“പള്ളിക്കൊപ്പം പള്ളിക്കൂടം” എന്ന പദ്ധതിയുടെ ഉപജ്ഞാതാവായ ബെർണദീൻ ബെച്ചിനെല്ലി പിതാവിനെയും ചരിത്ര പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുക : KCYM LATIN സംസ്ഥാന സമിതി
കേരള നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലായ “പള്ളിക്കൊപ്പം പള്ളിക്കൂടം” എന്ന വിപ്ലവാത്മക പദ്ധതിയുടെ ഉപജ്ഞാതാവായ വരാപ്പുഴ ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത ബെർണദീൻ ബെച്ചിനെല്ലി പിതാവിനെയും ചരിത്ര പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുക.
കൊച്ചി : 1853 മുതൽ 1868 വരെ വരാപ്പുഴ വികാരിയത്തിൽ ( ഇന്നത്തെ വരാപ്പുഴ ലത്തീൻ അതിരൂപത ) സേവനം ചെയ്‌തിരുന്ന മഹാമിഷണറി എന്നറിയപ്പെടുന്ന ബെർണദീൻ ബെച്ചിനെല്ലി മെത്രാപ്പോലീത്തയാണ് 1856 ൽ വാക്കാലും 1857 ൽ എഴുത്താലുമുള്ള അപ്പസ്തോലിക കല്പനയിലൂടെ “പള്ളിക്കൊപ്പം പള്ളിക്കൂടം” എന്ന വിപ്ലവാത്മക പദ്ധതിക്ക് ആരംഭം കുറിച്ചത്. കേരളത്തിൻ്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ആരംഭം കുറിച്ച “പള്ളിക്കൊപ്പം പള്ളിക്കൂടം” എന്ന പദ്ധതിയെയും ഈ പദ്ധതിയുടെ ഉപജ്ഞാതാവും നടത്തിപ്പുകാരനുമായ മഹാ മിഷണറി ബെർണദീൻ ബെച്ചിനെല്ലി പിതാവിനെയും അവഗണിക്കുന്നത് തികഞ്ഞ നന്ദികേടും ചരിത്ര നിഷേധവുമാണ്.
ചരിത്രത്തെ വളച്ചൊടിക്കാനുള്ള നീക്കം ക്രൈസ്തവ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. “പള്ളിക്കൊപ്പം പള്ളിക്കൂടമെന്ന” വിപ്ലവാത്മക പദ്ധതിയാണ് സാക്ഷര കേരളമെന്ന സ്വപ്ന സാഫല്യത്തിലേക്ക് നമ്മെ നയിച്ചതെന്ന ചരിത്ര സത്യം ഭരണാധികാരികളും ഉദ്യോഗസ്ഥരും വിദ്യാഭ്യാസ വിദഗ്ധരും ഒരിക്കലും മറക്കരുത്.
ബെർണദീൻ ബെച്ചിനെല്ലി പിതാവിനെ പോലെയുള്ള മഹാമനസ്കരും ക്രാന്തദർശികളുമായ
ക്രൈസ്തവ മിഷണറിമാരുടെ ഔദാര്യത്തിൻ്റെയും സാഹോദര്യത്തിൻ്റെയും പ്രതീകമായ ക്രൈസ്തവ വിദ്യാലയങ്ങളിലും കലാലയങ്ങളിലും പഠിച്ച് ഊർജ്ജം നേടിയവർ തന്നെ ഇത്തരം വികലമായ നീക്കങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നുവെന്നത് നെറിവില്ലയ്മയും നന്ദിഹീനതയുമാണ്.
കേരള നവോത്ഥാന ചരിത്രത്തിലെ ക്രൈസ്തവ സമൂഹത്തിൻ്റെ ശ്രേഷ്ഠമായ സംഭാവനകളെ തമസ്കരിച്ചുകൊണ്ടും കേരളത്തിൻ്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ആരംഭം കുറിച്ച “പള്ളിക്കൊപ്പം പള്ളിക്കൂടം” എന്ന പദ്ധതിയെ പാടെ അവഗണിച്ചുകൊണ്ടും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ചരിത്ര പാഠപുസ്തകം ഉടൻ തിരുത്തികൊണ്ട്
കേരളത്തിൻ്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ആരംഭം കുറിച്ച “പള്ളിക്കൊപ്പം പള്ളിക്കൂടം” എന്ന പദ്ധതിയെയും ഈ പദ്ധതിയുടെ ഉപജ്ഞാതാവായ വരാപ്പുഴ അതിരൂപത മെത്രപ്പോലീത്ത ആയിരുന്ന ബെർണദീൻ ബെച്ചിനെല്ലി പിതാവിനെയും ചരിത്ര പുസ്തകത്തിൽ പുനഃസ്ഥാപിക്കുക.
KCYM LATIN സംസ്ഥാന സമിതി
NB: ബെർണദീൻ ബെച്ചിനെല്ലി മെത്രാപ്പോലീത്ത പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന സർക്കുലർ സ്വന്തം കൈപ്പടയിൽ എഴുതിയതിന്റെ ഒറിജിനൽ രേഖാ വരാപ്പുഴ അതിരൂപത ലൈബ്രറിയിൽ ലഭ്യമാണ്. ( വരാപ്പുഴ ആർകൈവ്സ് , പി . ബി .നമ്പർ 16, സർക്കുലാർസ് )
References
1. ബാംഗ്ലൂർ ധർമ്മാരാം പബ്ലിക്കേഷൻസ് പുറത്തിറക്കിയ ഡോ . എ. കാഞ്ഞിരത്തിങ്കൽ സി.എം.ഐ.യുടെ ‘എ ചർച്ച് ഇൻ സ്ട്രഗിൾ’ എന്ന ഗ്രന്ഥം പേജ്.195,248
2. ബെർണ്ണദോസ് തോമ്മാ പട്ടക്കാരൻ സി. എം. ഐ. മാന്നാനത്തുനിന്നും -1908-ൽ പ്രസിദ്ധീകരിച്ച “മലയാളത്തിലെ കൽദായ സുറിയാനി റീത്തിൽ ചേർന്ന കർമ്മലീത്ത നിഷ്പാദുക മൂന്നാംസഭയുടെ (ക. നി , സ )ചരിത്രസംക്ഷേപത്തിൽ” പേജ് 246.
3.”കാരുണികൻ” ജൂൺ 2014 p : 8 )
4. ‘’ആൻ എപിക് ഓഫ് ഡ്രീംസ് ‘’എന്ന ഫാ. ആന്റണി വളന്തറ സിഎംഐ യുടെ ഗ്രന്ഥം പേജ് 54
5. മാന്നാനം നാളാഗമത്തിലെ പേജ് 89.
6. കുര്യാക്കോസ് ഏലിയാസ് വടക്കേടത്ത ത്ത് സി എം ഐ അച്ചൻ്റെ ‘ചാവറ ആധ്യാത്മികത’ എന്ന ഗ്രന്ഥം.
കെ. സി. വൈ. എം ലാറ്റിൻ സംസ്ഥാന സമിതി