മിഷനറിമാരെ സംബന്ധിച്ച് മാര്‍ റാഫേല്‍ തട്ടിലിന്റെ പ്രസ്താവന ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ തമസ്‌ക്കരിക്കുന്നത് : കെ.ആര്‍.എല്‍.സി.സി.

 മിഷനറിമാരെ സംബന്ധിച്ച് മാര്‍ റാഫേല്‍ തട്ടിലിന്റെ പ്രസ്താവന ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ തമസ്‌ക്കരിക്കുന്നത് : കെ.ആര്‍.എല്‍.സി.സി.

മിഷനറിമാരെ സംബന്ധിച്ച് മാര്‍ റാഫേല്‍ തട്ടിലിന്റെ പ്രസ്താവന

ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ തമസ്‌ക്കരിക്കുന്നത് :

കെ.ആര്‍.എല്‍.സി.സി.

കൊച്ചി: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മിഷനറിമാരെ സംബന്ധിച്ച് തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധവും, ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ തമസ്‌ക്കരിക്കുന്നതും, മിഷണറിമാരുടെ സംഭാവനകളെ നിരാകരിക്കുന്നതുമാണ്. ഇന്നത്തെ സീറോ മലബാര്‍ സഭയ്ക്ക് കത്തോലിക്ക വിശ്വാസത്തിലധിഷ്ഠിതമായ ശക്തമായ അടിത്തറ പകര്‍ന്നു നല്കിയതും ആഗോള കത്തോലിക്കാ സഭയുടെ ഒത്തൊരുമയില്‍ ചേര്‍ന്നു നില്‍ക്കാനുള്ള അവസരം സംലഭ്യമാക്കിയതും മിഷണറിമാരായിരുന്നുവെന്ന ചരിത്ര സത്യം ആരും തന്നെ വിസ്മരിക്കരുതെന്നും കെ.ആര്‍.എല്‍.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് പറഞ്ഞു.

പതിറ്റാണ്ടുകളായി അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ആണ്ടുകിടന്നിരുന്ന സമൂഹത്തിന് ക്രൈസ്തവ മൂല്യങ്ങളും കൂദാശകളുടെ പൂര്‍ണ്ണതയും, ദൈവശാസ്ത്രത്തിന്റെയും ആധ്യാത്മികതയുടെയും അജപാലന-പ്രേഷിതത്വ സംവിധാനങ്ങളുടെയും കെട്ടുറപ്പും നല്‍കി പരിപോഷിപ്പിച്ചത് മിഷനറിമാരാണെന്നും, സീറോ മലബാര്‍ സഭ ഇന്നു കൈവരിച്ചിട്ടുള്ള വളര്‍ച്ചയ്ക്ക് മിഷണറിമാരോട് ഏറെ കടപ്പെട്ടിരിക്കുകയാണ് വേണ്ടതെന്നും പത്രക്കുറിപ്പില്‍ പറയുന്നു. കത്തോലിക്കാ സഭയിലെ അത്യുന്നത പദവിയിലുള്ള മാര്‍ റാഫേല്‍ തട്ടിലില്‍ നിന്നും സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും ഐക്യത്തിന്റെയും വാക്കുകളാണ് പൊതു സമൂഹം പ്രതീക്ഷിക്കുന്നതെന്നും എല്ലാവരെയും ചേര്‍ത്തു നിറുത്തേണ്ട മാര്‍ തട്ടിലില്‍ നിന്നുണ്ടാകുന്ന ഇത്തരം പ്രസ്താവനകള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതും കേരള കത്തോലിക്ക സഭയില്‍ നിലനില്ക്കുന്ന പാരസ്പര്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന തിരിച്ചറിവ് ഉണ്ടാകേണ്ടത് ആവശ്യമാണെന്നും പത്രക്കുറിപ്പ് പറയുന്നു.

അതുപോലെ, വിദ്വേഷവും വെറുപ്പും നിറഞ്ഞ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ഇടയ്ക്കിടെ തന്റെ പ്രസംഗത്തിന്റെ ശൈലിയാക്കുന്നത് ഉചിതമാണോയെന്ന് ഉന്നതസ്ഥാനീയനായ മാര്‍ തട്ടില്‍ തന്നെ സ്വയം വിലയിരുത്തി തിരുത്തലുകള്‍ വരുത്തേണ്ടതാണെന്നും, കയ്യടി നേടുന്നതിനായി വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്ന വാക്കുകള്‍ നിറുത്തേണ്ടതാണെന്നും പത്രക്കുറിപ്പ് ഓര്‍മ്മപ്പെടുത്തുന്നു. താന്‍ ഉള്‍പ്പെട്ട സീറോമലബാര്‍ സഭയില്‍ മാത്രമല്ല, കത്തോലിക്കാ സഭയിലും പൊതുസമൂഹത്തിലും ഐക്യത്തിന്റെയും പാരസ്പര്യത്തിന്റെയും സാന്ത്വനത്തിന്റെയും വെളിച്ചം പകരാനാണ് മാര്‍ റാഫേല്‍ തട്ടില്‍ ശ്രദ്ധിക്കേണ്ടതെന്നും, താന്‍ വഹിക്കുന്ന പദവിയുടെ വലുപ്പവും മഹത്വവും ഔന്നത്യം എന്നും ഓര്‍ക്കേണ്ടതാണെന്നും കെ.ആര്‍.എല്‍.സി.സി. പത്രക്കുറിപ്പിലൂടെ പ്രതികരിക്കുന്നു.

admin

Leave a Reply

Your email address will not be published. Required fields are marked *