ആർച്ച്ബിഷപ്പ് ബെച്ചിനെല്ലിയുടെ സേവനങ്ങൾ അതുല്യം: ഡോ.ശശി തരൂർ എം പി
ആർച്ച്ബിഷപ്പ് ബെച്ചിനെല്ലിയുടെ സേവനങ്ങൾ
അതുല്യം: ഡോ.ശശി തരൂർ എം പി.
കൊച്ചി : ദൈവത്തെയും മനുഷ്യനെയും ഒരുപോലെ സ്നേഹിക്കാൻ പഠിപ്പിച്ച മഹാമിഷനറിയായിരുന്നു ആർച്ച്ബിഷപ് ബെർണദിൻ ബെച്ചിനെല്ലി എന്ന്
ഡോ.ശശി തരൂർ എംപി അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത കെ.സി.വൈ.എം സംഘടിപ്പിച്ച ആർച്ബിഷപ് ബെർണദിൻ ബെച്ചിനെല്ലി മെമ്മോറിയൽ പള്ളിക്കൂടം ക്വിസ് മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാണിരുന്ന കാലത്ത് ജാതിമതഭേദമന്യേ എല്ലാവർക്കും തുല്യമായ വിദ്യാഭ്യാസം നൽകിയ അദ്ദേഹത്തിന്റെ ക്രാന്തദർശനങ്ങൾ വിസ്മരിക്കാനാവാത്തതാണ്. ഓരോ പള്ളിയോടൊപ്പവും പള്ളിക്കൂടങ്ങൾ നിർമ്മിക്കാൻ 1857 ൽ ആഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം പുറപ്പെടുവിച്ച കൽപ്പന കേരളത്തിന്റെ നവോത്ഥാനരംഗത്ത് നാഴികക്കല്ലായി മാറി.ചരിത്രബോധമുള്ള തലമുറയാണ് ഇന്ന് നാടിന് ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് ആഷ്ലിൻ പോൾ അധ്യക്ഷത വഹിച്ചു.
ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായിരുന്നു.വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ.മാത്യു കല്ലിങ്കൽ,സെന്റ് ആൽബർട്ട്സ് കോളേജ് ഡയറക്ടർ ഫാ.ആൻ്റണി തോപ്പിൽ.അതിരൂപത യുവജന കമ്മീഷൻ ഡയറക്ടർ ഫാ.ജിജു തിയ്യാടി,പള്ളിക്കൂടം ക്വിസ് മത്സരം കൺവീനർ ഹൈന വി എഡ്വിൻ,അതിരൂപത ജനറൽ സെക്രട്ടറി രാജീവ് പാട്രിക് എന്നിവർ സംസാരിച്ചു. വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. ഫൈനലിൽ – കാക്കനാട് അസീസി വിദ്യാനികേതൻ പബ്ലിക് സ്കൂൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി.
രണ്ടാം സ്ഥാനം കളമശ്ശേരി രാജഗിരി ഹയർസെക്കൻഡറി സ്കൂളും മൂന്നാം സ്ഥാനം പെരുമ്പിള്ളി അസീസി വിദ്യാനികതൻ പബ്ലിക് സ്കൂളും കരസ്ഥമാക്കി