പാപ്പായും ഇന്ത്യയുടെ പ്രധാനമന്ത്രിയും തമ്മിലൊരു നേർക്കാഴ്ച!

പാപ്പായും ഇന്ത്യയുടെ

പ്രധാനമന്ത്രിയും

തമ്മിലൊരു നേർക്കാഴ്ച!

വത്തിക്കാൻ : ഭാരതത്തിലേക്ക്  പാപ്പായെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഫ്രാൻസീസ് പാപ്പാ ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ദർശനം അനുവദിച്ചു.

ശനിയാഴ്‌ച (30/10/21) രാവിലെ പ്രാദേശിക സമയം 8.25-ന്, ഇന്ത്യയിലെ സമയം 11.55 -ന് പാപ്പാ പ്രധാനമന്ത്രി മോദിയെ വത്തിക്കാനിൽ സ്വീകരിച്ചു.

ഇരുവരും തമ്മിലുള്ള സ്വകാര്യ സംഭാഷണം ഏതാണ്ട് ഒരു മണിക്കൂർ ദീർഘിച്ചു. പരിശുദ്ധസിംഹാസനവും ഇന്ത്യയും തമ്മിലുള്ള സൗഹാർദ്ദ ബന്ധങ്ങളെക്കുറിച്ചായിരുന്നു ഇരുവരും സംസാരിച്ചതെന്ന് ഈ കൂടിക്കാഴ്ചയെ അധികരിച്ച് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണകാര്യാലയം, പ്രസ്സ് ഓഫീസ്, പുറപ്പെടുവിച്ച, വളരെ ഹ്രസ്വമായ, പത്രക്കുറിപ്പ് വെളിപ്പെടുത്തി.

ഇന്ത്യ സന്ദർശിക്കുന്നതിന് പാപ്പായെ പ്രധാനമന്ത്രി മോദി ക്ഷണിക്കുകയും ചെയ്തു. ഈ കൂടിക്കാഴ്ചയുടെ അവസാനം പാപ്പായും പ്രധാനമന്ത്രിയും സമ്മാനങ്ങൾ കൈമാറി.

പ്രധാനമന്ത്രി നരേന്ദ്ര മോദി പാപ്പായ്ക്ക് ഒരു വെള്ളി മെഴുകുതിരിക്കാലും പരിസ്ഥിതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഒരു രേഖയും സമ്മാനിച്ചു. പാപ്പാ “മരുഭൂമി ഒരു പൂന്തോട്ടമാകും” എന്ന് ഉല്ലേഖനം ചെയ്ത വെങ്കല ഫലകവും പാപ്പാമാരുടെ പ്രബോധനങ്ങളടങ്ങിയ രേഖയുടെ പ്രതിയും, പാപ്പായുടെ ഇക്കൊല്ലത്തെ സമാധാന സന്ദേശവും മാനവസാഹോദര്യ രേഖയും പ്രതിസമ്മാനിച്ചു.

ഫ്രാൻസീസ് പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനും വത്തിക്കാൻറെ വിദേശകാര്യാലയത്തിൻറെ കാര്യദർശി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെറുമായി സംഭാഷണത്തിലേർപ്പെട്ടു.

ഇന്ത്യയുൾപ്പടെ, 19 നാടുകളും യൂറോപ്യൻ സമിതിയും അംഗങ്ങളായുള്ളതും 1999-ൽ രൂപം കൊണ്ടതുമായ ജി20 (G20) ഈ 30-31 തീയതികളിൽ (30-31/10/21) റോമിൽ ചേർന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ വേളയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിൽ പാപ്പായുമായി കൂടിക്കാഴ്ച നടത്തിയത്.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി 2000-ത്തിലെ ജൂൺമാസത്തിൽ വത്തിക്കാനിലെത്തി വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം ഇത് ആദ്യമായിട്ടാണ് ഇന്ത്യയുടെ ഒരു പ്രധാനമന്ത്രി പാപ്പായെ സന്ദർശിച്ചത്. 1964-ൽ ബോംബെയിൽ നടന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്സിൽ പങ്കെടുക്കുന്നതിന് വിശുദ്ധ പോൾ ആറാമൻ പാപ്പാ ഭാരതമണ്ണിൽ പാദമൂന്നിയിരുന്നു. 1986-ൽ വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പാ ഇന്ത്യ സന്ദർശിച്ചിരുന്നു. തദ്ദവസരത്തിൽ പാപ്പാ കേരളത്തിലും എത്തിയിരുന്നു.

 

admin

Leave a Reply

Your email address will not be published. Required fields are marked *