പാപ്പാ: വിശ്വാസമെന്നത് നിരന്തരമായ ഒരു പുറപ്പാടാണ്.
പാപ്പാ: വിശ്വാസമെന്നത്
നിരന്തരമായ ഒരു
പുറപ്പാടാണ്!
വത്തിക്കാൻ സിറ്റി : റോമിലെ ഉർബാനൊ പൊന്തിഫിക്കൽ കോളേജിലെ വൈദികാർത്ഥികളും വൈദിക പരിശീലകരും റെക്ടറും ഉൾപ്പടെയുള്ള ഇരുനൂറോളം പേരെ ശനിയാഴ്‌ച (21/01/23) വത്തിക്കാനിൽ പേപ്പൽ ഭവനത്തിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ. വരാപ്പുഴ അതിരൂപത അംഗവും കേരളവാണി മുൻ റീജന്റുമായിരുന്നആഷ്‌ലിൻ എബ്രഹാം അവിടെ സന്നിഹിതനായിരുന്നു..
ദൈവത്തോടും സഹോദരങ്ങളോടും ചേർന്നു നിൽക്കുന്ന പ്രേഷിതശിഷ്യരായിത്തീരുന്നതിന് പരിശീലനത്തിൻറെ ആദ്യഘട്ടത്തിൽ ശ്രദ്ധിക്കേണ്ടതും ശക്തിപ്പെടുത്തേണ്ടതുമായ ഏറ്റം പ്രധാനപ്പെട്ട മൂന്നു കാര്യങ്ങൾ ആധികാരികമായിരിക്കനുള്ള ധൈര്യം, അഹത്തിൽ നിന്നു പുറത്തുകടക്കാനുള്ള കഴിവ്, സംഭാഷണത്തോടുള്ള തുറവ് എന്നിവയാണെന്ന് പാപ്പാ തദ്ദവസരത്തിൽ വിശദീകരിച്ചു.
പരിപൂർണ്ണരും കുറ്റമറ്റവരും വിധേയരും ആയി പ്രത്യക്ഷപ്പെടുന്നതിനായി ധരിക്കുന്ന മുഖംമൂടി വലിച്ചെറിയാനുള്ള ധൈര്യത്തിന് ആനുപാതികമായിട്ടാണ് ദൈവത്തോടും സഹോദരങ്ങളോടും നമ്മുടെ സാമീപ്യം സാക്ഷാത്കൃതമാകുകയെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. വചനപ്രവർത്തികളിലുള്ള പൊരുത്തമാണ് യേശുവിനെ ജനത്തിനു മുന്നിൽ വിശ്വാസയോഗ്യനാക്കിയതെന്ന് പാപ്പാ ഉദാഹരണമായി ചൂണ്ടിക്കാട്ടി.
വിശ്വാസമെന്നത് നിരന്തരമായ ഒരു പുറപ്പാടാണ്, നമ്മുടെ മാനസിക പദ്ധതികളിൽ നിന്നും നമ്മുടെ ഭയത്തിൻറെ വേലിക്കെട്ടിൽ നിന്നും നമ്മെ ധൈര്യപ്പെടുത്തുന്ന ചെറു സുനിശ്ചിതത്വങ്ങളിൽ നിന്നും പുറത്തുകടക്കലാണ് എന്ന് പാപ്പാ അവനവനിൽ നിന്ന് പുറത്തു കടക്കുക എന്ന രണ്ടാമത്തെ ഘടകം വിശകലനം ചെയ്തുകൊണ്ടു ഉദ്ബോധിപ്പിച്ചു.
ഈ പുറത്തുകടക്കലിൻറെ അഭാവത്തിൽ നമ്മൾ, ദൈവത്തെ നമ്മുടെ ആവശ്യങ്ങളുടെ പൂരണത്തിനുള്ള ഒരു ബിംബമായി ആരാധിക്കുന്ന അപകടത്തിൽ നിപതിക്കുമെന്ന് പാപ്പാ മുന്നറിയിപ്പു നല്കുകയും ചെയ്തു.
സംഭാഷണത്തോടുള്ള തുറവ് എന്ന മൂന്നാമത്തെ സവിശേഷതയെക്കുറിച്ച് വിശദീകരിച്ച പാപ്പാ പ്രാർത്ഥനയിൽ ദൈവവുമായുള്ള സംഭാഷണമാണ് പരമപ്രധാനം എന്ന് ഉദ്ബോധിപ്പിച്ചു. പ്രാർത്ഥനയും, ദൈവത്തെ സ്വീകരിക്കുന്നതിന് നമ്മുടെ അഹത്തിൽ നിന്നുള്ള പുറത്തു കടക്കലാണെന്നും നമ്മിൽ സംസാരിക്കുമ്പോൾ അവിടന്ന് നമ്മുടെ സ്വരം കേൾക്കുകയും ചെയ്യുന്നുണ്ടെന്നും പാപ്പാ പറയുന്നു. ദൈവവുമായുള്ള സംഭാഷണാനന്തരമാണ് സഹോദരങ്ങളുമായുള്ള സംഭാഷണമെന്നും ഇത് അപരനോടുള്ള മൗലികമായ തുറവാണെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു.