മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലാനുള്ളആഹ്വാനമാണ് ക്രിസ്തുമസ്: ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍

 മറ്റുള്ളവരിലേക്ക്  ഇറങ്ങിച്ചെല്ലാനുള്ളആഹ്വാനമാണ്  ക്രിസ്തുമസ്: ആര്‍ച്ച്ബിഷപ്പ് ജോസഫ്  കളത്തിപ്പറമ്പില്‍

മറ്റുള്ളവരിലേക്ക്

ഇറങ്ങിച്ചെല്ലാനുള്ള

ഹ്വാനമാണ്

ക്രിസ്തുമസ്: ആര്‍ച്ച്ബിഷപ്പ് ജോസഫ്

കളത്തിപ്പറമ്പില്‍

കൊച്ചി : നമ്മുടെ ഹൃദയങ്ങള്‍ക്ക് പുതുചൈതന്യവും സന്തോഷവും പകര്‍ന്നുക്കൊണ്ട്  ഉണ്ണിയേശുവിന്റെ പിറവിതിരുനാള്‍ ആഗതമായിരിക്കുന്നു. നിങ്ങള്‍ക്കേവര്‍ക്കും ക്രിസ്തുമസിന്റെ മംഗളങ്ങള്‍ ഞാന്‍ നേരുന്നു.
രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ് ലോകത്തില്‍ അവതരിച്ച ദൈവപുത്രന്‍ ഏറ്റവും ലാളിത്യമാര്‍ന്ന സാഹചര്യത്തില്‍ ഒരു കാലിത്തൊഴുത്തില്‍ ജനിച്ചു. എങ്കിലും ആ കാലിത്തൊഴുത്തില്‍ സന്തോഷത്തിന് ഒരു കുറവും ഉണ്ടായില്ല. അവിടെ നക്ഷത്രങ്ങളുടെ പൊന്നൊളിയും മാലാഖമാരുടെ സംഗീതവും ജ്ഞാനി കളുടെയും  ആട്ടിടയരുടേയും ആരാധന ആരവങ്ങളും വ്യത്യസ്തങ്ങളായ സമ്മാനങ്ങളുടെ സമൃദ്ധിയും ഉണ്ടായിരുന്നു. ഇല്ലായ്മകളുടെ നടുവിലും ദൈവം തന്റെ പുത്രന് കുറവേതും ഇല്ലാത്ത കരുതല്‍ ഒരുക്കുന്നത് നാമിവിടെ കാണുന്നു. ഇപ്രകാരം തന്നെ നമ്മുടെ പിതാവായ ദൈവം തന്റെ മക്കളുടെ കാര്യത്തില്‍ വളരെ തല്‍പരനാണ്. ഇത് നാം അനുദിനം അനുഭവിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. സങ്കീര്‍ത്തകന്റെ വാക്കുകള്‍ ഇതുതന്നെ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. “കര്‍ത്താവ് ദൈവമായുള്ള ജനവും അവിടുന്ന് തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനതയും ഭാഗ്യമുള്ളവരാണ്.” 
എന്നാല്‍ നാം ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ ഹൃദയങ്ങള്‍ വളരെ അസ്വസ്ഥമാണ്. പല വിഷമസന്ധികളില്‍ നമ്മുടെ ജീവിതം ഉടക്കി കിടക്കുന്നു. പ്രത്യേകിച്ച് ലോകജനത ഇന്നും കോവിഡ് രോഗത്തിന്റെ വിഷമതകളില്‍ നിന്ന് പൂര്‍ണ്ണമായും മുക്തമായിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി നാം ഈ പ്രതിസന്ധിയെ തരണം ചെയ്തു മുന്നോട്ടുപോകുന്നു. പലയിടത്തും നമ്മുടെ സഹോദരര്‍ മരുന്നിന്റെയും ഭക്ഷണത്തിന്റെയും ദൗര്‍ലഭ്യം അനുഭവിക്കുന്നുണ്ട്. 
