“മുഖമില്ലാത്തവരുടെ മുഖം” : സിനിമയ്ക്ക് പാപ്പായുടെ പ്രാര്‍ത്ഥനാശംസകള്‍
“മുഖമില്ലാത്തവരുടെ മുഖം” : സിനിമയ്ക്ക് പാപ്പായുടെ
പ്രാര്‍ത്ഥനാശംസകള്‍
വത്തിക്കാൻ സിറ്റി : 2023 നവംബര്‍ 13 ന് ഇന്ത്യയില്‍ റിലീസ് ചെയ്ത ചിത്രമാണ് ‘‘ഫേസ് ഓഫ് ദി ഫെയ് സ്‌ലെസ്” അഥവാ “മുഖമില്ലാത്തവരുടെ മുഖം”. 2017 നവംബര്‍ മാസം നാലാം തീയതി വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ട ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്ന്യാസ സഭയിലെ അംഗമായ രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഒരു കന്യാസ്ത്രീയുടെ ജീവിതത്തെ ആസ്പദമാക്കി ആദ്യമായിട്ടാണ് ഇന്ത്യന്‍ ഭാഷയില്‍ സിനിമ ചിത്രീകരിക്കുന്നത്. മതത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് ഉയര്‍ന്നുവന്ന, സാര്‍വലൗകികത തിരിച്ചറിഞ്ഞ ഒരു സ്ത്രീയായിരുന്നു സിസ്റ്റര്‍ റാണി മരിയ. ഇന്ത്യന്‍ സംസ്ഥാനമായ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിനിടയില്‍ ജീവിച്ചുകൊണ്ട് മാനവികതയുടെ ഉന്നമനത്തിനായി നിസ്വാര്‍ത്ഥമായി പരിശ്രമിക്കുകയും, ജീവിതത്തിലെ പരിതാപകരമായ അവസ്ഥകളെ തരണം ചെയ്യുവാന്‍ പാവങ്ങളായ ആളുകള്‍ക്ക് സഹായം നല്‍കുകയും ചെയ്തതിന്റെ പേരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട സി.റാണി മരിയയെ, ഇന്നും ‘ഇന്‍ഡോര്‍ രാജ്ഞി’ എന്ന നിലയിലാണ് ഗ്രാമവാസികളെല്ലാവരും അഭിമാനത്തോടുകൂടി ഓര്‍ക്കുന്നത്. രണ്ടു മണിക്കൂറോളം ദൈര്‍ഘ്യമുള്ള സിനിമയില്‍ ഇന്ത്യയിലെ 16 സംസ്ഥാനങ്ങളില്‍ നിന്നുള്ള അഭിനേതാക്കളാണ് വേഷമിട്ടിരിക്കുന്നത്. നിരവധി പുരസ്‌കാരങ്ങളും ഫേസ് ഓഫ് ദി ഫെയ് സ്‌ലെസ് ഇതിനോടകം നേടിക്കഴിഞ്ഞു. സാന്ദ്ര ഡിസൂസ റാണയുടെ നിര്‍മാണത്തില്‍ ഷൈസണ്‍ പി. ഔസേഫാണ് ചിത്രത്തിന്റെ സംവിധായകന്‍. ജയപാല്‍ ആനന്ദാണ് തിരക്കഥ എഴുതിയിരിക്കുന്നത്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ജേതാവായ വിന്‍സി അലോഷ്യസാണ് സിനിമയില്‍ സിസ്റ്റര്‍. റാണി മരിയയായി വേഷമിട്ടിരിക്കുന്നത്. പദ്മശ്രീ കൈതപ്രത്തിന്റെ വരികള്‍ക്ക് നിരവധി ഇന്ത്യന്‍ സിനിമകള്‍ക്കു സംഗീതം നല്‍കിയ അല്‍ഫോന്‍സ് ജോസഫാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.