സഭയും സമൂഹവും ജാഗ്രതയോടെ മുന്നേറേണ്ട കാലം മണിപ്പൂരില്‍ നടക്കുന്നത് നാളെ ഇവിടേയും സംഭവിക്കാം ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍
സഭയും സമൂഹവും ജാഗ്രതയോടെ
മുന്നേറേണ്ട കാലം
മണിപ്പൂരില്‍ നടക്കുന്നത് നാളെ
ഇവിടേയും സംഭവിക്കാം
ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍.
എറണാകുളം: മണിപ്പൂരില്‍ ക്രൈസ്തവസമൂഹങ്ങള്‍ക്കു നേരെ നടക്കുന്ന ആസൂത്രിത അക്രമങ്ങളില്‍ ശക്തമായി പ്രതികരിക്കാന്‍ തയ്യാറാകണമെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ പറഞ്ഞു. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളിലെയും ജാഗ്രതാ സമിതി അംഗങ്ങളുടെ സമ്മേളനവും ദ്വിദിന ശില്പശാലയും പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയും സമൂഹവും ജാഗ്രതയോടെയും ഐക്യത്തോടെയും മുന്നേറേണ്ട കാലമാണിത്. വിവേകവും വിശ്വാസവും കൈമുതലാക്കി പ്രതിബന്ധങ്ങളെ അതിജീവിക്കണം. മണിപ്പൂരില്‍ ഇപ്പോള്‍ നടക്കുന്നത് നാളെ ഇവിടേയും സംഭവിക്കാം. ലോകത്തിന്റെ ഏതോ കോണില്‍ നടക്കുന്ന സംഭവമായി കരുതി അതിനെ അവഗണിക്കരുത്. മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ കര്‍ത്താവ് പറഞ്ഞതുപോലെ ‘ ജാഗരൂകരായിരിക്കണം. ആ സമയവും മണിക്കൂറും നിങ്ങള്‍ക്കറിയില്ല’. ആഘാതങ്ങള്‍ എപ്പോഴാണ് സംഭവിക്കുക എന്നത് അറിയാത്ത കാലമായതിനാല്‍ എപ്പോഴും തയ്യാറായിരിക്കണം. ചെറുത്തു നില്‍പ്പിനുളള കരുത്തും കഴിവും ആര്‍ജിക്കണം. പ്രാര്‍ഥനയില്‍ ഐക്യപ്പെട്ട് വിശ്വാസം തകരാതെ സൂക്ഷിക്കണമെന്നും ആര്‍ച്ച്ബിഷപ് വ്യക്തമാക്കി.
പിഒസി, പാസ്റ്ററല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡീന്‍ ഓഫ് സ്റ്റഡീസ് ഫാ. ടോണി കോഴിമണ്ണില്‍ അധ്യക്ഷത വഹിച്ചു. കെസിബിസി ഐക്യജാഗ്രത കമ്മീഷന്‍ സെക്രട്ടറി, ഫാ. മൈക്കിള്‍ പുളിക്കല്‍, കേരള ലത്തീന്‍ സഭാ വക്താവ് ജോസഫ് ജൂഡ്, മലങ്കര സഭ പിആര്‍ഒ ഫാ. ബോവാസ് മാത്യു, സിറോമലബാര്‍ സഭ പബ്ലിക്ക് അഫയേഴ്സ് കമ്മീഷന്‍ സെക്രട്ടറി, ഫാ. ജെയിംസ് കൊക്കാവയലില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. വിനോദ് കെ ജോസ്, ആന്റോ അക്കര, മുന്‍ ഡിജിപി ഡോ. സിബി മാത്യൂസ്, സാബു എം. ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു. കെസിബിസി ഐക്യ – ജാഗ്രത ദിനാചരണം ജൂണ്‍ 24ന് നടന്നു. മതങ്ങളും സാമൂഹിക ഐക്യവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കെസിബിസി ഐക്യജാഗ്രത കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് ഉദ്ഘാടനം ചെയ്തു. സാമൂഹിക ഐക്യവും മതമൈത്രിയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സമുദായങ്ങള്‍ തമ്മിലുള്ള അകലം കുറയ്ക്കാനും, സമാധാന സംസ്ഥാപനത്തിനും ഏവരും കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹിം, പ്രഫ. കെ.പി. ശങ്കരന്‍, പ്രഫ. കെ.എം ഫ്രാന്‍സിസ്, ബെന്നി എം.വി, ഫാ. അഗസ്റ്റിന്‍ പാംപ്ലാനി എന്നിവര്‍ പ്രസംഗിച്ചു. ആനുകാലിക വിഷയങ്ങളും, സാമൂഹിക പ്രതിസന്ധികളും പ്രവര്‍ത്തന പദ്ധതികളുമായി ബന്ധപ്പെട്ട് വിവിധ കത്തോലിക്കാ സംഘടനകളുടെ നേതാക്കളുമായി രൂപത ജാഗ്രത സമിതി അംഗങ്ങള്‍ സംവദിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി സമാപന സന്ദേശം നല്‍കി.