ഫ്രാന്‍സിസ് പാപ്പായുടെ ‘എല്ലാവരും സോദരര്‍’ എന്ന ചാക്രിക ലേഖനത്തില്‍ സൂചിപ്പിക്കുന്ന പോലെ “ഒറ്റപ്പെട്ടു ആര്‍ക്കും ജീവിതത്തെ അഭിമുഖീകരിക്കാനാവില്ല… …സഹോദരി സഹോദരന്മാരെപോലെ ഒരു കുടുംബമായി നാം മാറണം.” ഇത് കാലത്തിന്റെ ഒരാവശ്യമാണ്. നമ്മുടെ ദൈവാലയങ്ങളും നമ്മുടെ ഭവനങ്ങളുമെല്ലാം ഈ പരസ്പരമുള്ള സഹവര്‍ത്തിത്വത്തിന്റെ ഇടങ്ങളാവണം. എന്റെ സഹോദരന്റെ ഭവനത്തില്‍ ഞാന്‍ ഒരു അതിഥിയായിമാറണം, അവരെ നമ്മുടെ കുടുംബാംഗമായും കാണാനാവണം. യേശു നാഥന്‍ കാണിച്ചു തന്നതും ആദിമ സഭയില്‍ കൈക്കൊണ്ട്തുമായ ജീവിതശൈലിയും അതാണ്. അന്തിയുറങ്ങാന്‍ ഒരു കുടില്‍പോലും ഇല്ലാത്തവര്‍ ഇന്നും നമ്മുടെയിടയില്‍ ധാരാളമുണ്ട് . നമ്മുടെ ചുറ്റുമുള്ള എല്ലാ സഹോദരങ്ങളോടും സഹകരിക്കാനുതകുന്ന സാമൂഹിക രംഗങ്ങളിലൊക്കെ പരസ്പരം കൈകോര്‍ത്ത് നാം മുന്നേറണം. രക്ഷകന്‍ ജനിച്ച ആ പുല്ക്കൂട് നമ്മുക്ക് നല്കുന്ന സന്ദേശവും ഇതാണ്, നക്ഷത്രത്തെപ്പോലെ മറ്റുള്ളവര്‍ക്ക് വഴികാട്ടിയായി മാറാന്‍, മാലാഖമാരെപ്പോലെ പ്രത്യാശയുടെ സംഗീതം പകരാന്‍, ആട്ടിടയരെപോലെ സന്തോഷത്തോടെ മറ്റുള്ളവര്‍ക്ക് ഉള്ളതില്‍ നിന്ന് സമര്‍പ്പിക്കാന്‍, പൂജരാജാക്കളെപോലെ വിനീത മനോഭാവത്തോടെ മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലാനും നമുക്ക് സാധിക്കണം. “നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളും ആണ് ” (1കൊറി 12,27) എന്ന് പൗലോസ് അപ്പോസ്‌തോലന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. നാം ക്രിസ്തുവില്‍ ഒരേ ശരീരത്തിലെ അവയവങ്ങള്‍ ആയിരിക്കുന്ന പോലെ പരസ്പരം സഹോദരതുല്യം സ്‌നേഹിക്കാം. നമ്മിലൂടെ ഈ ക്രിസ്തുമസ് കാലം മുഴുവന്‍ ദൈവസ്‌നേഹം ഒഴുകട്ടെ.

ഒരിക്കല്‍ക്കൂടി ഏവര്‍ക്കും ക്രിസ്തുമസ്പുതുവത്സര ആശംസകള്‍ ഹൃദയപൂര്‍വ്വം നേരുന്നു. പുല്‍ക്കൂട്ടില്‍ ജാതനായ കന്യാതനയന്‍ നിങ്ങളേയും നിങ്ങളുടെ കുടുംബങ്ങളേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

 

ജോസഫ് കളത്തിപ്പറമ്പില്‍

വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത

admin

Leave a Reply

Your email address will not be published. Required fields are marked *