*സഭാവാര്‍ത്തകള്‍ – 03.12. 23
*സഭാവാര്‍ത്തകള്‍ – 03.12. 23
വത്തിക്കാൻ വാർത്തകൾ
‘മുഖമില്ലാത്തവരുടെ മുഖം’ : സിനിമയ്ക്ക് പാപ്പായുടെപ്രാര്‍ത്ഥനാശംസകള്‍
വത്തിക്കാന്‍ സിറ്റി : 2023 നവംബര്‍ 13 ന് ഇന്ത്യയില്‍ റിലീസ് ചെയ്ത ചിത്രമാണ് ” ഫെസ് ഓഫ് ദി ഫെയ്സ് ലെസ് അഥവാ ‘മുഖമില്ലാത്തവരുടെ മുഖം’. 2017 നവംബര്‍ മാസം നാലാം തീയതി വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ട ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്ന്യാസ സഭയിലെ അംഗമായ രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഒരു കന്യാസ്ത്രീയുടെ ജീവിതത്തെ ആസ്പദമാക്കി ആദ്യമായിട്ടാണ് ഇന്ത്യന്‍ ഭാഷയില്‍ സിനിമ ചിത്രീകരിക്കുന്നത്. മതത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് ഉയര്‍ന്നുവന്ന, സാര്‍വലൗകികത തിരിച്ചറിഞ്ഞ ഒരു സ്ത്രീയായിരുന്നു സിസ്റ്റര്‍ റാണി മരിയ. ഇന്ത്യന്‍ സംസ്ഥാനമായ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിനിടയില്‍ ജീവിച്ചുകൊണ്ട് മാനവികതയുടെ ഉന്നമനത്തിനായി നിസ്വാര്‍ത്ഥമായി പരിശ്രമിക്കുകയും, ജീവിതത്തിലെ പരിതാപകരമായ അവസ്ഥകളെ തരണം ചെയ്യുവാന്‍ പാവങ്ങളായ ആളുകള്‍ക്ക് സഹായം നല്‍കുകയും ചെയ്തതിന്റെ പേരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട സി.റാണി മരിയയെ, ഇന്നും ‘ഇന്‍ഡോര്‍ രാജ്ഞി’ എന്ന നിലയിലാണ് ഗ്രാമവാസികളെല്ലാവരും അഭിമാനത്തോടുകൂടി ഓര്‍ക്കുന്നത്. രണ്ടു മണിക്കൂറോളം ദൈര്‍ഘ്യമുള്ള സിനിമയില്‍ ഇന്ത്യയിലെ 16 സംസ്ഥാനങ്ങളില്‍ നിന്നുള്ള അഭിനേതാക്കളാണ് വേഷമിട്ടിരിക്കുന്നത്. നിരവധി പുരസ്‌കാരങ്ങളും ഫെസ് ഓഫ് ദി ഫെയ്സ് ലെസ്’ ഇതിനോടകം നേടിക്കഴിഞ്ഞു.
അതിരൂപത വാർത്തകൾ
റവ.ഡോ.അംബ്രോസ് പുത്തന്‍വീട്ടില്‍ കോട്ടപ്പുറം ബിഷപ്പ്
കോട്ടപ്പുറം : റവ.ഡോ.അംബ്രോസ് പുത്തന്‍വീട്ടിലിനെ കോട്ടപ്പുറം രൂപതയുടെ ബിഷപ്പായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം വത്തിക്കാനിലും കോട്ടപ്പുറം ബിഷപ്പ്‌സ് ഹൗസിലും നടന്നു. ചെട്ടിക്കാട് സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രത്തിന്റെ റെക്ടറും വികാരിയുമായി സേവനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടപ്പുറം രൂപതയിലെ പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക ഇടവകയില്‍ പരേതരായ പുത്തന്‍വീട്ടില്‍ റോക്കിയുടെയും മറിയത്തിന്റെയും മകനാണ് നിയുക്ത മെത്രാന്‍ റവ.ഡോ.അംബ്രോസ്.
ജനജാഗരം – ലത്തീന്‍ കത്തോലിക്കാ ദിനാചരണം ഡിസംബര്‍ 3 ന് എറണാകുളത്ത്
കൊച്ചി : ലത്തീന്‍ കത്തോലിക്കാ ദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന ജനജാഗരം ബോധന പരിപാടി വരാപ്പുഴ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ മൂന്നിന് ഞായറാഴ്ച മൂന്നുമണിക്ക് എറണാകുളം ഇന്‍ഫന്റ് ജീസസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെആര്‍എല്‍സി ബിസി പ്രസിഡന്റ് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിക്കും. പ്രാതിനിധ്യവും പങ്കാളിത്തവും അധികാരത്തിലും ഉദ്യോഗത്തിലും’ എന്നതാണ് സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. ലത്തീന്‍ സമൂഹത്തിന്റെ ശക്തികരണത്തിനായി സമുദായംഗങ്ങളെ ജാഗരൂകരാക്കുകയാണ് ജനജാഗര പരിപാടിയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു.