ദൈവസന്നിധിയിൽ സ്വർഗ്ഗീയ കൂടാരങ്ങൾ നിർമ്മിക്കാൻ മൈക്കിൾ തലക്കെട്ടി അച്ചൻ യാത്രയായി ….
ദൈവസന്നിധിയിൽ സ്വർഗ്ഗീയ
കൂടാരങ്ങൾ
നിർമ്മിക്കാൻ മൈക്കിൾ
തലക്കെട്ടി അച്ചൻ യാത്രയായി ….
കൊച്ചി : മൈനർ സെമിനാരിയിൽ പുതിയൊരു അത്മീയപിതാവ് വരുന്നു എന്ന് അറിഞ്ഞ ഞങ്ങൾ അദ്ദേഹത്തെ സ്വീകരിക്കാൻ ഒരുങ്ങി അങ്ങിനെ മൈക്കിൾ തലക്കെട്ടി അച്ചൻ സെമിനാരിയിലെ സ്പിരിച്വൽ ഫാദർ ആയി വന്നു. വലിയ ഒരു ജന സമൂഹമാണ് അദ്ദേഹത്തെ സെമിനാരിയിൽ കൊണ്ടുവന്നാക്കിയത്. പിന്നീട് ചുരിങ്ങിയ ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം സെമിനാരിക്കാർക്ക് പ്രിയപ്പെട്ട അച്ചനായി. നല്ലൊരു അത്മീയ ഉപദേശകനും നിശ്ചയ ദാർഢ്യമുള്ള വൈദീകനുമായിരുന്നു മൈക്കിൾ അച്ചൻ . സെമിനാരിയിൽ ഒത്തിരി നിരാലംബരായ ആളുകൾ ജാതിമത ഭേദമന്യേ അച്ചനെ കാണാൻ വരുമായിരുന്നു കാരണം തിരക്കിയപ്പോൾ അച്ചൻ സൂക്ഷിച്ചു വച്ച കുറെ ആൽബങ്ങൾ കാണിച്ചു തന്നു . കുറെ വീടുകളും അതിനു മുമ്പിൽ ആ കുടുംബങ്ങളും. ഇത് എന്താണ് സംഭവം എന്ന് ചോദിച്ചപ്പോൾ അച്ചന്റെ നേതൃത്വത്തിൽ പാവങ്ങൾ ക്കു വേണ്ടി നടക്കുന്ന ഭവന നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് അറിഞ്ഞത്. ആയിരത്തിലധികം വീടുകൾ അച്ചന്റെ മേൽനോട്ടത്തിൽ പണിത് പാവപ്പെട്ടവർക്കായി നല്കിയെന്നത് മറ്റൊരു സംവിധാനത്തിനും അവകാശപ്പെടാൻ കഴിയാത്ത വലിയൊരു നേട്ടം തന്നെയാണ്.
പലപ്പോഴായി അച്ചനെ കാണുമ്പോൾ നല്ലൊരു പുണ്യപ്പെട്ട അച്ചനായിരിക്കണം എന്ന ഉപദേശം നല്കുമായിരുന്നത് ഹൃദയത്തിൽ സൂക്ഷിക്കുന്നു. ഏതാനു ദിവസങ്ങൾക്ക് മുമ്പ് ആവിലാ ഭവനത്തിൽ അച്ചനെ കാണുമ്പോൾ ക്യാൻസർ രോഗത്തിന്റെ കാഠിന്യം മൂലം വേദന സഹിക്കുകയായിരുന്നു മൈക്കിൾ അച്ചൻ .പിന്നീട് രോഗം മൂർദ്ധന്യാവസ്ഥയിൽ എത്തിയ ശേഷം വേദനയുടെ സഹനം കുരിശിനോട് ചേർത്ത് തന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിച്ച് ഒരു ധീരനായ പ്രവാചക വൈദികൻ യാത്ര യാവുന്നു.
വരാപ്പുഴ അതിരൂപതയ്ക്ക് വലിയൊരു നഷ്ടം തന്നെയാണ് മൈക്കിൾ അച്ചന്റെ വേർപാട്.
പക്ഷേ മൈക്കിൾ അച്ചൻ ഇവിടെ തന്നെ ഉണ്ടാകും … ആയിരക്കണക്കിന് ഭവനങ്ങളിൽ ഒരു കുടുംബ അംഗമായി ….
ജനഹൃദയങ്ങളിൽ എന്നും ജീവിക്കുന്ന സാന്നിധ്യമായി ….
പ്രിയ മൈക്കിൾ അച്ചാ,
അച്ചൻ പോകുന്നത് സ്വർഗത്തിൽ ദൈവപിതാവിന്റെ സന്നിധിയിലേക്കാണ് എന്ന് മനസ്സിലാക്കുന്നു അവിടെ ഒത്തിരി സ്വർഗ്ഗീയ കൂടാരങ്ങൾ തീർക്കാൻ ദൈവത്തിന് വിശ്വസ്തനായ ഒരു കാര്യസ്ഥനെ ആവശ്യമുണ്ടെങ്കിൽ തടയാൻ ആർക്കുമാവില്ലല്ലോ.
അതുകൊണ്ട് വേദനയോടെ വിട പറയുന്നു.
കടപ്പാട്
ഫാ ജോസഫ് പള്ളിപ്പറമ്പിൽ