രാജ്യ സുരക്ഷയ്ക്ക് വേണ്ടി പിറന്ന മണ്ണും വീടും ഒഴിഞ്ഞു കൊടുത്ത മറ്റൊരു ത്യാഗ ചരിത്രം : വരാപ്പുഴ അതിരൂപതയിലെ വെണ്ടുരുത്തി ഇടവക
രാജ്യ സുരക്ഷയ്ക്ക് വേണ്ടി
പിറന്ന മണ്ണും വീടും
ഒഴിഞ്ഞു കൊടുത്ത മറ്റൊരു
ത്യാഗ ചരിത്രം : വരാപ്പുഴ
അതിരൂപതയിലെ വെണ്ടുരുത്തി
ഇടവക
ഇന്ന് ഇന്ത്യന്‍ നാവീക സേനയുടെ അതിപ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ് വെണ്ടുരുത്തി. അഞ്ഞൂറോളം കുടുംബങ്ങള്‍ തങ്ങളുടെ വീടും സ്വത്തുക്കളും നാടിന്റെ സുരക്ഷക്കായി സര്‍ക്കാരിന് നല്‍കാന്‍ തയ്യാറായത് കൊണ്ടാണ് ഈ പദ്ധതി സാധ്യമായത്.
എ.ഡി 1400 ല്‍ സ്ഥാപിതമായ സെന്റ് പീറ്റര്‍ ആന്റ് പോള്‍സ് പള്ളിയിലെ ഇടവകാംഗങ്ങളായിരുന്നു ഈ പ്രദേശത്തെ ബഹുഭൂരിപക്ഷം ജനങ്ങളും. വരാപ്പുഴ അതിരൂപതയിലെ ഏറ്റവും പുരാതനമായ ദേവാലയങ്ങളില്‍ ഒന്നാണ് വെണ്ടുരുത്തി.
രണ്ടാം ലോക മഹായുദ്ധ കാലത്ത് യുദ്ധ കപ്പലുകളുടെ തന്ത്രപ്രധാനമായ കേന്ദ്രമായിരുന്ന വെണ്ടുരുത്തി ദക്ഷിണേന്ത്യയിലെ നാവീക കേന്ദ്രമായി മാറുകയായിരുന്നു. എന്നാല്‍ 1942 ല്‍ സര്‍ക്കാര്‍ ഇവിടെ സ്ഥലം ഏറ്റെടുക്കാന്‍ ആരംഭിച്ചു. അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് തങ്ങളുടെ സ്വന്തം സ്ഥലത്തു നിന്ന് കുടിയിറങ്ങി പോകേണ്ടി വന്നു. യുദ്ധത്തിന്റെ വറുതിക്കിടെ സ്വന്തം നാടുകൂടി വിടേണ്ടി വന്ന ദാരുണമായ അവസ്ഥയായിരുന്നു ഇവിടുത്തുകാര്‍ അഭിമുഖീകരിച്ചത്.
ഈ ഇടവകയുടെ കീഴിലായിരുന്ന വി. കുരിശിന്റെ ദേവാലയവും കടല്‍ക്കര മാതാവിന്റെ കപ്പേളയും ഉള്‍പ്പപ്പെടെയുള്ള സ്ഥലങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്തു.
കുടിയിറക്കപ്പെട്ടവരില്‍ ഭൂരിഭാഗവും നെട്ടൂര്‍, മരട്, കൊച്ചി, തേവര, വൈറ്റില, തൃപ്പൂണിത്തുറ, പാലാരിവട്ടം, ചാത്യാത്ത് തുടങ്ങിയ സമീപ പ്രദേശങ്ങളിലേക്ക് താമസം മാറി. അവശേഷിച്ചത് ഇടവക പള്ളിക്ക് ചുറ്റുമുള്ള 30 വീടുകള്‍ മാത്രം. പുണ്യ പുരാതനവും മാഹാ ഇടവകയുമായിരുന്ന വെണ്ടുരുത്തി ഇന്ന് വരാപ്പുഴ അതിരൂപതയിലെ തന്നെ ഏറ്റവും ചെറിയ ഇടവകകളില്‍ ഒന്നാണ്.
വിഴിഞ്ഞം സമരത്തിന്റെ പേരില്‍ ക്രൈസ്തവര്‍ വികസന വിരോധികളെന്ന് മുദ്രകുത്തപ്പെടുമ്പോള്‍ നാടിന്റെ വികസനത്തിനും രാജ്യത്തിന്റെ പുരോഗതിക്കും വേണ്ടി ക്രൈസ്തവര്‍ ചെയ്ത മഹാ ത്യാഗങ്ങള്‍ വിസ്മൃതില്‍ നിന്ന് പുറത്ത് കൊണ്ട് വരേണ്ടതുണ്ട്. ആര്‍ക്കും അറിയാത്ത ആരും പറയാത്ത ഈ ചരിത്ര സത്യങ്ങള്‍ ലോകം തിരിച്ചറിയേണ്ടതുണ്ട്.