്ലാതെ നിന്നെ ഞാൻ വിടില്ല എന്ന് ദൈവദൂതന്റെ കാലിൽ കെട്ടിപ്പിടിച്ചുകിടന്ന് പ്രാർത്ഥിച്ച ഒരു യാക്കോബിനെക്കുറിച്ച്. ഇവിടെ പ്രാർത്ഥന എന്തെന്ന് യാക്കോബ് പഠിപ്പിക്കുകയായിരുന്നു
ഒരു പകൽ മുഴുവൻ കരങ്ങളുയർത്തി മലമുകളിൽ പ്രാർത്ഥിച്ച് ഇസ്രായേൽ ജനത്തിന് വിജയം വാങ്ങിക്കൊടുത്ത മോശ പ്രവാചകന്റെ ജീവിതം നമ്മൾ പുറപ്പാട് പുസ്തകത്തിൽ കാണുന്നുണ്ട്. മക്കളുടെ പ്രാർത്ഥന കേട്ടില്ലെന്ന് വയ്ക്കാൻ സ്നേഹനിധിയായ പിതാവിന് കഴിയില്ല. കാരണം പ്രാർത്ഥിക്കുന്ന മക്കളെ ദൈവത്തിന് അവഗണിക്കാനാകില്ല. ദാവീദിന്റെ പുത്രാ ദൈവമേ, എന്നിൽ കനിയേണമേ എന്ന് മറ്റുള്ളവരുടെ ശകാരങ്ങൾക്ക് മറുപടിയായി വഴിയരികിലിരുന്ന് വിളിച്ചുപറഞ്ഞ് അനുഗ്രഹങ്ങൾ നേടിയെടുത്ത ഒരു അന്ധയാചകനെ ലൂക്കായുടെ സുവിശേഷത്തിൽ നമ്മൾ കാണുന്നുണ്ട്.
പൗലോസ് ശ്ലീഹ തന്റെ തെസ്സലോനിക്കക്കാർക്കെഴുതിയ ഒന്നാം ലേഖനം അഞ്ചാം അധ്യായം പതിനേഴാം വാക്യത്തിൽ നമ്മെ ഉദ്ബോധിപ്പിക്കുകയാണ്, “ഇടതടവില്ലാതെ നിരന്തരം പ്രാർത്ഥിക്കുവിൻ”. നാം പലപ്പോഴും ചോദിക്കുന്ന ചോദ്യമാണ് എത്ര പ്രാർത്ഥിച്ചിട്ടും തീർത്ഥാടനങ്ങൾ നടത്തിയിട്ടും, നേർച്ചകാഴ്ചകൾ അർപ്പിച്ചിട്ടും തമ്പുരാനെ നീ എന്തുകൊണ്ട് എന്റെ പ്രാർത്ഥന കേൾക്കുന്നില്ല? മക്കൾ ഓരോ കാര്യങ്ങൾ ചോദിക്കുമ്പോൾ മാതാപിതാക്കൾക്കറിയാം അതെപ്പോൾ നൽകണമെന്നും എന്താണ് ആവശ്യമെന്നും. ഇതുപോലെത്തന്നെ, മക്കളുടെ നന്മയാഗ്രഹിക്കൂന്ന ഒരു ദൈവം തമ്പുരാൻ അവർക്ക് ആവശ്യമായത് തക്ക സമത്ത്യ നൽകും എന്നുള്ളത് വിശ്വസിക്കാൻ പ്രാപ്തിയുള്ളവനാണ് യഥാർത്ഥ ക്രിസ്ത്യാനി. അതുകൊണ്ട് നിരന്തരം പ്രാർത്ഥിക്കുക. തമ്പുരാന്റെ സമയത്തിനായി പ്രാർത്ഥിക്കുക.
ഓരോ പ്രാർത്ഥനയ്ക്കും ഉത്തരം കിട്ടുമെന്നുമുള്ളത് മനസ്സിലുറപ്പിക്കുവാനായിട്ട് കഴിഞ്ഞാൽ ഞാൻ ഒരു യഥാർത്ഥ ക്രിസ്ത്യാനിയായിട്ട് മാറുകയാണ്. ദൈവത്തിന് സമയമുണ്ട്. അതാഴ്ചകളാകാം, മാസങ്ങളാകാം, ചിലപ്പോൾ വര്ഷങ്ങളാകാം.
ആഗസ്റ്റ് 27-ആം തീയതി, കാത്തിരിപ്പിന് ഉത്തരം കിട്ടി, പ്രാർത്ഥനയിലൂടെ ദൈവാനുഗ്രഹം നേടിയെടുത്ത ഒരമ്മയുടെ തിരുന്നാളാഘോഷിക്കാൻ നാമൊരുങ്ങുകയാണ്. വിശുദ്ദ മോനിക്ക പുണ്യവതിയുടെ. ഈ പുണ്യവതിയുടെ ഓർമ്മകൾ മനസ്സിൽ സൂക്ഷിച്ചുകൊണ്ട്, ദൈവത്തിന്റെ അനുഗ്രഹത്തിനായി കാത്തിരുന്ന് നമുക്ക് ആത്മാർത്ഥതയോടെ പ്രാർത്ഥിക്കാം. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേകദൈവം നമ്മെ എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ, ആമ്മേൻ.