ചരിത്രമുറങ്ങുന്ന സ്മരണകളുളള ഈ കുടീരം വേറിട്ട് നിൽക്കും #Chev.L.M_Paily
ചരിത്രമുറങ്ങുന്ന സ്മരണകളുളള ഈ
കുടീരം വേറിട്ട് നിൽക്കും
#Chev.L.M.Paily
കൊച്ചി : കേരള സമൂഹത്തിന് മറക്കാനാവാത്ത സംഭാവനകൾ നൽകിയ വ്യക്തിയാണ് ഗ്രാൻഡ് ഷെവലിയാർ എൽ. എം. പൈലി. അദ്ദേഹത്തിൻറെ, പുതുക്കിയ സ്മാരക കുടീരം ഇന്ന് തൈക്കൂടം സെൻറ് റാഫേൽ ദേവാലയ സെമിത്തേരിയിൽ അനാച്ഛാദനം ചെയ്യപ്പെട്ടു.
കേരള സമൂഹത്തിന് പൊതുവിലും, ലത്തീൻ സമുദായത്തിന് പ്രത്യേകിച്ചും നിരവധി സംഭാവനകൾ നൽകിയ കടന്നുപോയ ഗ്രാൻഡ് ഷെവലിയാർ എൽ. എം. പൈലിയുടെ സ്മരണ വരും തലമുറയ്ക്ക് പകർന്നു നൽകാൻ അദ്ദേഹത്തിൻറെ കല്ലറ ഇനി വേറിട്ട് നിൽക്കും. ചരിത്രപഠനാന്വേഷികൾക്ക് കൂടുതൽ ഉപകാരപ്പെടും. ഇതിനു മുൻകൈയെടുത്ത ഇടവക വികാരി ഫാ. ജോൺസൺ ഡികുഞ്ഞ, സഹകരിച്ചു പ്രവർത്തിച്ച ഷെവ. എൽ. എം പൈലിയുടെ ബന്ധുക്കൾ, സമുദായപ്രവർത്തകർ, മറ്റു സന്നദ്ധപ്രവർത്തകർ എന്നിവരെ നന്ദിയോടെ സ്മരിക്കേണ്ടതുണ്ട്.
വിദ്യാഭ്യാസ മന്ത്രി, സ്പീക്കർ, സമുദായ സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാൾ, കൊച്ചി സർവ്വകലാശാല സ്ഥാപിക്കുന്നതിന് മുൻകൈയെടുത്ത വിദ്യാഭ്യാസ വിചക്ഷണൻ എന്നിങ്ങനെ പഠിക്കേണ്ട ഒരു പുസ്തകമാണ് ആ ജീവിതം. 1914 ൽ രൂപംകൊണ്ട കാത്തലിക് അസോസിയേഷൻ, 1931 ൽ രൂപീകൃതമായ കൊച്ചിൻ സ്റ്റേറ്റ് ലാറ്റിൻ ക്രിസ്ത്യൻ കോൺഫറൻസ്, പിന്നീട് 1942 ൽ രൂപീകൃതമായ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ഇവയുടെയൊക്കെ ചരിത്രം ഈ മഹാനുഭാവനെ കൂടാതെ എഴുതാനാവില്ല.
അദ്ദേഹത്തിൻറെ സ്മരണ നിലനിർത്താൻ 2010 ഡിസംബർ 17 ന് പുറത്തിറങ്ങിയ G.O.Rt.No.2385.10.H.Edn സർക്കാർ ഉത്തരവിലൂടെ, പ്രഫ. എൽ എം പൈലി ചെയർ “Holistic development of Kochi” എന്ന വിഷയത്തിൽ സ്ഥാപകമാകാനുള്ള അവസരമുണ്ടായെങ്കിലും പിന്നീട് സർക്കാർ ഫണ്ട് അനുവദിക്കാത്തതുകൊണ്ട് ഇനിയും യാഥാർഥ്യമായിട്ടില്ല. കേവലം ഒരു അക്കാദമിക് ചെയർ എന്നതിനപ്പുറത്ത് പുതിയ തലമുറയ്ക്ക് ഈ യുഗപ്രഭാവനെ പരിചയപ്പെടാനുളള അവസരം കൂടിയാണത്. ഗ്രാൻഡ് ഷെവലിയാർ എൽ. എം പൈലിയുടെ നാമധേയത്തിലുള്ള ചെയർ കൊച്ചി സർവകലാശാലയിൽ എത്രയും വേഗം സ്ഥാപിതമാകാനുള്ള നടപടികൾ ഉണ്ടാകണം.