വരാപ്പുഴ അതിരൂപത വൈദീകനായ ഫാ. തോമസ് ചിങ്ങന്തറ നിര്യാതനായി
വരാപ്പുഴ അതിരൂപത വൈദീകനായ
ഫാ. തോമസ് ചിങ്ങന്തറ
നിര്യാതനായി
കൊച്ചി : വരാപ്പുഴ അതിരൂപത അംഗമായ റവ ഫാ. തോമസ് ചിങ്ങന്തറ (87) നിര്യാതനായി. വൈപ്പിൻ കരയിലെ വാടേൽ സെൻറ് ജോർജ്ജ് ഇടവകാംഗമാണ്. ചിങ്ങന്തറ ദേവസിയുടെയും മറിയത്തിന്റേയും മകനായി 1934 ഡിസംബർ 30 ന് അദ്ദേഹം ജനിച്ചു. ആലുവ മംഗലപ്പുഴ സെമിനാരിയിൽ നിന്നും വൈദിക പഠനം പൂർത്തിയാക്കി. 1962 മാർച്ച് 17 ന് വൈദികപട്ടം സ്വികരിച്ചു. തുടർന്ന് ആലുവ, പാലാരിവട്ടം , പെരുമ്പിള്ളി, ഗോതുരുത്ത്, പള്ളിപ്പുറം എന്നിവിടങ്ങളിൽ സഹവികാരിയായും നീറിക്കോട്, എടവനക്കാട്, ചേരാനല്ലൂർ, വല്ലാർപാടം, പൊറ്റക്കുഴി, കുരിശിങ്കൽ, കൂനമ്മാവ്, ചളിക്കവട്ടം, കളമശ്ശേരി , ഇൻഫന്റ് ജീസസ് എറണാകുളം, ക്രൈസ്റ്റ് നഗർ വരാപ്പുഴ എന്നിവിടങ്ങളിൽ വികാരിയായും സേവനം അനുഷ്ഠിച്ചു. 2010 ഡിസംബർ 8 മുതൽ കാക്കനാട് ചെമ്പുമുക്കിലെ ആവിലാഭവനിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. വരാപ്പുഴ അതിരൂപതയുടെ വൈപ്പിൻ ഫൊറോന വികാരിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം താനായിരുന്ന ഇടവകകളിൽ ദൈവത്തിനും ദൈവജനത്തിനും വേണ്ടി നിസ്വാർത്ഥമായി സേവനം അനുഷ്ഠിച്ച വൈദികനാണെന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്‌മരിച്ചു. അദ്ദേഹം തോമസ് രാജൻ എന്ന തൂലിക നാമത്തിൽ ബൈബിൾ അധിഷ്ടിത നോവലുകളും മറ്റ് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് (3/2/2022) വൈകിട്ട് 4 മണിമുതൽ അദ്ദേഹത്തിന്റെ ഭവനത്തിൽ (വാടേൽ സെന്റ് ജോർജ്ജ് പള്ളിക്ക് കിഴക്കുവശം) പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് നാളെ (4/2/2022) രാവിലെ 8 മണിമുതൽ 10 മണിവരെ വാടേൽ സെൻറ് ജോർജ്ജ് ദേവാലയത്തിലും അന്ത്യോപചാരം അർപ്പിക്കാവുന്നതാണ്. രാവിലെ 10 മണിക്ക് അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ മൃതസംസ്കാര ദിവ്യബലി ആരംഭിക്കും. മൃതസംസകാര ശുശ്രൂഷ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തപ്പെടുന്നതായിരിക്കും. തിരുക്കർമ്മങ്ങൾ കേരളവാണി യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.