പാപ്പാ : സമാധാനം നമ്മിൽ ഓരോരുത്തരിൽ നിന്നുമാണ് തുടങ്ങുക
പാപ്പാ : സമാധാനം നമ്മിൽ
ഓരോരുത്തരിൽ നിന്നുമാണ്
തുടങ്ങുക
വത്തിക്കാന്‍ : റോമിലുള്ള കോംഗോ സമൂഹത്തോടൊപ്പം വി. പത്രോസിന്റെ ബസിലിക്കയിൽ ജൂൺ3ന് ഫ്രാൻസിസ് പാപ്പാ അർപ്പിച്ച ദിവ്യബലിയിൽ, മുറിവേറ്റ എന്നാൽ ഊർജ്ജസ്വലമായ കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ളിക്കിന്റെ സമാധാനത്തിനു വേണ്ടി ഒരുമിച്ചു പ്രാർത്ഥിക്കാൻ വിശ്വാസികളോടു ആവശ്യപ്പെട്ടു. കുടുംബങ്ങളിലും, സഭയിലും, രാജ്യത്തും സമാധാനം നിലനിൽക്കാൻ സമാധാനത്തിൽ ജീവിക്കാനും സമാധാനം തെളിക്കാനും വിളിക്കപ്പെട്ടവരാണ് ക്രൈസ്തവരെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. നമ്മൾ എത്രമാത്രം സ്വതന്ത്രരും ലളിതരും വിനയാന്വിതരുമാകുന്നുവോ അത്രമാത്രം പരിശുദ്ധത്മാവ് നമ്മുടെ പ്രേഷിത ദൗത്യത്തെ നയിക്കുകയും നമ്മെ അതിന്റെ അത്ഭുതങ്ങളുടെ നായകരാക്കുകയും ചെയ്യുമെന്ന് പാപ്പാ പറഞ്ഞു. നമ്മൾ എല്ലാവരും സഹോദരീസഹോദരരായിരിക്കാൻ ആഗ്രഹിക്കുന്ന പിതാവിന്റെ മക്കളാണെന്ന തിരിച്ചറിവിൽ നാം ജീവിച്ചാൽ ലോകം ഒരിക്കലും യുദ്ധക്കളമാവില്ല മറിച്ച് സമാധാനത്തിന്റെ പൂന്തോട്ടമാകും എന്ന് ഫ്രാൻസിസ് പാപ്പാ ഉദ്ബോധിപ്പിച്ചു.”ചെന്നായ്ക്കളുടെ ഇടയിൽ ആട്ടിൻ കുട്ടികളെപ്പോലെ”യാണ് തന്റെ ജനം ലോകത്തിലേക്ക് പോകേണ്ടതെന്ന് യേശു പറഞ്ഞ വാക്യം ഓർമ്മിപ്പിച്ച പാപ്പാ, ഇതിന്റെ അർത്ഥം, ലോകമെന്തെന്നറിയാത്ത നിഷ്കളങ്കരാകാനല്ല മറിച്ച് ആധിപത്യത്തിന്റെയും, അതിശക്തതയുടേയും അത്യാഗ്രഹത്തിന്റെയും എല്ലാ വാസനകളെയും വെറുക്കുക എന്നതാണ് എന്ന് കൂട്ടിച്ചേർത്തു.
ലോകത്തിന്റെ പാപങ്ങൾ നീക്കിയ യേശുവിന്റെ ശാന്തതയും നന്മയും ഹൃദയത്തിൽ വഹിക്കുന്ന പ്രേഷിതരാവാൻ കർത്താവ് സഹായിക്കട്ടെ എന്ന പ്രാർത്ഥനയോടെ പരിശുദ്ധ പിതാവ് തന്റെ വചനപ്രഘോഷണം അവസാനിപ്പിച്ചു.