എബ്രഹാം മാടമാക്കൽ അവാർഡ് എം. മുകുന്ദന്.
എബ്രഹാം മാടമാക്കൽ അവാർഡ്
എം. മുകുന്ദന്.
കൊച്ചി: പത്രപ്രവർത്തകനും കവിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന എബ്രഹാം മാടമാക്കലിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള അവാർഡ് എഴുത്തുകാരൻ എം. മുകുന്ദന് നൽകാൻ എം.എം. ലോറൻസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നവോത്ഥാന സാംസ്കാരിക കേന്ദ്രത്തിന്റെ നിർവാഹക സമിതി യോഗം തീരുമാനിച്ചു.
എബ്രഹാം മാടമാക്കലിന്റെ അറുപതാം ചരമവാർഷികദിനമായ ഏപ്രിൽ 23ന് എറണാകുളം പബ്ലിക് ലൈബ്രറിയിൽ നടക്കുന്ന അനുസ്മരണ യോഗത്തിലാണ് അവാർഡ് സമ്മാനിക്കുന്നത്. വരാപ്പുഴ ആർച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യും. വ്യവസായ-നിയമവകുപ്പു മന്ത്രി പി. രാജീവ് അവാർഡ് സമ്മാനിക്കും. എബ്രഹാം മാടമാക്കൽ വിവർത്തനം ചെയ്ത ഖലീൽ ജിബ്രാൻ കവിതകളുടെ പുതിയ പതിപ്പ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രകാശനം ചെയ്യും. പ്രശസ്ത സിനിമ നടൻ ഇന്ദൻസ് അതിഥിയായി പങ്കെടുക്കും.
സത്യസന്ധതയും പ്രതിബദ്ധതയുമുള്ള എഴുത്തുകാരൻ എന്ന നിലയിൽ മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ കാഴ്ചയും ഭാഷയും തന്റെ എഴുത്തിൽ പ്രതിഫലിപ്പിക്കാൻ എം. മുകുന്ദനു കഴിഞ്ഞു. സ്വപ്നാത്മകഥയിൽനിന്ന് ജീവിതത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ എഴുതി കേരള സമൂഹത്തിന് വെളിച്ചം നൽകിയ എഴുത്തുകാരനാണ് എം. മുകുന്ദനെന്നും അവാർഡ് നിർണ്ണയസമിതി വിലയിരുത്തി. 25,000 രൂപയുടെ ക്യാഷ് അവാർഡും ശില്പവുമാണ് അവാർഡ് ജേതാവിന് സമ്മാനിക്കുന്നത്.
മുൻവർഷങ്ങളിൽ പ്രൊഫ. കെ. സച്ചിദാനനന്ദൻ, ഡോ. എം. ലീലാവതി, ടി. പത്മനാഭൻ, എൻ.എസ്. മാധവൻ, പ്രഭാവർമ്മ എന്നിവർക്കാണ് എബ്രഹാം മാടമാക്കൽ അവാർഡ് നൽകി നവോത്ഥാന സാംസ്കാരിക കേന്ദ്രം ആദരിച്ചിട്ടുള്ളത്.