പാപ്പാ: സമാധാനസംസ്ഥാപകർ ആകണമെങ്കിൽ ആദ്യം, ഹൃദയത്തെ നിരായുധീകരിക്കണം!

 പാപ്പാ: സമാധാനസംസ്ഥാപകർ ആകണമെങ്കിൽ ആദ്യം, ഹൃദയത്തെ നിരായുധീകരിക്കണം!


സമാധാനസംസ്ഥാപകർ

ആകണമെങ്കിൽ ആദ്യം,

ഹൃദയത്തെ

നിരായുധീകരിക്കണം:

ഫ്രാൻസീസ് പാപ്പാ

 

വത്തിക്കാൻ : നവമ്പർ ഒന്നിന്, ചൊവ്വാഴ്‌ച, സകലവിശുദ്ധരുടെയും തിരുന്നാൾ ദിനത്തിൽ, വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കു മുമ്പു നടത്തിയ വിചിന്തനത്തിലാണ് ഫ്രാൻസീസ് പാപ്പാ, ഇതു പറഞ്ഞത്.

സമാധാനം നമ്മുടെ എല്ലാവരുടെയും അഭിലാഷമാണെന്നും പ്രശ്നരഹിതരായി സ്വസ്ഥമായിരിക്കാനാണ്, സമാധാനത്തിലായിരിക്കാനാണ് നാം എല്ലാവരും ആഗ്രഹിക്കുന്നതെന്നും പറഞ്ഞ പാപ്പാ, എന്നാൽ ഇവിടെ ക്രിസ്തു ചൂണ്ടിക്കാട്ടുന്നത്, സമാധാനത്തിലായിരിക്കുന്നവരല്ല പ്രത്യുത, സമാധാനം കെട്ടിപ്പടുക്കുന്നവരാണ്, സമാധാനത്തിൻറെ ശില്പികളാണ് ഭാഗ്യവാന്മാർ എന്നാണെന്ന് ഉദ്ബോധിപ്പിച്ചു.

പരിശ്രമവും സഹകരണവും ക്ഷമയും ആവശ്യമുള്ള ഒരോ നിർമ്മാണത്തെയും പോലെ കെട്ടിപ്പടുക്കേണ്ടതാണ് സമാധാനമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

സമാധാനം ഉന്നതത്തിൽ നിന്ന് വർഷിക്കപ്പെടണമെന്നാണ് നാം ആഗ്രഹിക്കുന്നതെന്നും എന്നാൽ വേദപുസ്തം സമാധനത്തിൻറെ വിത്തിനെക്കുറിച്ചാണ് പറയുന്നതെന്നും, കാരണം അത് ജീവിത മണ്ണിൽ നിന്നു മുളച്ചു വരേണ്ടതാണെന്നും പാപ്പാ പറഞ്ഞു.

അതുപോലെതന്നെ ശക്തിയും അധികാരവുംകൊണ്ട് സമാധാനം സമാഗതമാകുമെന്ന ഒരു ധാരണ നമുക്കുണ്ടെന്നും എന്നാൽ യേശുവാകട്ടെ ഈ ആശയത്തെ ചെറുക്കുന്നുവെന്നും പാപ്പാ വിശദീകരിച്ചു.

അവിടത്തെയും വിശുദ്ധരുടെയും ജീവിതം നമ്മോടു പറയുന്നത് സമാധാനത്തിൻറെ വിത്ത് വളരുന്നതിനും ഫലം പുറപ്പെടുവിക്കുന്നതിനും വേണ്ടി അത് ആദ്യം അഴിയേണ്ടിയിരിക്കുന്നുവെന്നാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ആരെയെങ്കിലും കീഴടക്കുകയൊ പരാജയപ്പെടുത്തുകയൊ ചെയ്തുകൊണ്ട് സമാധാനം പ്രാപിക്കാനാകില്ലെന്നും അത് ഒരിക്കലും അക്രമവും ആയുധവും കൊണ്ട് നേടാനാകില്ലെന്നും പാപ്പാ വ്യക്തമാക്കി.

ആകയാൽ സമാധാനസംസ്ഥാപകർ ആകണമെങ്കിൽ ആദ്യം, ഹൃദയത്തെ നിരായുധീകരിക്കേണ്ടത് ആവശ്യമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

സമാധാനസ്ഥാപകർ ആയിരിക്കുക, വിശുദ്ധരായിരിക്കുക എന്നത് നമ്മുടെ കഴിവല്ല, അത് കർത്താവിൻറെ ദാനമാണ്, കൃപയാണ് എന്നും പാപ്പാ ഓർമ്മിപ്പിച്ചു.

admin

Leave a Reply

Your email address will not be published. Required fields are marked *