ഐ.സി.പി.എ. വജ്രജൂബിലി ആഘോഷം കൊച്ചിയില്‍
ഐ.സി.പി.എ. വജ്രജൂബിലി ആഘോഷം
കൊച്ചിയില്‍
കൊച്ചി: ഇന്ത്യന്‍ കാത്തലിക് പ്രസ്സ് അസ്സോസ്സിയേഷന്‍റെ (ICPA ) വജ്രജൂബിലി ആഘോഷങ്ങളും, ദേശീയ കണ്‍വെന്‍ഷനും പുരസ്ക്കാരസമര്‍പ്പണവും, സെപ്റ്റംബര്‍ 22 മുതല്‍ 25 വരെ കച്ചേരിപ്പടി ആശീര്‍ഭവനില്‍ നടക്കും. സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും സത്യം പറയുകയെന്ന ദൗത്യം എന്നതാണ് ഇക്കൊല്ലത്തെ കണ്‍വെന്‍ഷന്‍റെ വിചിന്തന വിഷയം.
വെള്ളിയാഴ്ച അഞ്ചിനു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന ജൂബിലിസമ്മേളനത്തില്‍ പ്രസിഡന്‍റ് ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് അദ്ധ്യക്ഷത വഹിക്കും. വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ഹൈബി ഈഡന്‍ എം.പി, ബെല്ലാറി ബിഷപ്പ് ഡൊ. ഹെന്‍റി ഡിസൂസ, ആലുവ സെന്‍റ് സേവ്യേഴ്സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മിലന്‍ ഫ്രാൻസ്, ഇന്ത്യന്‍ കറന്‍റസ് എഡിറ്റര്‍ ഫാ. ഡോ. സുരേഷ് മാത്യു, ഫാ. ജോ എറുപ്പക്കാട്ട് തുടങ്ങിയവര്‍ ആശംസനേരും.
ശനിയാഴ്ച രാവിലെ ഒന്‍പതിന് (9 മണിക്ക്) ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ കൊല്‍ക്കട്ടയിലെ ദ് ടെലഗ്രാഫ് പത്രത്തിന്‍റെ എഡിറ്റര്‍ ആര്‍. രാജഗോപാല്‍, സുപ്രീം കോര്‍ട്ട് ഒബ്സര്‍വര്‍ എഡിറ്റർ ഇൻ ചീഫ് ലീന രഘുനാഥ്, പ്രസ്സ് കൗണ്‍സില്‍ മുന്‍ അംഗവും മുന്‍ എം.പിയുമായ അഡ്വ: ഡോ. സെബാസ്റ്റ്യന്‍ പോള്‍, ലയോള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ഇന്‍റര്‍നാഷണല്‍ ഡയറക്ടര്‍ ഫാ. ഡോ. ബിനോയ് പിച്ചളക്കാട്ട് എസ്.ജെ, സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള സി.ബി.സി.ഐ വിഭാഗത്തിന്‍റെ സെക്രട്ടറി ഫാ. ഡോ. ബിജു ആലപ്പാട് എന്നിവര്‍ വിഷയാവതരണം നടത്തും. മനുഷ്യാവകാശ പ്രവര്‍ത്തകനും, എഴുത്തുകാരനുമായ ഫാ. സെഡ്രിക് പ്രകാശ് എസ്.ജെ. യാണ് മോഡറേറ്റര്‍.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 65 പ്രതിനിധികളും, നൂറോളം പ്രത്യേക ക്ഷണിതാക്കളുമാണ് കണ്‍വെന്‍ഷനിലും മറ്റു പരിപാടികളിലും പങ്കെടുക്കുകയെന്ന് പ്രസിഡന്‍റ് ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസും, പ്രാദേശിക സംഘാടക സമിതി കണ്‍വീനര്‍ ഫാ. യേശുദാസ് പഴമ്പിള്ളിയും, പറഞ്ഞു. ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള പ്രൊഫഷണല്‍ മാദ്യമസംഘടനകളില്‍ ഒന്നാണ് 1963-ല്‍ മിഷണറിയും സജ്ജീവന്‍ (SANJEEVAN) എന്ന ഹിന്ദി വാരികയുടെ സ്ഥാപകനും, പത്രാധിപരുമായിരുന്ന ഫാ. ജോണ്‍ ബാരറ്റ് എസ്.ജെ. സ്ഥാപിച്ച ICPA.
ദേശീയ കണ്‍വെന്‍ഷനെ തുടര്‍ന്ന് നടക്കുന്ന പുരസ്ക്കാര സമര്‍പ്പണ സമ്മേളനം ജസ്റ്റിസ് സുനില്‍ തോമസ് (ജൂഡീഷ്യല്‍ മെമ്പര്‍ CAT) ഉദ്ഘാടനം ചെയ്യും. ഏഷ്യനെറ്റ് മാനേജിംഗ് എഡിറ്റര്‍ മനോജ് കെ. ദാസ്, എറണാകുളം മഹാരാജാസ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ മേരി മെറ്റില്‍ഡ തുടങ്ങിയവര്‍ ആശംസ നേരും.
ദലിത് /പിന്നോക്ക വിഭാഗങ്ങളെ കുറിച്ചുള്ള മികച്ച റിപ്പോര്‍ട്ടിംഗിന് സിസ്റ്റര്‍ റൊബാന്‍സി ഹെലന്‍,ഹിന്ദി സാഹിത്യത്തിനും ഹിന്ദി മാധ്യമ മേഖലയ്ക്കും നല്‍കിയ സംഭാവനകള്‍ക്ക് ജോസഫ് ഗത്തിയ, ധീരോദാത്തവും, നിരന്തരവും മാതൃകാപരവുമായ മാധ്യമപ്രവര്‍ത്തക മികവിന് ജോസ് കവി എന്നിവരാണ് പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങുക.
ചെറിയ വാര്‍ത്ത കത്തുകള്‍ മുതല്‍ ദിനപത്രങ്ങള്‍ വരെ അയ്യായിരത്തോളം പ്രസിദ്ധീകരണങ്ങള്‍ ഇന്ത്യയില്‍ കത്തോലിക്ക സഭയ്ക്കുണ്ടെന്നാണ് കണക്ക്. ICPA – യുടെ ചരിത്രത്തില്‍ ഇതു മൂന്നാം തവണയാണ് കൊച്ചിയില്‍ പ്ലീനറി സമ്മേളനവും ദേശീയ കണ്‍വെന്‍ഷനും നടക്കുക.