പ്രത്യക്ഷവൽകരണത്തിരുനാൾ (എപ്പിഫനി)നമ്മെയും ക്ഷണിക്കുന്നു: ഫ്രാൻസിസ് പാപ്പാ
പ്രത്യക്ഷവൽകരണ
കരണത്തിരുനാൾ
(എപ്പിഫനി)നമ്മെയും
ക്ഷണിക്കുന്നു:
ഫ്രാൻസിസ് പാപ്പാ
വത്തിക്കാന്‍ : പ്രത്യക്ഷവൽകരണത്തിരുന്നാളിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സുവിശേഷപ്രസംഗത്തിന്റെ സംക്ഷിപ്തരൂപം
പൂജരാജാക്കന്മാർ ബെത്ലെഹെമിലേക്ക് നടത്തിയ തീർത്ഥാടനം യേശുവിന്റെ അടുത്തേക്ക് നടക്കാൻ നമ്മെയും ആഹ്വാനം ചെയ്യുന്നു. നമ്മുടെ ജീവിതത്തിന്റെ ആകാശങ്ങളെ പ്രകാശിപ്പിക്കുകയും, യഥാർത്ഥ സന്തോഷത്തിലേക്ക് നമ്മുടെ ചുവടുകളെ നയിക്കുകയും ചെയ്യുന്നത് ക്രിസ്തുവാണ്.
ജ്ഞാനികളുടേതുപോലെ, നമ്മുടെ ജീവിതയാത്രയിലും ആഗ്രഹങ്ങളുടെയും ഉൾപ്രേരണയുടെയും ആവശ്യമുണ്ട്. സഭ എന്ന നിലയിലും നമുക്ക് ഇതിന്റെ ആവശ്യമുണ്ട്. നമ്മുടെ വിശ്വാസയാത്രയിൽ നാം എവിടെയാണെന്ന ചോദ്യം നാം നമ്മോടുതന്നെ ചോദിക്കണം.
നമ്മുടെ ജീവിതത്തെത്തന്നെ പരിശോധിക്കുകയും നമ്മുടെ വിശ്വാസയാത്ര എങ്ങനെ പോകുന്നുവെന്ന് ചിന്തിക്കുകയും ചെയ്യാം. ഇപ്പോഴും നമ്മുടെ ഹൃദയം ദൈവത്തോടുള്ള ആഗ്രഹത്താൽ സജീവമാണോ? അതോ തഴക്കശീലങ്ങളും നിരാശകളും നമ്മുടെ ആഗ്രഹത്തെ കെടുത്തിക്കളയാൻ നാം അനുവദിക്കുന്നുണ്ടോ?
രാജാക്കന്മാർ നക്ഷത്രം ഉദിച്ചത് കണ്ടപ്പോൾ യാത്ര ചെയ്യുന്നു. ജ്ഞാനികളെപ്പോലെ ഓരോ ദിവസവും വീണ്ടും യാത്രയാരംഭിക്കാൻ നാം പഠിക്കണം. ഒരു വിശ്വാസിയെ സംബന്ധിച്ച് വിശ്വാസം എന്നത് ഒരു കവചമല്ല, മറിച്ച് ആകർഷകവും, തുടർച്ചയായുള്ളതും, വിശ്രമമില്ലാത്തത്തതും ദൈവത്തെ തേടിയുള്ളതുമായ ഒരു യാത്രയാണ്. രാജാക്കന്മാരെപ്പോലെ നമുക്കും ശിരസ്സുയർത്തി, ഹൃദയത്തിന്റെ ആഗ്രഹങ്ങളെ ശ്രവിക്കുകയും, നമ്മുടെ മുകളിൽ ദൈവം പ്രകാശിപ്പിക്കുന്ന നക്ഷത്രത്തെ പിന്തുടരുകയും ചെയ്യാം. വിശ്രമമില്ലാത്ത അന്വേഷകരെപ്പോലെ, നമുക്ക് ദൈവം നൽകുന്ന അതിശയങ്ങൾക്കായി തുറന്ന മനസ്സുള്ളവരാകാം. സ്വപ്‌നങ്ങൾ കാണുകയും, അന്വേഷിക്കുകയും, ആരാധിക്കുകയും ചെയ്യാം.