നവംബർ മാസം മുഴുവനും പൂർണ്ണദണ്ഡവിമോചനത്തിനുള്ള അവസരം
നവംബർ മാസം
മുഴുവനും
പൂർണ്ണദണ്ഡവിമോചന
ത്തിനുള്ള അവസരം
വത്തിക്കാൻ: സഭ, സകല മരിച്ചവരുടെയും ഓർമ്മദിനമായി പ്രത്യേകമായി മാറ്റിവച്ചിരിക്കുന്ന നവംബർ രണ്ടിനോടനുബന്ധിച്ചുള്ള പൂർണ്ണദണ്ഡവിമോചനം, നവംബർ മാസം മുഴുവനിലേക്കും നീട്ടി.
മരണമടഞ്ഞ വിശ്വാസികളായ ആളുകൾക്ക് വേണ്ടി, നവംബർ ഒന്നുമുതൽ എട്ടുവരെയുള്ള തീയതികളിൽ, പ്രത്യേകമായ നിബന്ധനകൾ അനുസരിച്ച്, പാപത്തിന്റെ താത്ക്കാലികമായ ശിക്ഷയിൽനിന്നുള്ള ഒഴിവു ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുവാനുള്ള സാധ്യത, കഴിഞ്ഞ വര്ഷത്തേതുപോലെ ഈ വർഷവും നവംബർ മാസം മുഴുവനിലേക്കും നീട്ടിക്കൊണ്ട് സഭ കൽപ്പന പുറപ്പെടുവിച്ചു. വിവിധയിടങ്ങളിൽനിന്നുള്ള സഭാധ്യക്ഷന്മാരുടെ അപേക്ഷ പരിഗണിച്ചും, കോവിഡ്-19 മഹാമാരി മൂലമുള്ള ബുദ്ധിമുട്ടുകൾ ഇപ്പോഴും തുടരുന്നതിനാലുമാണ് ഇങ്ങനെ ഒരു സാധ്യത റോം അനുവദിച്ചത്. അപ്പസ്തോലിക പെനിറ്റെൻഷ്യറിയുടെ തലവനായ കർദിനാൾ മൗറോ പിയച്ചെൻസയാണ് (Cardinal Mauro Piacenza) പൂർണ്ണദണ്ഡവിമോചനം സംബന്ധിച്ച ഡിക്രി ഒക്ടോബർ 27-ന് പുറപ്പെടുവിച്ചത്.
2020 ഒക്ടോബർ 22-ന് സമാനമായ ഒരു രേഖ വഴി (Prot. N. 791/20/I) കഴിഞ്ഞ വർഷവും, ഇതുപോലെ പൂർണ്ണദണ്ഡവിമോചനത്തിനുള്ള സാധ്യത നവംബർ മാസം മുഴുവനിലേക്കും പെനിറ്റെൻഷ്യറി നൽകിയിരുന്നു.
വിശ്വാസികൾക്ക് ഭക്തിയിൽ വളരാൻ സഹായിക്കുന്നതിനും, മരണമടഞ്ഞ ആളുകളുടെ ആത്മാക്കളുടെ രക്ഷയ്ക്കുമായയാണ് സഭ ചില പ്രത്യേക അവസരങ്ങളിൽ ഭാഗികമോ പൂർണ്ണമോ ആയ ദണ്ഡവിമോചനം പ്രഖ്യാപിക്കാറുള്ളത്. സകല മരിച്ചവരുടെയും ഓർമ്മദിനത്തോടനുബന്ധിച്ച്, എല്ലാവർക്കും, പ്രത്യേകിച്ച് പ്രായമായവർക്കും രോഗികൾക്കും, സാധാരണ രീതിയിൽ സെമിത്തേരി സന്ദർശിച്ച് മരിച്ചവർക്കുവേണ്ടി പ്രാർത്ഥന നടത്തുന്നതും, വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതും, കുമ്പസാരം നടത്തുന്നതും എളുപ്പമല്ലാത്തതിനാലാണ് ഇതുപോലെ ഒരു പ്രത്യേക ഇളവ് സഭ അനുവദിക്കുന്നത്.
തങ്ങളുടെ പാപങ്ങൾ മൂലം, മരണശേഷം ശുദ്ധീകരണസ്ഥലത്തായിരിക്കുന്ന ആളുകൾക്ക്, താത്ക്കാലിക ശിക്ഷയിൽനിന്നുള്ള പൂർണ്ണമായ ഒഴിവാണ് പൂർണ്ണദണ്ഡവിമോചനംകൊണ്ട് കത്തോലിക്കാ സഭ അർത്ഥമാക്കുന്നത്.