സഭാവാര്‍ത്തകള്‍ – 22. 10. 23
സഭാവാര്‍ത്തകള്‍ – 22. 10. 23
വത്തിക്കാൻ വാർത്തകൾ
ഗാസയിലെ സാധാരണക്കാർക്ക് ധൈര്യം പകർന്ന് ഫ്രാൻസിസ് പാപ്പായുടെ ഫോൺകോൾ
വത്തിക്കാൻ സിറ്റി : ഇസ്രായേൽ പലസ്തീൻ യുദ്ധ സാഹചര്യത്തിൽ ഏറെ ദുരിതങ്ങൾ അനുഭവിക്കുന്ന ഗാസയിലെ ജനങ്ങൾക്ക് ആശ്വാസവും ധൈര്യവും പകർന്നു കൊണ്ട് ഫ്രാൻസിസ് പാപ്പാ ഗാസയിലെ ലത്തീൻ പള്ളിയിലെ വികാരിയെയും, സമർപ്പിതരെയും ഫോണിൽ ബന്ധപെട്ടു സംസാരിച്ചു. എല്ലാവർക്കും തന്റെ ആശീർവാദം നൽകുകയും, യുദ്ധത്തിന്റെ അവസാനത്തിന് തന്റെ പ്രാർത്ഥനകൾ പാപ്പാ ഉറപ്പു നൽകുകയും ചെയ്തു. പാപ്പായുടെ ഫോൺകോളിൽ ഏറെ സന്തോഷം ഉണ്ടെന്നും, ഞങ്ങളുടെ കഷ്ടപ്പാടുകൾ പാപ്പാ അറിയുന്നുവെന്നുള്ള അദ്ദേഹത്തിന്റെ വാക്കുകളിൽ അഭിമാനമുണ്ടെന്നും സിസ്റ്റർ നബീല സാലിഹ് പറഞ്ഞു. പലസ്തീനിലെ ഹമാസ് തീവ്രവാദികളുടെ ആക്രമണത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട ഇസ്രായേൽ പാലസ്തീൻ സംഘർഷത്തിൽ ഏറെ ദുരിതമനുഭവിക്കുന്നത് ഗാസയിലെ നിഷ്കളങ്കരായ സാധാരണക്കാരാണ്. ഇവർക്ക് ഏറെ സഹായമാകുന്ന കേന്ദ്രമാണ് ഗാസയിലെ ദേവാലയങ്ങൾ.
അതിരൂപത വാർത്തകൾ
പശ്ചിമേഷ്യയിൽ സമാധാനത്തിനായി ലത്തീൻ കത്തോലിക്ക ബിഷപ്പ് മാരുടെ നേതൃത്വത്തിൽ പ്രാർത്ഥന യജ്ഞം നടത്തി.
കൊച്ചി : മനുഷ്യമനസാക്ഷിക്ക് മുറിവേൽപ്പിക്കുന്ന വിധം പശ്ചിമേഷ്യയിൽ യുദ്ധം നടത്തപ്പെടുന്നതു വഴി അനേകം മനുഷ്യ ജീവൻ ബലികഴിപ്പിക്കപ്പെടുകയും കുഞ്ഞുങ്ങൾക്ക് ദാരുണ മരണം സംഭവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തിൽ യുദ്ധം അവസാനിക്കപ്പെടാനും സമാധാനം പുനഃസ്ഥാപിക്കപ്പെടാനും വേണ്ടി കേരള ലത്തീൻ കത്തോലിക്കാ മെത്രാൻസമിതിയുടെ ആഭിമുഖ്യത്തിൽ ഒക് ടോബര്‍ 17 ചൊവ്വാഴ്ച്ച
വൈകിട്ട് അഞ്ചിന് വരാപ്പുഴ ആസ്ഥാന ദേവാലയമായ എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വച്ച് പ്രാർത്ഥനാ യജ്ഞം നടത്തി.
വനിത ശാക്തീകരണത്തിന്റെ കേരളക്കരയിലെ നവോത്ഥാന നായിക മദർ എലീശ്വായുടെ 192-ാം ജനമിദിനം ജന്മനാട്ടിൽ ആഘോഷിച്ചു.
കൊച്ചി : ഭാരതത്തിലെ പ്രഥമ തദേശീയ സന്യാസിനിയും ഭാരതത്തിലെ പ്രഥമ തദേശീയ സന്യാസിനി സഭ സ്ഥാപികയുമായ മദർ ഏലീശ്വ വൈപ്പിൻ കുരിശിങ്കൽ കപ്പിത്താൻ പള്ളി ഇടവകയിൽ പിറന്നിട്ട് 192 വർഷം തികഞ്ഞു. സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ കേരളത്തിൽ ആരംഭിച്ചത് മദർ ഏലീശ്വയാണ്. പാചകവിദ്യ, കരകൗശല വസ്തു നിർമ്മാണം, കൊന്ത കെട്ട്, ഉത്തരിയ നിർമ്മാണം മുതലായ തൊഴിലുകൾ സ്ത്രീകളെ പഠിപ്പിച്ചു. ഇവ അവർക്ക് ഒരു വരുമാന മാർഗമായി മാറി. ഒക്ടോബർ പതിനാറാം തീയതി കാലത്ത് 7 മണിക്ക് സിറ്റിസി സഭ അംഗങ്ങളുടെയും ഇടവക അംഗങ്ങളുടെയും നേതൃത്വത്തിൽ കൃതജ്ഞത ബലി അർപ്പിച്ചു. എലീശ്വാ അമ്മയുടെ ചിത്രം കുരിശിങ്കൽ കപ്പിത്താൻ പള്ളി വികാരി റവ. ഫാ ആന്റണി ചെറിയകടവിൽ അനാചാധനം ചെയ്തു.